ദക്ഷിണാഫ്രിക്കൻ ജേഴ്സി വീണ്ടും അണിയുവാൻ ഡിവില്ലേഴ്‌സ് റെഡി : ബൗച്ചറുടെ തീരുമാനം ഐപിഎല്ലിന് അവസാനമെന്ന് തുറന്ന് പറഞ്ഞ് താരം

കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് ലോകത്തെ സജീവ ചർച്ചാവിഷയമായ ഇതിഹാസ താരം ഡിവില്ലേഴ്സിന്റെ ദക്ഷിണാഫ്രിക്കൻ ദേശിയ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിൽ ഒടുവിൽ ആരാധകർ കാത്തിരുന്ന പ്രതികരണം എത്തി .ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കായി കളിക്കാൻ തയാറാണെന്ന് വ്യക്തമാക്കി റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കൻ പരിശീലകനും മുൻ സഹതാരവുമായ മാർക്ക് ബൗച്ചറുടെ  വിളിക്കായും അന്തിമ തീരുമാനത്തിനായിട്ടും താൻ വളരെ ആകാംഷയോടെ കാത്തിരിക്കുന്നു എന്നുമാണ് ഡിവില്ലേഴ്‌സ് പറയുന്നത് .
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഡിവില്ലേഴ്‌സ് ആദ്യമായി മനസ്സ് തുറന്നത് .

2017 ഒക്ടോബറിലാണ് ഡിവില്ലിയേഴ്സ് അവസാനമായി ദക്ഷിണാഫ്രിക്കക്കായി ടി20 മത്സരം കളിച്ചത്. 2018 ഫെബ്രുവരിയിലായിരുന്നു ദക്ഷിണാഫ്രിക്കൻ ജേഴ്സിയിലെ അവസാന മത്സരം. താരം 2018ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണമായി വിരമിക്കൽ പ്രഖ്യാപിച്ചു .
നേരത്തെ 2019ലെ ഏകദിന ലോകകപ്പ് കളിക്കുവാൻ ഡിവില്ലേഴ്‌സ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ എതിർപ്പിനെ തുടർന്ന് അവസരം ലഭിച്ചില്ല.എന്നാൽ ഇത്തവണ സൂപ്പർ താരത്തെ  ടി:20 ലോകകപ്പിനുള്ള  ദക്ഷിണാഫ്രിക്കൻ സ്‌ക്വാഡിൽ എത്തിക്കണമെന്നാണ് കോച്ച് മാർക്ക് ബൗച്ചറിന്റെ അടക്കം ആവശ്യം .സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡും ഇപ്പോൾ ഇതിൽ  അനുകൂല  തീരുമാനത്തിലാണ് ഇപ്പോൾ .

ഇന്നലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഡിവില്ലേഴ്‌സ് പറഞ്ഞ മറുപടി ഇപ്രകാരമാണ് . “ഈ വിഷയത്തിൽ ഞാൻ ഇതുവരെ കോച്ച് ബൗച്ചറുമായി സംസാരിച്ചിട്ടില്ല .എന്നാൽ  ഐപിഎല്ലിനിടക്ക് എപ്പോഴെങ്കിലും ഇക്കാര്യം ബൗച്ചറുമായി വിശദമായി സംസാരിക്കാമെന്നാണ് കരുതുന്നത്.
കൂടാതെ ഇതേക്കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണ് . ദേശീയ ടീമിൽ  മടങ്ങിയെത്താൻ ഇപ്പോഴും
ആഗ്രഹമുണ്ടോയെന്ന് കഴിഞ്ഞ വർഷം അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. ഐപിഎല്ലിലെ ബാറ്റിംഗ്  ഫോമിന്റെ  കൂടി അടിസ്ഥാനത്തിൽ  അന്തിമ തീരുമാനമെടുക്കാമെന്നാണ് ഞാനദ്ദേഹത്തോട് പറഞ്ഞത്.എപ്പോഴും  ദക്ഷിണാഫ്രിക്കക്കുവേണ്ടി എറ്റവും മികച്ച 15 പേരെ തെരഞ്ഞെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് “ഡിവില്ലേഴ്‌സ് വാചാലനായി .

“എല്ലാ കാര്യങ്ങളും ഒരുപോലെ  ഒത്തുവന്നാൽ ടീമിലെത്താമെന്നാണ്  ഞാൻ കരുതുന്നത്. ഇനി ടീമിൽ എനിക്ക് ഇടമില്ലെങ്കിലും വിഷമമൊന്നുമുണ്ടാകില്ല. 
എപ്പോഴും ടീമിന്റെ വിജയമാണ് ഞാൻ സ്വപ്നം കാണുന്നത് .അന്തിമ തീരുമാനം ബൗച്ചർ തന്നെ കൈക്കൊള്ളും ” ഡിവില്ലേഴ്‌സ് നയം വിശദമാക്കി .

Previous articleഹൈദരാബാദ് രക്ഷകൻ കേദാർ ജാദവോ : ഇന്ത്യൻ ആൾറൗണ്ടർക്കായി സോഷ്യൽ മീഡിയയിൽ ആരാധകർ – ട്രെൻഡിങ്ങായി ജാദവ്
Next articleജന്മദിനത്തിൽ ഫിഫ്റ്റി അടിച്ച് രാഹുൽ :വീണ്ടും അപൂർവ്വ റെക്കോർഡ് പഞ്ചാബ് നായകന് സ്വന്തം