ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് എബി ഡിവില്ലിയേഴ്സ്. തന്റെ കരിയറിൽ സൗത്ത് ആഫ്രിക്കൻ ടീമിനായും ബാംഗ്ലൂർ ടീമിനായും 360 ഡിഗ്രി ഷോട്ടുകളുമായി കളം നിറഞ്ഞ താരമാണ് ഡിവില്ലിയേഴ്സ് പലപ്പോഴും ലോകോത്തര നിലവാരമുള്ള ബോളർമാരുടെ പേടിസ്വപ്നം തന്നെയാണ് ഡിവില്ലിയേഴ്സ്. തന്റെ ക്രിക്കറ്റ് കരിയറിൽ നേരിട്ടതിൽ ഏറ്റവും പ്രയാസമുള്ള മൂന്നു ബോളർമാരെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഡിവില്ലിയേഴ്സ് ഇപ്പോൾ. ഇതിൽ ഒരു ഇന്ത്യൻ താരവും ഉൾപ്പെടുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.
താൻ നേരിട്ട പ്രയാസമേറിയ ആദ്യ ബോളർ ഷെയിൻ വോണാണ് എന്ന് ഡിവില്ലിയേഴ്സ് പറയുന്നു. “ഷെയ്ൻ വോണാണ് എന്നെ പ്രയാസപ്പെടുത്തിയ ആദ്യത്തെ ബോളർ. 2006ലാണ് ഞാൻ ആദ്യമായി ഓസ്ട്രേലിയയിൽ കളിച്ചത്. അന്ന് വോൺ എന്നെ നന്നായി ബുദ്ധിമുട്ടിച്ചു. അത്ര മികച്ച സാങ്കേതികതയാണ് വോണിന്റെ ശക്തി. ഒപ്പം ബുദ്ധിപരമായി പന്തറിയാനും വോണിന് അറിയാം. അന്ന് പരിചയസമ്പന്നത കുറഞ്ഞ എന്നെ വോൺ നന്നായി കറക്കി. വലിയ പ്രതീക്ഷയുമായി ആയിരുന്നു ഞാൻ അന്ന് ഓസ്ട്രേലിയയിലേക്ക് വണ്ടി കയറിയത്. പക്ഷേ അന്നും പിന്നീട് 2005, 2006, 2007 സമയങ്ങളിലുമെല്ലാം വോൺ എന്നെ നന്നായി കറക്കിയിരുന്നു.”- ഡിവില്ലിയേഴ്സ് പറഞ്ഞു.
“എന്നെ രണ്ടാമതായി ഏറ്റവും പ്രയാസപ്പെടുത്തിയ ബോളർ റാഷിദ് ഖാനാണ്. റാഷിദിനെ നേരിടുക എന്നത് എന്നും ദുഷ്കരമായ കാര്യമാണ്. ഒരുപാട് തവണ അവൻ എന്നെ കൂടാരം കയറ്റിയിട്ടുണ്ട്. ഒരിക്കലും തളരാത്ത മനസ്സാണ് അവന്റെ ശക്തി. ഏതു ദുർഘട സാഹചര്യത്തിലും റാഷിദ് ഖാൻ തിരിച്ചുവരും. തുടർച്ചയായ പന്തുകളിൽ അവനെതിരെ സിക്സർ നേടിയാലും അടുത്ത പന്തുകളിൽ അവൻ വിക്കറ്റ് സ്വന്തമാക്കും. റാഷിദിനെതിരെ വമ്പൻ ഷോട്ടുകൾ കളിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. റാഷിദിനെ പോലെയുള്ള ബോളർമാരെ എനിക്ക് വലിയ ബഹുമാനവുമുണ്ട്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
മൂന്നാമത്തെ തന്റെ പേടിസ്വപ്നമായ ബോളറായി ഡിവില്ലിയേഴ്സ് തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ താരം ജസ്പ്രീറ്റ് ബൂമ്റയേയാണ്. ‘ബൂമ്ര പലപ്പോഴും എനിക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ബൂമ്രയുടെ മത്സരബുദ്ധി സമ്മതിച്ചു കൊടുക്കേണ്ടതാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ ബൂമ്ര ശക്തനാണ്. എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു ബോളറാണ് അവൻ. എപ്പോഴൊക്കെ ഞാൻ അവനെ പ്രഹരിച്ചോ, അപ്പോഴൊക്കെ അവൻ തിരിച്ചുവരവ് നടത്തി വിക്കറ്റ് നേടാൻ ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു മത്സരബുദ്ധി എനിക്ക് വളരെ ഇഷ്ടമാണ്.”- ഡിവില്ലിയേഴ്സ് പറഞ്ഞുവെക്കുന്നു.