2022 ഐപിഎല്‍ സീസണില്‍ അഹമ്മദാബാദ് ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കുന്ന മൂന്നു താരങ്ങള്‍ ആരെന്നതു തീരുമാനമായി. ക്രിക്ക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹാര്‍ദ്ദിക്ക് പാണ്ട്യ, റാഷീദ് ഖാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാകും പുതിയ ടീമില്‍ കളിക്കുക. വരുന്ന മെഗാലേലത്തിനു മുന്നോടിയായി പരമാവധി 4 താരങ്ങളെ നിലനിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നു. ഇതില്‍ നിലനിര്‍ത്താത്ത 3 താരങ്ങളെയായിരുന്നു പുതിയ ടീമുകളായ അഹമ്മദാബാദ്, ലക്നൗ ഫ്രാഞ്ചൈസികള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുക.
റാഷീദ് ഖാനും ഹാര്‍ദ്ദിക്ക് പാണ്ട്യക്കും 15 കോടി വീതമാണ് കൊടുക്കുക. അതേ സമയം യുവ താരം ശുഭ്മാന്‍ ഗില്ലിന് 7 കോടി ലഭിക്കും. 2015 ല്‍ 10 ലക്ഷത്തിനു മുംബൈ ഇന്ത്യന്‍സില്‍ എത്തിയ താരമായിരുന്നു ഹാര്‍ദ്ദിക്ക് പാണ്ട്യ. ടീമിനോടൊപ്പം 4 തവണ കിരീട നേട്ടത്തില്‍ പങ്കാളിയായി. എന്നാല്‍ ഇത്തവണ ഫിറ്റ്നെസ് പ്രശ്നങ്ങള്‍ കാരണം മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയില്ലാ.
റാഷീദ് ഖാനാവട്ടെ 2017 ല്‍ 4 കോടി രൂപക്കാണ് സണ്‍റൈസേഴ്സ് ഹൈദരബാദില്‍ എത്തിയത്. പിന്നീട് 9 കോടി രൂപക്ക് ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ പ്രതിഫല തര്‍ക്കം കാരണം ഇത്തവണ ടീമില്‍ നിലനിര്‍ത്തേണ്ട എന്ന് ആവശ്യപ്പെട്ടിരുന്നു. 76 മത്സരങ്ങള്‍ കളിച്ച അഫ്ഗാന്‍ താരം 93 വിക്കറ്റ് നേടി.
2018 ലേലത്തില്‍ 1.8 കോടി രൂപക്കാണ് ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സില്‍ എത്തിയത്. ഭാവിയിലെ താരം എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്. ഭാവി നായകനാവും എന്ന് കരുതിയെങ്കിലും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയില്ലാ.