ട്വന്റി20 ലോകകപ്പിൽ എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലാണ് അമേരിക്ക പാക്കിസ്ഥാനെ അട്ടിമറിച്ചത്. ആരും പ്രതീക്ഷിക്കാത്ത തരത്തിൽ ശക്തമായ പോരാട്ടവീര്യമാണ് മത്സരത്തിൽ അമേരിക്ക കാഴ്ചവച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് കേവലം 159 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്.
മറുപടി ബാറ്റിംഗിൽ അമേരിക്കയും 159 റൺസ് സ്വന്തമാക്കിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18 റൺസാണ് നേടിയത്. പാകിസ്ഥാൻ ടീമിന്റെ ഭാഗത്തുനിന്ന് വന്ന ഫീൽഡിങ് പിഴവുകളാണ് ഇതിൽ പ്രധാന പങ്കുവഹിച്ചത്. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന് 13 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ ഒരു സ്വപ്ന വിജയം അമേരിക്ക സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ പരാജയത്തിന് ശേഷം പാക്കിസ്ഥാൻ നായകൻ ബാബർ ആസാം സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ അമേരിക്കൻ ടീം അവിശ്വസനീയ പ്രകടനമാണ് കാഴ്ചവച്ചതെന്നും, അതിനാൽ മുഴുവൻ ക്രെഡിറ്റും അവർക്ക് നൽകുകയാണെന്നും ബാബർ ആസം പറഞ്ഞു. മത്സരത്തിൽ ആദ്യ 6 ഓവറുകൾ വളരെ നിർണായകമായിരുന്നുവെന്നും തങ്ങൾക്ക് അത് മുതലാക്കാൻ സാധിച്ചില്ലയെന്നും ആസാം കൂട്ടിച്ചേർക്കുകയുണ്ടായി.
“ഞങ്ങൾ ബാറ്റ് ചെയ്യുന്ന സമയത്ത് ആദ്യ 6 ഓവറുകൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ആ സമയത്ത് ഞങ്ങൾക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുകയും ബാക്ഫുട്ടിലേക്ക് പോവുകയും ചെയ്തു. ആ സമയത്ത് ബാറ്റർമാർ ചെയ്യേണ്ടത് മുൻപിലേക്ക് വന്ന് വലിയ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുക എന്നതാണ്. എന്നാൽ ഞങ്ങൾക്ക് അത് സാധിക്കാതെ വന്നു.”- ആസം പറഞ്ഞു.
“ബോളിങ്ങിലും ഞങ്ങൾക്ക് ആദ്യ 6 ഓവറുകളിൽ ഒരുപാട് പിഴവുകൾ പറ്റി. ഞങ്ങളുടെ സ്പിന്നർമാർക്ക് മധ്യ ഓവറുകളിൽ വിക്കറ്റുകൾ സ്വന്തമാക്കാനും സാധിച്ചില്ല. അതൊക്കെയും മത്സരത്തിലെ പരാജയത്തിൽ പ്രധാന പങ്കുവഹിക്കുകയുണ്ടായി. അതികഠിനമായ തോൽവി തന്നെയാണ് മത്സരത്തിൽ ഉണ്ടായത്. ഇതിന്റെ എല്ലാ ക്രെഡിറ്റും അമേരിക്കയ്ക്ക് ഞങ്ങൾ നൽകുകയാണ്.”
”കാരണം അവർ മത്സരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഞങ്ങളെക്കാൾ നന്നായി കളിക്കുകയുണ്ടായി. പിച്ചിൽ ഞങ്ങൾ വിചാരിച്ചതിലധികം ഈർപ്പം ഉണ്ടായിരുന്നു. രണ്ടു പേസിലുള്ള പിച്ചാണ് ഇവിടെ ഉണ്ടായിരുന്നത്. പക്ഷേ ഒരു പ്രൊഫഷണൽ ടീമെന്ന നിലയിൽ ഞങ്ങൾ സാഹചര്യങ്ങൾ മനസ്സിലാക്കി കളിക്കേണ്ടിയിരുന്നു.”- ബാബർ ആസം കൂട്ടിച്ചേർക്കുന്നു.
അതേസമയം അമേരിക്കൻ നായകൻ മോണങ്ക് പട്ടേൽ തങ്ങളുടെ വിജയത്തിൽ അങ്ങേയറ്റം സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. മത്സരത്തിൽ ടോസ് നേടിയ ശേഷം ആദ്യ 6 ഓവറുകളിൽ മികച്ച രീതിയിൽ പന്തറിയാൻ തങ്ങൾക്ക് സാധിച്ചു എന്ന് പട്ടേൽ പറഞ്ഞു. പാക്കിസ്ഥാനെ 160 റൺസിൽ ഒതുക്കാൻ സാധിച്ചാൽ തങ്ങൾക്ക് ചെയ്സ് ചെയ്യാൻ കഴിയുമെന്ന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നുവെന്നും മോണങ്ക് പട്ടേൽ പറയുകയുണ്ടായി. എല്ലാവർഷവും ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കില്ലെന്നും, അതിനാൽ തന്നെ ലഭിക്കുന്ന അവസരങ്ങൾ ഇത്തരത്തിൽ നന്നായി ഉപയോഗിക്കുമെന്നും നായകൻ കൂട്ടിച്ചേർത്തു.