ബംഗ്ലാദേശിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ വളരെ വ്യത്യസ്തമായ രീതിയിൽ പുറത്തായി ശ്രീലങ്കൻ സീനിയർ താരം മാത്യൂസ്. മത്സരത്തിൽ “ടൈംഡ് ഔട്ടാ”യിയാണ് മാത്യൂസ് പുറത്തായത്. ഒരു ബാറ്റർ പുറത്തായതിന് ശേഷം 2 മിനിറ്റുകൾക്കുള്ളിൽ തന്നെ അടുത്ത ബാറ്റർ ബോൾ നേരിടാൻ തയ്യാറായിരിക്കണം എന്നതാണ് ക്രിക്കറ്റ് നിയമം. എന്നാൽ സമരവിക്രമ പുറത്തായതിനു പിന്നാലെ മാത്യൂസ് ക്രീസിലെത്തിയെങ്കിലും, താൻ കയ്യിലെടുത്ത ഹെൽമറ്റ് മാറിപ്പോവുകയായിരുന്നു. ഈ സാഹചര്യത്തിൽ സബ്സ്റ്റിട്യൂറ്റിനോട് മറ്റൊരു ഹെൽമെറ്റ് മൈതാനത്തേക്ക് കൊണ്ടുവരാൻ മാത്യൂസ് ആവശ്യപ്പെട്ടു. പക്ഷേ ഇതിനോടകം തന്നെ രണ്ടു മിനിറ്റ് അവസാനിച്ചിരുന്നു.
ശേഷം ബംഗ്ലാദേശ് താരങ്ങൾ ടൈംഡ് ഔട്ടിനായി റിക്വസ്റ്റ് ചെയ്തു. ഇതോടെ അമ്പയർ ടൈംഡ് ഔട്ട് വിധിക്കുകയായിരുന്നു. ശേഷം മാത്യൂസ് പലതവണ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസനോടടകം കാര്യങ്ങൾ പറഞ്ഞു വ്യക്തമാക്കാൻ ശ്രമിച്ചു. താൻ കൊണ്ടുവന്ന ഹെൽമെറ്റ് കേടുപാടുള്ളതായിരുന്നുവെന്നും അതിനാലാണ് സമയം എടുത്തത് എന്നുമാണ് മാത്യൂസ് ഷാക്കിബിനോട് പറഞ്ഞത്. എന്നാൽ തങ്ങളുടെ അപ്പീൽ പിൻവലിക്കാൻ ബംഗ്ലാദേശ് താരങ്ങൾ തയ്യാറായില്ല. ഈ പുറത്താകൽ വലിയ രീതിയിൽ വരും ദിവസങ്ങളിലും വിവാദമുണ്ടാക്കും എന്ന കാര്യത്തിൽ സംശയമില്ല. ശ്രീലങ്കൻ ഡഗ് ഔട്ടിലടക്കം ഈ തീരുമാനത്തിൽ നിരാശകൾ കാണാൻ സാധിച്ചിരുന്നു.
കമന്ററി ബോക്സിൽ ഉണ്ടായിരുന്ന മുൻ ശ്രീലങ്കൻ താരം റസൽ അർനോൾഡ് ഈ പുറത്താകലിനെ ഇങ്ങനെയാണ് സൂചിപ്പിച്ചത്. “ഞാൻ ആദ്യമായാണ് ഇത്തരമൊരു പുറത്താവൽ കാണുന്നത്”. ഇങ്ങനെ മത്സരത്തിൽ ഒരു ബോൾ പോലും നേരിടാൻ സാധിക്കാതെ എയ്ഞ്ചലോ മാത്യൂസ് കൂടാരം കയറുകയാണ് ഉണ്ടായത്. മത്സരത്തിൽ ശ്രീലങ്കയുടെ അഞ്ചാം വിക്കറ്റ് ആണ് ഇത്തരം ഒരു അശ്രദ്ധമൂലം ഇല്ലാതായത്. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയുടെ ഓപ്പണർ കുശാൽ പേരേരയെ(4) തുടക്കത്തിൽ തന്നെ മടക്കാൻ ബംഗ്ലാദേശിന് സാധിച്ചു.
എന്നാൽ നിസ്സംഗ(41) ഒരുവശത്ത് ക്രീസിലുറച്ചത് ശ്രീലങ്കയ്ക്ക് ആശ്വാസം നൽകി. ഒപ്പം സദീര സമരവിക്രമയും(41) മികവ് പുലർത്തിയതോടെ ശ്രീലങ്ക ഒരു വമ്പൻ സ്കോറിലേക്ക് കുതിക്കും എന്ന് എല്ലാവരും കരുതി. എന്നാൽ കൃത്യമായ സമയത്ത് ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ വിക്കറ്റുകളുമായി കളം നിറയുകയായിരുന്നു. മാത്യുസ് പുറത്തായതോടെ ശ്രീലങ്ക വലിയ രീതിയിൽ സമ്മർദ്ദത്തിൽ ആയിട്ടുണ്ട്