ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന താരമായി മാറുകയാണ് വിക്കറ്റ് കീപ്പർ റിഷാബ് പന്ത്. മൂന്ന് ഫോർമാറ്റിലും തന്റെ അസാധ്യ ബാറ്റിങ് മികവും കീപ്പിംഗ് സ്കിൽസും പുറത്തെടുത്തിട്ടുള്ള റിഷാബ് പന്ത് ഭാവി ഇന്ത്യൻ നായകൻ എന്നുള്ള വിശേഷണം ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിച്ചതും റിഷാബ് പന്താണ്. എന്നാൽ സ്ഥിരതയില്ലായ്മയുടെ പേരിൽ ഇപ്പോൾ അതിരൂക്ഷ വിമർശനം കേൾക്കുകയാണ് റിഷാബ് പന്ത്. ഐപിഎല്ലിനു പിന്നാലെ താരം ഫോമിലേക്ക് എത്തിയിട്ടില്ല.
ഐപിഎല്ലിൽ അടക്കം നിരാശ മാത്രം സമ്മാനിച്ച റിഷാബ് പന്ത് സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിലും തുടർച്ചയായ ചെറിയ സ്കോറുകളിൽ പുറത്തായി. ഒരേ പിഴവ് താരം ആവർത്തിക്കുന്നത് മുൻ താരങ്ങളിൽ നിന്നും അടക്കം വിമർശനം ഉയരുവാൻ കാരണമായി മാറി കഴിഞ്ഞു. ലോകക്കപ്പ് സ്‌ക്വാഡിലെ സ്ഥാനം പോലും ഈ ഫോമിൽ എങ്കിൽ റിഷാബ് പന്തിന് നഷ്ടമായേക്കും എന്നാണ് മുൻ ഇന്ത്യൻ താരങ്ങളുടെ നിരീക്ഷണം.
എന്നാൽ ഇപ്പോൾ റിഷാബ് പന്തിന് പിന്തുണയുമായി എത്തുകയാണ് ആകാശ് ചോപ്ര. “വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകക്കപ്പിൽ ഇന്ത്യൻ ടീമിന്റെ എക്സ് ഫാക്ടറാണ് റിഷാബ് പന്ത്.നമുക്ക് അറിയാം അവനാണ് ഇന്ത്യൻ സ്‌ക്വാഡിലെ തന്നെ ഒരു പ്രധാന ലെഫ്റ്റ് ഹാൻഡ് ബാറ്റ്‌സ്മാൻ. നമുക്ക് അറിയില്ല ഇഷാൻ കിഷന് അവസരം ലഭിക്കുമോ എന്നത്. മറ്റൊരു ലെഫ്റ്റ് ഹാൻഡ് ഓപ്ഷൻ ജാഡജയാണ്. അതിനാൽ തന്നെ ഇന്ത്യൻ ടീം പ്ലാനുകളിൽ റിഷാബ് പന്തിന് ഒരു പ്രധാന പങ്കുകൂടി നിർവഹിക്കാൻ ഉണ്ട് ” ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി.