ഇന്ത്യ :ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരം നാളെ ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ് പ്രേമികളെയും ഇന്ത്യ, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകളെയും ഞെട്ടിച്ച് ഐസിസിയുടെ പുത്തൻ പ്രഖ്യാപനം.ആദ്യ ടെസ്റ്റ് മത്സരം നിരീക്ഷിച്ച ശേഷമാണ് ഐസിസിയുടെ പിഴ ശിക്ഷ ഇപ്പോൾ രണ്ട് ടീമുകൾക്കും ബാധകമാക്കി ഐസിസിയുടെ പുത്തൻ സ്ഥിതീകരണം വന്നിരിക്കുന്നത്. രണ്ട് ടീമുകൾക്കും കുറഞ്ഞ ഓവർ നിരക്ക് കാരണമാണ് ഐസിസി മാച്ച് ഫീസിന്റെ നാല്പത് ശതമാനം പിഴയായി അടക്കാൻ പറഞ്ഞിരിക്കുന്നത്. ട്രെന്റ് ബ്രിഡ്ജിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇരു ക്രിക്കറ്റ് ടീമുകളും നിശ്ചിത സമയത്ത് ഓവറുകൾ പൂർത്തിയാക്കിയിരുന്നില്ല. ഇതാണ് ഈ ഒരു ഐസിസി നടപടിക്ക് കാരണം.
എന്നാൽ ഇരു ടീമുകൾക്കും പിഴ ശിക്ഷ കൂടാതെ രണ്ടാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ്സിൽ നിന്നും രണ്ട് പോയിന്റ് കുറക്കാനും ഐസിസിയുടെ തീരുമാനമുണ്ട്.നേരത്തെ അഞ്ചാം ദിനം മഴ കാരണം ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചെങ്കിലും രണ്ട് ടീമുകൾക്കും തിരിച്ചടിയായി മാറുകയാണ് ഐസിസി തീരുമാനം. രണ്ട് ഓവറുകൾ വീതമാണ് ഇരു ടീമുകളും മത്സരത്തിൽ കുറച്ച് എറിഞ്ഞത്. ഇത് കണക്കാക്കിയാണ് പിഴശിക്ഷ.
ഐസിസിയുടെ നിയമാവലി പ്രകാരമാണ് ഈ നടപടി. കുറച്ച് എറിയുന്ന ഓരോ ഓവറിനും ടീമുകൾക്ക് 20 ശതമാനം മാച്ച് ഫീസാണ് കുറക്കുന്നത്. രണ്ട് ഓവറുകൾ ഇരു ടീമും കുറവ് വരുത്തിയതിനാലാണ് 40 ശതമാനം പിഴ ശിക്ഷ ഐസിസി വിധിച്ചത്.നാളെ ലോർഡ്സിലാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. പരിക്ക് കാരണം ചില താരങ്ങളെ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള പ്ലെയിങ് ഇലവനിൽ നിന്നും ഇരു ടീമുകളും ഒഴിവാക്കാനാണ് സാധ്യത.5 ടെസ്റ്റ് മത്സരങ്ങൾ അടക്കം ഉൾപ്പെട്ട പരമ്പര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമാണ്