ഇത്തവണത്തെ ലോകകപ്പിൽ വളരെ മോശംപ്രകടനമാണ് ഇന്ത്യൻ സഹനായകൻ രാഹുൽ കാഴ്ചവെക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ചെറിയ സ്കോറില്‍ പുറത്തായതിനെ തുടര്‍ന്ന് താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ആദ്യ മത്സരത്തിൽ നാല് റൺസും രണ്ടാം മത്സരത്തിൽ കുഞ്ഞൻ ടീമായ നെതർലാൻഡ്സിനെതിരെ 9 റൺസും മാത്രമാണ് രാഹുൽ നേടിയത്.
താരം മോശം ഫോമിലൂടെ കടന്നു പോകുന്നതിനാൽ ഓപ്പണിങ്ങിൽ ഋഷബ് പന്തിനെ കൊണ്ടുവരണമെന്ന അഭിപ്രായമാണ് ഇപ്പോൾ എല്ലാവരും ഉയർത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ മോശം ഫോമിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ സ്പിന്നറും പരിശീലകനുമായ അനിൽ കുംബ്ലെ. രാഹുൽ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് വേണ്ടി കളിക്കുമ്പോൾ രാഹുലിന്റെ പരിശീലകൻ ആയിരുന്നു കുംബ്ലെ. രാഹുലിന്റെ ബാറ്റിംഗ് മികവിന്റെ കാര്യത്തിൽ ഒരു സംശയവും തനിക്കില്ല എന്നാണ് കുംബ്ലെ പറഞ്ഞത്.
“പഞ്ചാബ് കിംഗ്സിനായി അവൻ ഐപിഎല്ലിൽ കളിക്കുമ്പോൾ എന്തുകൊണ്ടാണ് ശ്രദ്ധയോടെ ഇന്നിങ്സ് പടുത്തുയർത്തിയത് എന്ന് എനിക്ക് മനസ്സിലാകാൻ സാധിക്കും. അവിടെ ഞങ്ങളുടെ ആശയവിനിമയം വ്യത്യസ്തമായിരുന്നു. ഞങ്ങൾ അവിടെ രാഹുലിനോട് പറയാറുള്ളത് ടീമിലെ മികച്ച താരം നിങ്ങളാണെന്നും ക്രീസിൽ എത്തിയാൽ സാധാരണത്തേതു പോലെ ബാറ്റ് ചെയ്യണമെന്നുമാണ്. ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിക്കാനും പറഞ്ഞിരുന്നു. പവർപ്ലെയിൽ രാഹുലിനെ ആർക്കും പിടിച്ചു നിർത്താൻ സാധിക്കില്ല. പക്ഷേ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ ബാറ്റിങ് ലൈൻഅപ്പ് പരിഗണിച്ചും നായകൻ ആയതിനാലും കൂടുതൽ സമയം ബാറ്റ് ചെയ്യേണ്ടതും ആവശ്യമാണ്. ”
”കളിക്കളത്തിന് പുറത്തുവച്ച് എന്ത് പറയാനും സാധിക്കും. പക്ഷേ ഫീൽഡിലെ കാര്യങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റുകളെ പോലെയല്ല ഇന്ത്യൻ ടീമിൽ അവന്റെ റോൾ വ്യത്യാസമാണ്. ക്രീസിൽ എത്തി മികച്ച രീതിയിൽ ബാറ്റ് ചെയ്യുക എന്ന റോളിൽ ഞാൻ പരിശീലകനായി ഇരിക്കുമ്പോഴും മാറ്റങ്ങൾ ഒന്നും വരുത്താൻ നോക്കിയിരുന്നില്ല. കാരണം യഥാർത്ഥ രാഹുൽ എങ്ങനെയാണോ അങ്ങനെ വേണം എന്നായിരുന്നു എനിക്ക്. എന്തുതന്നെയായാലും അവൻ സ്വിച്ച് ഓൺ ആവുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്യും. അവൻ വളരെ പെട്ടെന്ന് തന്നെ ഫോമിലേക്ക് തിരിച്ചുവരും. നമ്മൾ അവനെ ഉപദേശിക്കാൻ പോവുകയോ ഒന്നും ആവശ്യമില്ല. അവന്‍ മനസ്സുവെച്ചാൽ മാത്രമേ കഴിയൂ.”- കുംബ്ലെ പറഞ്ഞു
ഐപിഎല്ലിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാഹുലിന്‍റെ ബാറ്റിംഗ് നമ്മള്‍ കണ്ടതാണ്. നെറ്റ് റണ്‍റേറ്റ് കൂട്ടി എന്താണ് തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് രാഹുല്‍ കാട്ടിയതാണ്. മികച്ച രാജ്യാന്തര ബൗളർമാരുള്ള ചെന്നൈ താരങ്ങളെ എല്ലാവരേയും പറത്തി. രാഹുല്‍ ഓണാവേണ്ട കാര്യമേയുള്ളൂ ‘ കുംബ്ലെ കൂട്ടിചേര്‍ത്തു.