“അന്ന് ഗില്ലും ജയ്സ്വാളും ഇല്ലാതിരുന്നതുകൊണ്ട് മാത്രമാണ് സഞ്ജുവിനെ ഓപ്പണറാക്കിയത്” – അജിത് അഗാർക്കർ.

2025 ഏഷ്യകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം വമ്പൻ പ്രസ്താവനയുമായാണ് ഇന്ത്യയുടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ രംഗത്ത് എത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ നിലവിൽ സ്‌ക്വാഡിന്റെ ഒരു ഭാഗമാണ്. എന്നാൽ താരം ഏഷ്യാകപ്പിലെ പ്ലെയിങ്‌ ഇലവനിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞിരിക്കുകയാണ് അജിത് അഗാർക്കർ. മുൻപ് ഇന്ത്യയുടെ പ്രധാന ഓപ്പണർമാരായ ശുഭമാൻ ഗില്ലും ജയസ്വാളും ഇല്ലാതിരുന്ന സമയത്താണ് സഞ്ജുവിനെ ഓപ്പണറായി തങ്ങൾ പരീക്ഷിച്ചത് എന്ന് അഗാർക്കർ പറയുകയുണ്ടായി. അഗാർക്കറുടെ ഈ വാദം വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

നിലവിൽ 15 അംഗങ്ങൾ അടങ്ങിയ സ്ക്വാഡിൽ സഞ്ജു സാംസണും ജിതേഷ് ശർമയുമാണ് ഇന്ത്യയുടെ 2 വിക്കറ്റ് കീപ്പർമാർ. മാത്രമല്ല സഞ്ജു സാംസൺ സമീപകാലത്ത് മികച്ച പ്രകടനങ്ങൾ ഇന്ത്യൻ ടീമിനായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ കാഴ്ച വെച്ചിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിനെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഇന്ത്യ ഉൾപ്പെടുത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സഞ്ജു ഓപ്പണറാവാൻ സാധ്യതയില്ല എന്ന് അഗാർക്കറുടെ പ്രസ്താവനയിലൂടെ ഏകദേശം ഉറപ്പായിരിക്കുകയാണ്.

“അന്ന് സഞ്ജു സാംസൺ ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ പ്രധാന കാരണമായി മാറിയത് ജയസ്വാൾ, ഗിൽ എന്നീ താരങ്ങളുടെ അഭാവമാണ്. അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യക്കായി ഓപ്പൺ ചെയ്യാൻ സാധിക്കുന്ന 2 താരങ്ങളാണ് ശുഭമാൻ ഗില്ലും സഞ്ജു സാംസനും. എന്നാൽ ഇതിൽ ആര് പ്ലെയിങ് ഇലവനിൽ കളിക്കുമെന്ന് ദുബായിൽ എത്തിയ ശേഷം പരിശീലകനും ക്യാപ്റ്റനും ചേർന്നാണ് തീരുമാനിക്കേണ്ടത്.”- അഗാർക്കർ പറയുകയുണ്ടായി. ശുഭമാൻ ഗില്ലും സഞ്ജു സാംസണുമാണ് ഇന്ത്യയുടെ ഓപ്പണിങ് പൊസിഷനായി മത്സരിക്കുന്നത് എന്ന് അഗാർക്കറുടെ ഈ പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്.

എന്നാൽ ടീമിന്റെ ഉപനായകനായി ഗില്ലിനെ പരിഗണിച്ചിരിക്കുന്നതിനാൽ തന്നെ താരം പ്ലെയിങ് ഇലവനിൽ ഉണ്ടാവുമെന്നത് ഉറപ്പാണ്. അങ്ങനെ വരുമ്പോൾ സഞ്ജു സാംസൺ തന്നെ ടീമിനെ പുറത്തിരിക്കാനാണ് സാധ്യത. സൂര്യകുമാർ യാദവാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്. തിലക് വർമ, ശിവം ദുബെ, റിങ്കൂ സിങ്‌ തുടങ്ങിയ താരങ്ങളൊക്കെയും ടീമിൽ ഉൾപ്പെടുന്നു. കുൽദീപ് യാദവിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഇന്ത്യ തങ്ങളുടെ സ്പിന്‍ അറ്റാക്ക് ഒരുക്കിയിരിക്കുന്നത്. ബൂമ്രയുടെ തിരിച്ചുവരവും സ്ക്വാഡിന്റെ പ്രത്യേകതയാണ്.