ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഉഗ്രൻ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. ആവേശകരമായ മത്സരത്തിൽ 33 റൺസിന്റെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സ്റ്റോയിനിസിന്റെ അർത്ഥ സെഞ്ച്വറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 163 റൺസ് സ്വന്തമാക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ ഗുജറാത്ത് അടിപതറുന്നതാണ് കാണാൻ സാധിച്ചത്. ലക്നൗവിനായി യാഷ് താക്കൂറും ക്രൂനാൽ പാണ്ഡ്യയും മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചതോടെ പൂർണ്ണമായും ഗുജറാത്ത് ഇല്ലാതാവുകയായിരുന്നു. ലക്നൗവിനെ സംബന്ധിച്ച് ഒരു വമ്പൻ വിജയം തന്നെയാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ലക്നൗവിന് ലഭിച്ചത്. തുടക്കത്തിൽ തന്നെ ഓപ്പണർ ഡികോക്കിന്റെയും മൂന്നാം നമ്പർ ബാറ്റർ ദേവദത്ത് പടിക്കലിന്റെയും വിക്കറ്റുകൾ ലക്നൗവിന് നഷ്ടമായി. രാഹുൽ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും സ്കോറിംഗ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു.
31 പന്തുകളിൽ 33 റൺസ് മാത്രമാണ് രാഹുൽ നേടിയത്m ശേഷം മധ്യനിരയിൽ സ്റ്റോയിനിസാണ് ലക്നൗ ഇന്നിങ്സിന്റെ നട്ടെല്ലായത്. 43 പന്തുകൾ നേരിട്ട സ്റ്റോയിനിസ് 4 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 58 റൺസ് നേടി. ഒപ്പം നിക്കോളാസ് പൂറൻ 22 പന്തുകളിൽ 32 റൺസുമായി തിളങ്ങുകയുണ്ടായി.
ശേഷം അവസാന ഓവറുകളിൽ 11 പന്തുകളിൽ 20 റൺസ് നേടിയ ആയുഷ് ബടോണിയും അടിച്ചുതകർത്തു. ഇതോടെ ലക്നൗ നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് സ്വന്തമാക്കുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഗുജറാത്ത് ടൈറ്റൻസിന് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണർ സായി സുദർശൻ നൽകിയത്.
23 പന്തുകൾ നേരിട്ട സുദർശൻ 31 റൺസ് മത്സരത്തിൽ നേടി. എന്നാൽ പിന്നീടുള്ള ബാറ്റർമാരൊക്കെയും പൂർണ്ണമായും പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. വലിയ പ്രതീക്ഷയായിരുന്നു വില്യംസൺ അടക്കമുള്ളവർ പരാജയപ്പെട്ടപ്പോൾ ഗുജറാത്ത് കൂടുതൽ സമ്മർദ്ദത്തിലായി.
അവസാന ഓവറുകളിൽ രാഹുൽ തിവാട്ടിയ മാത്രമാണ് ഗുജറാത്തിനായി അല്പമെങ്കിലും പൊരുതിയത്. പക്ഷേ അപ്പോഴേക്കും ഗുജറാത്ത് വിജയത്തിൽ നിന്ന് ഒരുപാട് അകലെ പോയിരുന്നു. തീവാട്ടിയ മത്സരത്തിൽ 25 പന്തുകളിൽ 30 റൺസാണ് നേടിയത്. മറുവശത്ത് ലക്നൗവിനായി 5 വിക്കറ്റുകൾ സ്വന്തമാക്കിയ യാഷ് താക്കൂറും 3 വിക്കറ്റുകൾ നേടിയ ക്രൂനാൽ പാണ്ട്യയും മിന്നുന്ന ബോളിംഗ് പ്രകടനം തന്നെ കാഴ്ചവെച്ചു. മത്സരത്തിൽ 33 റൺസിന്റെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. ലക്നൗവിന്റെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്.