“ഒരു മത്സരം പോലും ഇന്ത്യ തോൽക്കില്ല.. ഇത് അവരുടെ ലോകകപ്പ്”. മുഹമ്മദ്‌ യൂസഫ് പറയുന്നു

F LeeQEa8AApeAi scaled

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 243 റൺസിന്റെ വിജയം നേടിയതോടെ ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. ഇതേവരെ 2023 ഏകദിന ലോകകപ്പിൽ പരാജയങ്ങൾ അറിയാത്ത ടീമാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ വലിയ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ് യൂസഫ്.

2023 ഏകദിന ലോകകപ്പിൽ കിരീടം ചൂടാൻ ഏറ്റവും സാധ്യതയുള്ള ടീം നിലവിൽ ഇന്ത്യയാണ് എന്ന് മുഹമ്മദ് യൂസഫ് പറയുന്നു. ഈ ടൂർണമെന്റിൽ ഇന്ത്യ ഒരു മത്സരത്തിൽ പോലും പരാജയമറിയുകയില്ല എന്നാണ് മുഹമ്മദ് യൂസഫ് പറഞ്ഞത്. മത്സരത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ മുദ്ര പതിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട് എന്ന് മുഹമ്മദ് യൂസഫ് നിരീക്ഷിക്കുന്നു.

ദക്ഷിണാഫ്രിക്കെതിരായ മത്സരത്തിൽ വളരെ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത് എന്നായിരുന്നു യൂസഫ് പറഞ്ഞത്. “മത്സരത്തിന് മുൻപ് എല്ലാവരും പ്രതീക്ഷിച്ചത് രണ്ട് ശക്തമായ ടീമുകൾ തമ്മിലുള്ള വമ്പൻ പോരാട്ടം തന്നെയായിരുന്നു. എന്നാൽ മത്സരശേഷം ടൂർണമെന്റിലെ വമ്പൻ ടീം എന്ന് പറയാൻ ഇന്ത്യ മാത്രമാണുള്ളത്. ഇന്ത്യ തന്നെയാണ് ഫേവറേറ്റുകൾ. കാരണം അവർക്ക് മുൻനിരയിൽ നിലവാരമുള്ള ക്ലാസ് ബാറ്റർമാരുണ്ട്. മികച്ച ബോളർമാരുണ്ട്. ഫീൽഡിങ്ങിലും നിലവാരം പുലർത്താൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. ഒരു യൂണിറ്റ് എന്ന നിലയിൽ വളരെ മികച്ച രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും അവർക്ക് സാധിക്കുന്നുണ്ട്.”- യൂസഫ് പറഞ്ഞു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

ഒപ്പം നായകൻ രോഹിത് ശർമയേയും കോച്ച് രാഹുൽ ദ്രാവിഡിനെയും പ്രശംസിക്കാനും യൂസഫ് മറന്നില്ല. “ടൂർണമെന്റിൽ വളരെ അവിസ്മരണീയമായ പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചിരിക്കുന്നത്. ടീമിന്റെ കഠിനപ്രയത്നം നമുക്ക് കാണാതെ പോകാൻ സാധിക്കില്ല. ടീമിൽ രാഹുൽ ദ്രാവിഡിന്റെ സംഭാവനകളും നമുക്ക് മറക്കാനും സാധിക്കില്ല. ടീമിനെ ഒറ്റക്കെട്ടായി നിർത്തുന്നതിലും കൃത്യമായി കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിനും രാഹുൽ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്. രാഹുൽ ദ്രാവിഡിനും രോഹിത് ശർമയ്ക്കും നല്ലൊരു കെമിസ്ട്രിയാണ് ഉള്ളത്. ടീമിനെ ഒറ്റക്കെട്ടായി മുൻപോട്ടു നയിക്കാൻ ഇരുവർക്കും സാധിക്കുന്നുണ്ട്.”- മുഹമ്മദ് യൂസഫ് കൂട്ടിച്ചേർത്തു.

“ഈ ടൂർണമെന്റിലെ ഒരു മത്സരം പോലും ഇന്ത്യ പരാജയപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. വളരെ വലിയ നിർഭാഗ്യമുണ്ടായാൽ മാത്രമേ ഇന്ത്യ ഈ ടൂർണമെന്റിൽ പരാജയപ്പെടുകയുള്ളൂ. കാരണം എല്ലാ മേഖലകളിലും മികവ് പുലർത്താൻ അവർക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ഒരു വീക്ക്നെസ്സുമില്ല.”- മുഹമ്മദ് യൂസഫ് പറഞ്ഞു വെക്കുന്നു. ലീഗ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഇന്ത്യ നെതർലാൻഡ്സിനെതിരെയാണ് മൈതാനത്ത് ഇറങ്ങുന്നത്. ശേഷം ഒന്നാം സെമി ഫൈനലിൽ ഇന്ത്യ കളിക്കും എന്നാണ് കരുതുന്നത്.

Scroll to Top