“ഞാനെന്തിന് കോഹ്ലിയെ അഭിനന്ദിക്കണം?”. കോഹ്ലിയെ അവഗണിച്ച് ലങ്കൻ നായകൻ മെൻഡിസ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ ഒരുപാട് റെക്കോർഡുകളാണ് വിരാട് കോഹ്ലി നേടിയിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കിയ താരം എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനൊപ്പമെത്താൻ ഇതോടെ വിരാട് കോഹ്ലിക്ക് സാധിച്ചു. 49 ഏകദിന സെഞ്ച്വറികളാണ് ഇരു താരങ്ങളും ഇന്ത്യക്കായി നേടിയിട്ടുള്ളത്. ഇതിന് പിന്നാലെ വിരാട് കോഹ്ലിക്ക് പ്രശംസകളറിയിച്ച് സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള താരങ്ങൾ രംഗത്തെത്തുകയും ചെയ്തു. എന്നാൽ വിരാട് കോഹ്ലിയെ അഭിനന്ദിക്കാനുള്ള അവസരം നിരസിച്ചു കൊണ്ടാണ് ശ്രീലങ്കൻ നായകൻ കുശാൽ മെൻഡിസ് വാർത്തകളിൽ ഇടം പിടിച്ചത്.

ശ്രീലങ്കയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിലാണ് സംഭവം നടന്നത്. ‘ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ തന്നെ 49ആം ഏകദിന സെഞ്ചുറി നേടിയ വിരാട് കോഹ്ലിയെ അഭിനന്ദിക്കുന്നുണ്ടോ’ എന്നായിരുന്നു മെൻഡിസിനോട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം. എന്നാൽ ‘ഞാനെന്തിനാണ് കോഹ്ലിയെ അഭിനന്ദിക്കുന്നത്’ എന്ന മറുപടിയാണ് കുശാൽ മെൻഡിസ് നൽകിയത്. ഇത് ആരാധകരെ അടക്കം വലിയ രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്. വിരാട് കോഹ്ലി സ്വന്തമാക്കിയ സുവർണ്ണ നേട്ടത്തിൽ ലോക ക്രിക്കറ്റ് മുഴുവൻ ആവേശത്തിലായി നിൽക്കുമ്പോഴാണ് കുശാൽ മെൻഡിസിന്റെ ഈ മറുപടി.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഒരു ക്ലാസ് ഇന്നിങ്സോടെയായിരുന്നു വിരാട് കോഹ്ലി തന്റെ 49ആം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്. ബോളിങ്ങിനെ പൂർണമായും അനുകൂലിച്ച പിച്ചിൽ വളരെ പക്വതയോടെ ആയിരുന്നു വിരാട് തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. മത്സരത്തിൽ 119 പന്തുകളിൽ നിന്നാണ് കോഹ്ലി തന്റെ സെഞ്ച്വറി നേടിയത്. ഈ ലോകകപ്പിൽ ഇതുവരെ വളരെ മികച്ച ഫോമിലാണ് ഇന്ത്യക്കായി കോഹ്ലി കളിച്ചിട്ടുള്ളത്. ഇതുവരെ 8 മത്സരങ്ങൾ ലോകകപ്പിൽ കളിച്ച കോഹ്ലി 543 റൺസ് ഇന്ത്യക്കായി സ്വന്തമാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ വിജയം നേടിയതോടെ ഇന്ത്യക്ക് പോയ്ന്റ്സ് ടെബിളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ സാധിച്ചു. മാത്രമല്ല ഒന്നാം സ്ഥാനക്കാരായി തന്നെ സെമിഫൈനലിലേക്ക് പ്രവേശിക്കാനും ഇന്ത്യക്ക് സാധിക്കും. ഞായറാഴ്ച നെതർലൻഡ്സിന് എതിരെയാണ് ഇന്ത്യയുടെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം നടക്കുന്നത്. എന്നിരുന്നാലും പോയിന്റ്സ് ടേബിളിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒഴികെയുള്ള മറ്റൊരു രാജ്യങ്ങളും സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടില്ല.