2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ അട്ടിമറിയുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. മത്സരത്തിൽ വമ്പൻ ടീമായ ഹൈദരാബാദിനെ 35 റൺസിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. അർത്ഥസെഞ്ച്വറി നേടിയ രജത് പട്ടിദാർ, വിരാട് കോഹ്ലി എന്നിവരാണ് ബാംഗ്ലൂരിനായി ബാറ്റിംഗിൽ മികവാർന്ന പ്രകടനം പുറത്തെടുത്തത്.
ബോളിങ്ങിൽ കരൺ ശർമ, സ്വപ്നിൽ സിംഗ്, ക്യാമറോൺ ഗ്രീൻ തുടങ്ങിയവർ കൃത്യത പാലിച്ചപ്പോൾ ബാംഗ്ലൂർ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഹൈദരാബാദിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ പരാജയത്തോടെ ഉണ്ടായിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന് മികച്ച തുടക്കമാണ് നായകൻ ഡുപ്ലസിസ് നൽകിയത്. മത്സരത്തിൽ 12 പന്തുകളിൽ 25 റൺസ് നേടാൻ ഡുപ്ലസിസിന് സാധിച്ചു. ഒരുവശത്ത് കോഹ്ലി ക്രീസിലുറച്ചെങ്കിലും കൃത്യമായി സ്കോറിങ് ഉയർത്താൻ സാധിച്ചിരുന്നില്ല. 43 പന്തുകൾ നേരിട്ട കോഹ്ലി 51 റൺസ് മാത്രമാണ് മത്സരത്തിൽ നേടിയത്.
പക്ഷേ മധ്യനിരയിൽ രജത് പട്ടിദാർ ആക്രമണം അഴിച്ചുവിടുകയുണ്ടായി. കേവലം 20 പന്തുകളിൽ അർത്ഥ സെഞ്ച്വറി സ്വന്തമാക്കാൻ പട്ടിദാറിന് സാധിച്ചു. 2 ബൗണ്ടറികളും 5 സിക്സറുകളുമാണ് പട്ടിദാറിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.
ശേഷം അവസാന ഓവറുകളിൽ ക്യാമറോൺ ഗ്രീനിന്റെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. 20 പന്തുകളിൽ 37 റൺസ് നേടിയ ഗ്രീനിന്റെ മികവിൽ ബാംഗ്ലൂർ കുതിക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 206 റൺസാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദ് പതിവിന് വിപരീതമായി തകരുകയുണ്ടായി.
വലിയ പ്രതീക്ഷയായിരുന്ന ഹെഡ് ആദ്യ ഓവറിൽ തന്നെ കൂടാരം കയറി. 3 പന്തുകളിൽ ഒരു റൺ മാത്രമാണ് ഹെഡിന് നേടാൻ സാധിച്ചത്. ഒരു വശത്ത് അഭിഷേക് ശർമ ഹൈദരാബാദിന് ആശ്വാസം നൽകി. 13 പന്തുകൾ നേരിട്ട അഭിഷേക് 3 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 31 റൺസാണ് നേടിയത്.
പിന്നീടെത്തിയ ബാറ്റർമാർ വമ്പനടികളോടെ തുടങ്ങിയെങ്കിലും ക്രീസിലുറയ്ക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. ക്ലാസനും(7) സമദു(10) കമ്മീൻസും(31) വമ്പൻ ഷോട്ടുകൾ കളിച്ചു തുടങ്ങിയെങ്കിലും ഇന്നിംഗ്സ് മുൻപോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. ഇതോടെ ഹൈദരാബാദ് മത്സരത്തിൽ തകർന്നുവീഴുകയുണ്ടായി.
അവസാന ഓവറുകളിൽ ബാംഗ്ലൂർ ബോളർമാർ കൂടുതൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഹൈദരാബാദ് പരാജയം സമ്മതിക്കുകയുണ്ടായി. മത്സരത്തിൽ 35 റൺസിന്റെ പരാജയമാണ് ഹൈദരാബാദ് നേരിട്ടത്.