ഐസിസി ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കകെതിരെയുള്ള ഇന്ത്യയുടെ തോല്‍വിയില്‍ ഫീല്‍ഡിങ്ങും ഒരു കാരണമായി മാറിയിരുന്നു. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഫീല്‍ഡില്‍ ഉഴപ്പിയിരുന്നു. ഇക്കാര്യം മത്സര ശേഷം രോഹിത് വ്യക്തമാക്കിയിരുന്നു.
രണ്ട് ടി20 ലോകകപ്പിന്‍റെ ഇടയില്‍ 32 ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇപ്പോഴിതാ വിരാട് കോഹ്ലി ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞതോടെ ഇന്ത്യന്‍ ഫീല്‍ഡിങ്ങ് മോശമായി എന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.
“ഏഷ്യൻ ടീമുകൾ ഫീൽഡിംഗിന് പ്രാധാന്യം നൽകുന്നില്ലെന്ന് ഞാൻ കരുതുന്നു, വിരാട് കോഹ്‌ലി ടീം ഇന്ത്യയുടെ ക്യാപ്റ്റനായപ്പോഴാണ് അവസാനമായി ഫീൽഡിംഗിന് പ്രാധാന്യം നൽകുന്നതിനെക്കുറിച്ച് ഞാൻ കേട്ടത്. ഫീല്‍ഡിങ്ങില്‍ മികച്ചവരെ ഉൾപ്പെടുത്താനുള്ള തീരുമാനമാണ് അദ്ദേഹം എടുത്തതെന്ന് ജഡേജ Cricbuzz-ൽ സംസാരിക്കവെ പറഞ്ഞു. അദ്ദേഹം ക്യാപ്റ്റൻ അല്ല, പരിശീലകനും മാറി.പുതിയ ക്യാപ്റ്റൻ ഫീൽഡിങ്ങിന്റെ കാര്യത്തിലല്ല, ബാറ്റിങ്ങിലും ബൗളിംഗിലുമാണ് കൂടുതൽ ശ്രദ്ധിക്കുന്നത് ”
“രവിചന്ദ്രൻ അശ്വിന്റെയും മുഹമ്മദ് ഷമിയുടെയും ഫീൽഡിംഗ് കഴിവുകളെ വിമർശിച്ചുകൊണ്ട് ജഡേജ കൂട്ടിച്ചേർത്തു, ” ആരൊക്കെയാണ് നമ്മുടെ ഫീൽഡർമാർ? നമ്മുക്ക് അശ്വിനും ഷമിയും ഉണ്ട്. ബൗളിംഗിന്റെ കാര്യത്തിൽ, ഇരുവരും മികച്ചവരാണ്, പക്ഷേ അവരിൽ നിന്ന് മികച്ച ഫീൽഡിംഗ് പ്രതീക്ഷിക്കാനാവില്ല, ടീം ഇന്ത്യ ഫീൽഡിംഗിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് ഞാൻ കരുതുന്നു. ” അജയ് ജഡേജ കൂട്ടിചേര്‍ത്തു.