ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി ഫൈനലിലെ പരാജയത്തിനുശേഷം കടുത്ത വിമർശനങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. 9 വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടം നേടിയത്. 2013ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി നേടുമ്പോൾ അന്ന് ഇന്ത്യയെ നയിച്ചിരുന്നത് ഇതിഹാസ താരം ആയിരുന്ന ധോണിയായിരുന്നു.
ധോണിക്ക് ശേഷം വന്ന കോഹ്ലിക്കും രോഹിത് ശർമക്കും ഒരു ഐസിസി കിരീടവും ഇന്ത്യക്ക് നേടിക്കൊടുക്കുവാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ലോകകപ്പ് സെമിഫൈനലിലെ പരാജയത്തിനു ശേഷം ഇന്ത്യൻ നായക സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. ഇപ്പോഴിതാ ഇതേ ആവശ്യം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ഇതിഹാസ താരം ഷാഹിദ് അഫ്രീദി. മുന്നിൽ നിന്ന് നയിക്കുവാൻ ഇന്ത്യക്ക് ഒരു നേതാവിനെ ഇപ്പോൾ അനിവാര്യമാണെന്നാണ് മുൻ പാക്കിസ്ഥാൻ താരം പറഞ്ഞത്.
“ഇനി മുതൽ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാൻ തുടങ്ങും. പക്ഷേ വിജയിക്കുകയാണെങ്കിൽ ഈ കാര്യങ്ങളിൽ ഒന്നും ആരും ശ്രദ്ധിക്കുകയില്ല. പക്ഷേ ഇന്ത്യ പരാജയപ്പെട്ടു. എല്ലാവരും സംസാരിക്കുന്നത് ഇന്ത്യയുടെ പരാജയത്തെ കുറിച്ചാണ്. എന്നാൽ സൂക്ഷ്മമായി നിരീക്ഷിച്ചു കഴിഞ്ഞാൽ ധോണിക്കും ഗാംഗുലിക്കും ശേഷം ഇന്ത്യക്ക് മികച്ച ഒരു നായകനെ കിട്ടിയിട്ടില്ലെന്ന് മനസ്സിലാക്കാം. ഇന്ത്യക്ക് ഇപ്പോൾ ആവശ്യം മുന്നിൽ നിന്നും നയിക്കുന്ന ഒരാളെയാണ്.
ധോണി പോയതിനു ശേഷം വിരാട് കോഹ്ലിയെ പരീക്ഷിച്ചെങ്കിലും അത് വിജയിച്ചില്ല. ഇപ്പോഴത്തെ നായകനായ രോഹിത് ശർമ ഇതുവരെയും പ്രശംസിക്കപ്പെടേണ്ട ഒരു പ്രകടനവും പുറത്തെടുത്തിട്ടില്ല. ഒരു ടീമിലെ നേതാവിൻ്റെ പങ്ക് വളരെയധികം നിർണായകമാണ്. അവരുടെ പ്രകടനങ്ങളും നിർണായകമാണ്. രണ്ട് മാസത്തോളമാണ് ഐ.പി.എൽ നീണ്ടുനിൽക്കുന്നത്. ഓരോ സീസണുകളിലും മികച്ച പുതുമുഖ താരങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നിട്ടും മികച്ച ടീമിനെ വാർത്തെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ എൻ്റെ അഭിപ്രായത്തിൽ ഒരുപാട് ജോലികൾ ഇനിയും ചെയ്യാനുണ്ട്.”- ഷാഹിദ് അഫ്രീദി പറഞ്ഞു.