സഞ്ജുവിന്റെ ആ തീരുമാനമാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ഡുപ്ലെസിസ് പറയുന്നു.

faf and sanju

രാജസ്ഥാനെതിരായ മത്സരത്തിൽ 6 വിക്കറ്റുകളുടെ പരാജയമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ 183 എന്ന ശക്തമായ സ്കോർ സ്വന്തമാക്കിയിട്ടും ഇത് പ്രതിരോധിക്കാൻ ബാംഗ്ലൂരിന്റെ ബോളർമാർക്ക് സാധിച്ചില്ല. മത്സരത്തിലെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് വ്യത്യസ്തമായ പിച്ചാണ് എന്ന് ബാംഗ്ലൂർ നായകൻ ഡുപ്ലസിസ് പറയുകയുണ്ടായി.

മാത്രമല്ല മത്സരത്തിൽ ടോസ് നേടിയ ശേഷം ബോളിംഗ് തെരഞ്ഞെടുക്കാനുള്ള സഞ്ജു സാംസണിന്റെ തീരുമാനമാണ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചത് എന്നും ഡുപ്ലസിസ് പറഞ്ഞു. രാജസ്ഥാൻ സ്പിന്നർമാരുടെ അവിസ്മരണീയ ബോളിംഗ് പ്രകടനത്തെയും ഡുപ്ലസിസ് പ്രശംസിക്കുകയുണ്ടായി.

“ആദ്യ ഇന്നിങ്സിൽ ഞങ്ങൾക്ക് ഈ വിക്കറ്റ് വളരെ ട്രിക്കിയായി തന്നെയാണ് തോന്നിയത്. അതിനാൽ തന്നെ 190 വളരെ മികച്ച സ്കോറാണ് എന്ന് ഞാൻ കരുതി. എന്നിരുന്നാലും 10-15 റൺസ് ഞങ്ങൾക്ക് കൂടുതൽ കൂട്ടിച്ചേർക്കാമായിരുന്നു എന്നും ഞാൻ കരുതിയിരുന്നു.”

”പക്ഷേ മധ്യ ഓവറുകളിൽ അവരുടെ സ്പിന്നർമാർ വളരെ മികച്ച രീതിയിൽ പന്തറിഞ്ഞു. ടോസ് നേടിയ ശേഷം ബോളിങ് തിരഞ്ഞെടുക്കാനുള്ള അവരുടെ തീരുമാനമാണ് മത്സരത്തിൽ നിർണായകമായത്. പിന്നീട് രണ്ടാം ഇന്നിങ്സിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം കൂടിയായതോടെ ബാറ്റിംഗ് അവർക്ക് അനായാസമായി മാറി.”- ഡുപ്ലസിസ് പറഞ്ഞു.

“വിരാട് ഇന്നിംഗ്സിന്റെ അവസാന ഭാഗങ്ങളിൽ വളരെ നന്നായി കളിച്ചിരുന്നു. ഗ്രീനിനെ പോലെയുള്ള താരങ്ങൾ വരാനിരിക്കുന്ന സമയത്ത് അവസാന ഓവറിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ അവരുടെ സ്പിന്നർമാർക്കെതിരെ വമ്പൻ സ്കോറുകൾ കണ്ടെത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു.”

See also  "ഞാൻ വലുതായി ആക്രമിക്കാൻ ശ്രമിച്ചില്ല. ബോൾ കൃത്യമായി ബാറ്റിലേക്ക് എത്തിയുമില്ല". ഇന്നിങ്സിനെപ്പറ്റി കോഹ്ലി.

”പേസ് ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ വളരെ എളുപ്പമായിരുന്നു. പക്ഷേ സ്പിന്നർമാർക്കെതിരെ ഞങ്ങൾ ബുദ്ധിമുട്ടി. ശേഷം രണ്ടാം ഇന്നിങ്സിലേക്ക് എത്തിയപ്പോൾ പിച്ച് കൂടുതൽ നന്നായി. ബോൾ നന്നായി ബാറ്റിലേക്ക് വരുന്നതും കാണാമായിരുന്നു.”- ഡുപ്ലസിസ് കൂട്ടിചേർത്തു.

“ആദ്യ 4 ഓവറുകളിൽ ഞങ്ങൾക്ക് നന്നായി തന്നെ പന്തറിയാൻ സാധിച്ചു. ശേഷം ഒരു ഓവറിൽ 20 റൺസ് നഷ്ടമായതോടെയാണ് മത്സരം ഞങ്ങളുടെ കൈവിട്ടു പോയത്. അതോടെ പൂർണമായ സമ്മർദ്ദം ഞങ്ങളിലേക്ക് എത്തി. ബാറ്റിംഗിൽ മുഴുവൻ വലംകൈയന്മാരായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് മാക്സ്വെല്ലിനെ പന്തെറിയിക്കാതിരുന്നത്.”

”2 വലംകൈയ്യൻ ബാറ്റർമാർ ഉണ്ടായിരുന്ന സമയത്ത് ഇടംകയ്യൻ സ്പിന്നറെക്കൊണ്ട് പന്തെറിയിപ്പിച്ചു. ശേഷം ലെഗ് സ്പിന്നറെയും ആശ്രയിച്ചു. മത്സരത്തിൽ ഞങ്ങൾക്ക് വിക്കറ്റ് ആവശ്യമായതിനാൽ തന്നെ പ്രതിരോധ സമീപനം ഞങ്ങൾ പുലർത്തിയില്ല. ജയ്സ്വാൾ ആദ്യം തന്നെ പുറത്തായതിനാലാണ് മാക്സ്വെല്ലിന് ഓവറുകൾ കൊടുക്കാതിരുന്നത്. ഞങ്ങളുടെ ഫീൽഡിങ് ശരാശരിയായിരുന്നു. അതിൽ പുരോഗതി വരുത്തേണ്ടതുണ്ട്.”- ഡുപ്ലസിസ് പറഞ്ഞുവെക്കുന്നു.

Scroll to Top