ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാലും ബാംഗ്ലൂർ ആരാധകർക്ക് ഇത്തവണ ഏറെ മിസ്സ് ചെയ്യുന്നത് അവരുടെ സൂപ്പർതാരമായ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സിനെയാണ്. താരം ചെയ്തിരുന്ന റോൾ വൃത്തിയായി ഇന്ത്യൻ താരം ദിനേഷ് കാർത്തിക് ചെയ്യുന്നുണ്ടെങ്കിലും ബാംഗ്ലൂർ ആരാധകർക്ക് ഈ ദക്ഷിണാഫ്രിക്കൻ താരത്തെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്.
2011ലാണ് ഡിവില്ലിയേഴ്സ് ബാംഗ്ലൂരിൽ എത്തുന്നത്. 170 മത്സരങ്ങളിൽ നിന്ന് 37 അർദ്ധ സെഞ്ചുറിയും രണ്ടു സെഞ്ചുറിയും അടക്കം 4491 റൺസാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ആയിരുന്നു താരം എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അതു കടുത്ത ആഘാതമാണ് ബാംഗ്ലൂർ ആരാധകർക്ക് ലഭിച്ചത്. ഇപ്പോഴിതാ ബാംഗ്ലൂർ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിരിക്കുകയാണ് വിരാട് കോഹ്ലി.
“ഞാൻ അവനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അവനുമായി ഞാൻ എന്നും സംസാരിക്കാറുണ്ട്. അവൻ എനിക്ക് എന്നും മെസ്സേജ് ചെയ്യാറുണ്ട്. നിലവിൽ അമേരിക്കയിൽ അവൻ ഗോൾഫ് മാച്ച് കണ്ടുകൊണ്ടിരിക്കുകയാണ്.
അവൻ ഇപ്പോൾ സുഹൃത്തുക്കളും കുടുംബവുമായി അത് ആസ്വദിക്കുകയാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ഇപ്പോഴും നല്ല അടുപ്പത്തിലാണ്. അവൻ നന്നായി ആർസിബിയെ നോക്കുന്നുണ്ട്. അടുത്തവർഷം അവൻ ഇവിടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.”- കോഹ്ലി പറഞ്ഞു.