3 മത്സരങ്ങളിൽ 5 വിക്കറ്റുകൾ, തൊട്ടുപിന്നാലെ മിന്നുമണി ഏഷ്യൻ ഗെയിംസ് ടീമിലും.. അഭിമാനനിമിഷം.

ഇന്ത്യൻ ടീമിനായി തന്റെ അരങ്ങേറ്റ പരമ്പരയിൽ വമ്പൻ പ്രകടനം തന്നെയായിരുന്നു മലയാളി താരം മിന്നുമണി കാഴ്ചവച്ചത്. ഇതിന് പിന്നാലെ ഏഷ്യൻ ഗെയിംസിനായുള്ള ഇന്ത്യൻ ടീമിലും ഇടം പിടിച്ചിരിക്കുകയാണ് കേരളത്തിന്റെ അഭിമാന താരം. സൂപ്പർ താരം ഹർമൻപ്രീറ്റ് കോറിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന ശക്തമായ ഇന്ത്യൻ നിരയാണ് ഇത്തവണ ഏഷ്യൻ ഗെയിംസിനായി പുറപ്പെടുന്നത്. ഇതിലാണ് കേരള താരവും ഇടം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ കഴിഞ്ഞ ട്വന്റി20 പരമ്പരയിലൂടെയായിരുന്നു വയനാട്ടുകാരിയായ മിന്നുമണി അന്താരാഷ്ട്ര ക്രിക്കറ്റിൽ സാന്നിധ്യമായി മാറിയത്.

വനിതാ ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ച ആദ്യത്തെ കേരള താരമായി മിന്നുമണി മാറുകയും ചെയ്തിരുന്നു. പരമ്പരയിലെ മൂന്നു മത്സരങ്ങളിലും മികവാർന്ന ബോളിംഗ് പ്രകടനമാണ് മിന്നുമണി കാഴ്ചവച്ചത്. തന്നെ വിശ്വസിച്ച ഇന്ത്യൻ ടീമിനായി 100%വും നീതി പുലർത്താൻ മിന്നുമണിക്ക് സാധിച്ചു. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ ബോളറായി മിന്നുമണി മാറുകയും ചെയ്തിരുന്നു. പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകളാണ് ഈ കേരള താരം സ്വന്തമാക്കിയത്. ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് മിന്നുമണിയെ ഇന്ത്യ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

2023 വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച ഒരുപാട് താരങ്ങൾ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് അടക്കമുള്ള താരങ്ങളെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. സ്മൃതി മന്ദനയാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ ഉപനായകൻ. എന്നിരുന്നാലും രേണുക സിംഗ്, യാഷ്ടിക ഭാട്ടിയ, ശിഖ പാണ്ടെ തുടങ്ങിയ പ്രമുഖ താരങ്ങളൊന്നും ടീമിൽ ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 8 വരെയാണ് ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് ചൈനയിൽ നടക്കുന്നത്. വനിതാ സെലക്ഷൻ കമ്മിറ്റിയാണ് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ട്വന്റി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. വനിതകളുടെ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ 28 വരെയാണ് നടക്കുക. ഇതാദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ തങ്ങളുടെ ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തുന്നത്.