മുംബൈക്കാര്‍ ❛ജാവോ❜ പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴസിനു തുടര്‍ച്ചയായ മൂന്നാം പരാജയം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു തുടര്‍ച്ചയായ മൂന്നാം പരാജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരളം പരാജയപ്പെട്ടത്.

മികച്ച മുന്നേറ്റങ്ങളോടെ തുടങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിനെ മികച്ച പ്രസ്സിങ്ങിലൂടെ മുംബൈ വീഴ്ത്തുകയായിരുന്നു. മിസ് പാസുകളും എതിരാളികളുടെ ബോക്സില്‍ പന്തെത്തിക്കാന്‍ കഴിയാഞ്ഞതും ബ്ലാസ്റ്റേഴ്സിന്‍റെ കളിയെ ബാധിച്ചു.

FB IMG 1666971883086

21ാം മിനിറ്റില്‍ മെഹ്താബ് സിങ്ങിലൂടെയാണ് മുംബൈ ആദ്യ ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ നിന്നും സെക്കന്‍ഡ് ബോളിലൂടെ മെഹ്താബ് പന്ത് വലയില്‍ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് മിസ് പാസ് കളി തുടര്‍ന്നപ്പോള്‍ 10 മിനിറ്റിനു ശേഷം മുംബൈ വീണ്ടും ഗോളടിച്ചു.

സ്റ്റുവര്‍ട്ടിന്‍റെ പാസ്സില്‍ നിന്നും ലെസ്കോയെ മറികടന്നു മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായ പെരേര ഡയസാണ് ഗോളടിച്ചത്. ആദ്യ പകുതിയില്‍ ചടുലമായ നീക്കങ്ങളിലൂടെ രാഹുല്‍, മുംബൈ ഡിഫന്‍സിനു തലവേദന കൊടുത്തെങ്കിലും ഗോളാക്കാനായില്ലാ.

രണ്ടാം പകുതിയില്‍ പ്രസിങ്ങ് ഗെയിമിലൂടെ കേരളം തിരിച്ചു വരാന്‍ നോക്കി. ലൂണയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ രാഹുലിന്‍റെ ഹെഡര്‍ വലയില്‍ എത്തിക്കാനായില്ലാ.

പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുഷ്നിയിലൂടെ നിരന്തര നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

തോല്‍വിയോടെ കേരളം ഒന്‍പതാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റിനോടാണ് കേരളത്തിന്‍റെ അടുത്ത മത്സരം