2024 ട്വന്റി20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി അമേരിക്ക. കാനഡയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് അമേരിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ അമേരിക്കയ്ക്കായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ആൻഡ്രിസ് ഗോസും ആരോൺ ജോൺസും മത്സരത്തിൽ കാഴ്ചവച്ചത്. ഇരുവരും മത്സരത്തിൽ അർത്ഥ സെഞ്ച്വറികൾ നേടി. ഇതോടെ കാനഡ ഉയർത്തിയ 195 എന്ന വമ്പൻ വിജയലക്ഷ്യം അമേരിക്ക പിന്തുടർന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. 2024 ലോകകപ്പ് ക്യാമ്പയിന് ഉജ്ജ്വല തുടക്കമാണ് അമേരിക്കയ്ക്ക് ലഭിച്ചിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ അമേരിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് കാനഡയ്ക്ക് മത്സരത്തിൽ ലഭിച്ചത്. ആരോൺ ജോൺസൻ ആദ്യ ഓവറുകളിൽ മികവു പുലർത്തിയെങ്കിലും 16 പന്തുകളിൽ 23 സ്വന്തമാക്കി മടങ്ങുകയുണ്ടായി. എന്നാൽ മറുവശത്ത് നവനീത് ദാലിവാൽ ക്രീസിൽ ഉറച്ചത് കാനഡയ്ക്ക് വലിയ ആശ്വാസമായി. 44 പന്തുകൾ നേരിട്ട നവനീത് 61 റൺസാണ് മത്സരത്തിൽ നേടിയത്. 6 ബൗണ്ടറികളും 3 സിക്സറുകളും നവനീദിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ നിക്കോളാസ് കർട്ടനും ശ്രേയസ് മോവ്വയും അടിച്ചു തകർക്കുകയുണ്ടായി.
നിക്കോളാസ് കർട്ടൻ 31 പന്തുകളിൽ 3 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 51 റൺസ് നേടുകയുണ്ടായി. മോവ്വ 16 പന്തുകളിൽ 32 റൺസും നേടി ഇതോടെ കാനഡ 5 വിക്കറ്റ് നഷ്ടത്തിൽ 194 എന്ന മികച്ച സ്കോറിൽ എത്തുകയായിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഒരു അസോസിയേറ്റ് രാജ്യത്തിന്റെ ഏറ്റവും സ്കോറാണ് മത്സരത്തിൽ കാനഡ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച അമേരിക്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പൺ സ്റ്റീഫൻ ടൈലറുടെ(0) വിക്കറ്റ് നഷ്ടമായി. ശേഷം നായകൻ പട്ടേലും മടങ്ങിയതോടെ അമേരിക്ക സമ്മർദ്ദത്തിൽ ആവുകയായിരുന്നു. എന്നാൽ പിന്നീട് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് അമേരിക്കയ്ക്ക് ആയി പിറന്നത്.
ആൻഡ്രിസ് ഗോസും ആരോൺ ജോൺസും ചേർന്ന് മൂന്നാം വിക്കറ്റിൽ അമേരിക്കക്കായി വെടിക്കെട്ട് തീർത്തു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിലും 131 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയുണ്ടായി. ഗോസ് 46 പന്തുകളിൽ 7 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 65 റൺസാണ് നേടിയത്. ആരോൺ ജെയിംസ് 40 പന്തുകളിൽ 4 ബൗണ്ടറികളും 10 സിക്സറുകളുമടക്കം 77 റൺസ് നേടി. ഇങ്ങനെ അമേരിക്ക മത്സരത്തിൽ അനായാസ വിജയം കണ്ടെത്തുകയായിരുന്നു. അമേരിക്കയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്. ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ന് വെസ്റ്റിൻഡീസ് പാപ്പുവ ന്യൂ ഗനിയയെ നേരിടും.