കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യക്ക് നിരവധി പരിക്കേറ്റ താരങ്ങളാണ് ഉള്ളത്. പരിക്കും മൂലം ലോകകപ്പും ചില താരങ്ങൾക്ക് നഷ്ടമായിരുന്നു. എന്നാൽ ഒരുപാട് മികച്ച താരങ്ങൾ പുറത്ത് ഉള്ളതിനാൽ പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുവാൻ ടീം മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സെലക്ടർമാർക്കെതിരെ ചോദ്യം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമിൽ അവസരം ലഭിച്ച താരമാണ് ഹർഷൽ പട്ടേൽ.
സ്പെഷ്യലിസ്റ്റ് ഡെത്ത് ബൗളറായി ഇന്ത്യൻ ടീമിൽ താരത്തിന് സ്ഥാനം ഉണ്ടായിരുന്നു. എന്നാൽ പരിക്കു മൂലം താരത്തിന് ഏഷ്യ കപ്പ് നഷ്ടമായി. പരിക്കിൽ നിന്നും മോചിതനായി വേൾഡ് കപ്പ് ടീമിലേക്ക് തിരിച്ചെത്തിയ താരത്തിന് ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിക്കുവാൻ അവസരം ലഭിച്ചില്ല. ലോകകപ്പിനു ശേഷം നടന്ന ശ്രീലങ്കക്കെതിരായ പരമ്പരയിലും ന്യൂസിലാൻഡിനെതിരായ പരമ്പരയിലും ഒരു മത്സരത്തിൽ മാത്രമാണ് താരത്തെ കളിപ്പിച്ചത്. നിലവിൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ട്വിറ്ററിലൂടെയാണ് ഇന്ത്യൻ സെലക്ടർമാർക്കെതിരെ ചോദ്യം ഉന്നയിച്ചു കൊണ്ട് മുൻ ഇന്ത്യൻ താരം രംഗത്തെത്തിയത്. ഹർഷൽ പട്ടേലിനെ കുറിച്ചുള്ള അപ്ഡേറ്റ് എന്താണെന്നും അദ്ദേഹം എവിടെയാണെന്നുമാണ് ആകാശ് ചോപ്ര ചോദിച്ചത്. ലോകകപ്പിന് ഒരു അവസരം പോലും ലഭിക്കാതിരുന്ന താരത്തെ അതിനു ശേഷം കണ്ടിട്ടില്ല എന്നും അദ്ദേഹം ട്വിറ്ററിൽ പറയുന്നു. “ഹർഷൽ പട്ടേലിനെ കുറിച്ചുള്ള അപ്ഡേറ്റ് എന്താണ്?
ഇപ്പോഴും അദ്ദേഹം പരിക്കിന്റെ പിടിയിലാണോ? ലോകകപ്പിന് മുൻപായി നമ്മളെ നയിക്കുന്ന 20-20 സ്പെഷ്യലിസ്റ്റ് ബൗളർ ആയിരുന്നു അവൻ. അവന് ഓസ്ട്രേലിയയിൽ കളിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല. അതിനുശേഷം അവനെ കണ്ടിട്ടുമില്ല.”- ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു. നിലവിൽ യുവ പേസർമാരായ ശിവം മാവി, ഉമ്രാൻ മാലിക്, അർഷദീപ് സിംഗ് എന്നിവർക്കാണ് ഇന്ത്യ 20-20 യിൽ കൂടുതലായും അവസരം നൽകുന്നത്.