ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ രോഹിത് ശർമ ഇഷാൻ കിഷനെ ഉപയോഗിച്ച രീതിയെ വിമർശിച്ചത് രംഗത്തെത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. മത്സരത്തിൽ ഇന്ത്യയ്ക്കായി ഏഴാമനായി ആയിരുന്നു ഇഷാൻ കിഷാൻ ബാറ്റിംഗിനിറങ്ങിയത്. ഇതിനെ വിമർശിച്ചുകൊണ്ടാണ് കുംബ്ലെ രംഗത്ത് വന്നിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ ഇഷാൻ കിഷനെ നേരത്തെ തന്നെ ഇറക്കാൻ തയ്യാറാവണമായിരുന്നു എന്നാണ് കുംബ്ലെ പറയുന്നത്. ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടമായ ശേഷം പെട്ടെന്ന് റൺസ് നേടുന്ന ഒരു ബാറ്ററെ ആവശ്യമായിരുന്നു. ഈ സമയത്തായിരുന്നു ഇഷാൻ കിഷനെ ഇറക്കേണ്ടത് എന്നാണ് കുംബ്ലെയുടെ പക്ഷം.
അജിങ്ക്യ രഹാനയ്ക്ക് ശേഷം ആറാമനായി ഇഷാൻ കിഷൻ ക്രീസിലേത്തും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശേഷം രവീന്ദ്ര ജഡേജയായിരുന്നു ക്രീസിലേക്ക് എത്തിയത്. ഇതു തന്നെ അത്ഭുതപ്പെടുത്തി എന്നാണ് കുംബ്ലെ പറയുന്നത്. “ആറാം നമ്പരിൽ അനുയോജ്യനായ ക്രിക്കറ്റർ ഇഷാൻ കിഷൻ തന്നെയായിരുന്നു. അതിവേഗത്തിൽ റൺസ് കണ്ടെത്തുന്നതിനെപ്പറ്റി ഇന്ത്യ ചിന്തിക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്. ആ സമയത്ത് ഇന്ത്യയുടെ ലീഡ് 200 റൺസ് കഴിഞ്ഞിരുന്നു. ഈ സന്ദർഭത്തിൽ ഇഷാൻ കിഷനെ ഇറക്കുകയായിരുന്നുവെങ്കിൽ അയാളുടെ കാലിബർ തെളിയിക്കാനുള്ള ഒരു അവസരം കൂടി അയാൾക്ക് ലഭിച്ചേനെ.”- കുംബ്ലെ പറയുന്നു.
മത്സരത്തിൽ വിരാട് കോഹ്ലി പുറത്തായ ശേഷമായിരുന്നു ഇഷാൻ ക്രീസിലേക്ക് എത്തിയത്. എന്നാൽ ഈ സമയത്ത് ഒരുപാട് സമ്മർദം ഇഷാനെ ബാധിക്കുകയും ചെയ്തു. നേരിട്ട ആദ്യത്തെ 19 പന്തുകളിൽ താരത്തിന് ഒരു റൺ പോലും നേടാൻ സാധിച്ചില്ല. 20ആമത്തെ പന്തിലായിരുന്നു ഇഷാൻ കിഷൻ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ റൺ സ്വന്തമാക്കിയത്. എന്നാൽ ഇതിന് തൊട്ടു പിന്നാലെ രോഹിത് ശർമ ഇന്ത്യയുടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരം കിഷന് ലഭിച്ചില്ല.
എന്നിരുന്നാലും മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം ഒരുപാട് തൃപ്തമാണ്. മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 141 റൺസിനുമാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ബോളിങ്ങിലും ബാറ്റിങ്ങിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ഇന്ത്യയുടെ ഈ തകർപ്പൻ വിജയം. ഇന്ത്യയ്ക്കായി ജയസ്വാളും രോഹിത് ശർമയും ബാറ്റിംഗിൽ തിളങ്ങിയപ്പോൾ അശ്വിനും ജഡേജയും ബോളിങ്ങിൽ മികവ് കാട്ടുകയായിരുന്നു.