ഇത്തവണത്തെ ഐപിഎൽ സീസൺ തുടങ്ങുന്നതിനു മുൻപ് എല്ലാവരും ദുർബലരെന്ന് മുദ്രകുത്തിയ ടീമായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. എല്ലാവരുടെയും ചിന്ത ശരിവെക്കുന്ന പോലെ തന്നെ തോറ്റു കൊണ്ടായിരുന്നു ഹൈദരാബാദ് തുടങ്ങിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച്, പേസർമാരുടെ മികവിൽ തുടർച്ചയായി അഞ്ച് കളികൾ ജയിച്ച് അത്ഭുത ടീമായി ഹൈദരാബാദ് മാറി.
പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കും എന്ന് എല്ലാവരും കരുതിയിരിക്കെ, അവസാനം കളിച്ച അഞ്ചു മത്സരങ്ങളും തോറ്റു പ്ലേ ഓഫിലെത്താൻ നേരിയ സാധ്യത മാത്രമാണ് ഇപ്പോൾ ഹൈദരാബാദിന് അവശേഷിക്കുന്നത്. ഇപ്പോഴിതാ മോശം ഫോമിന് പുറമേ നായകനായ വില്യംസണിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നായകനെന്ന നിലയിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല എന്നാണ് മുൻ ഇന്ത്യൻ താരം വിലയിരുത്തിയത്.
“ബാറ്റിംഗിൽ നിരാശപ്പെടുത്തിയതിനൊപ്പം ക്യാപ്റ്റനെന്ന നിലയിൽ വില്യംസണിന്റെ പ്രകടനവും വിലയിരുത്തപ്പെടേണ്ടതാണെന്ന് ഞാൻ കരുതുന്നു. കൊൽക്കത്തക്കെതിരായ മത്സരത്തിൽ അവസാന ആന്ദ്ര റസൽ ജീസിലുള്ളപ്പോൾ അവസാന ഓവർ സ്പിന്നർ വാഷിംഗ്ടൺ സുന്ദറിന് നൽകാനുള്ള വില്യംസണിന്റെ തീരുമാനം വലിയ അബദ്ധമായി പോയി. ഇത് രണ്ടാം തവണയാണ് വില്യംസൺ അവസാന ഓവർ സ്പിന്നർക്ക് നൽകുന്നത്. കൊൽക്കത്തക്കെതിരെ മുന്‍പ് ജഗദീഷ് സുചിത്തിനാണ് വില്യംസൺ അവസാന ഓവർ നൽകിയത്.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായി കണക്കാക്കപ്പെടുന്ന വില്യംസണിൽ നിന്ന് ഒരു അബദ്ധം രണ്ടുതവണ ആവർത്തിച്ചുവെന്നത് വിശ്വസിക്കാനാകുന്നില്ല. പ്രത്യേകിച്ച് റസലിനെപ്പോലൊരു ബാറ്റർ ക്രീസിലുള്ളപ്പോൾ അവസാന ഓവറിൽ സ്പിന്നറെ അയക്കുന്നത് ആടിനെ അറവുശാലയിലേക്ക് അറക്കാൻ വിടുന്നതുപോലെയാണ്. അവിടെയെത്തിയാൽ ആടിനെ തീർച്ചയായും അറക്കുമെന്നുറപ്പാണ്.”- ആകാശ് ചോപ്ര പറഞ്ഞു.