ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചെങ്കിലും, മത്സരത്തിലെ പിച്ചിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് മത്സരം കേപ്പ്ടൗണിൽ അവസാനിച്ചത് കേവലം രണ്ട് ദിവസങ്ങൾ കൊണ്ടാണ്. 107 ഓവറുകൾ മാത്രമാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. അതായത് 642 പന്തുകൾ.
അതിനാൽ തന്നെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരമാണ് കേപ്പ്ടൗണിൽ നടന്നത്. ഇത്തരത്തിൽ ടെസ്റ്റ് ക്രിക്കറ്റിനായി പിച്ച് ഒരുക്കുന്നതിനെതിരെ പല മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ വിമർശനം ഉന്നയിക്കാനില്ല എന്നാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞത്.
ഇന്ത്യൻ പിച്ചുകളെ സംബന്ധിച്ച് മറ്റാരും വിമർശനങ്ങൾ ഉന്നയിക്കാത്ത സമയത്തോളം തങ്ങളും ഈ പിച്ചിനെ സംബന്ധിച്ച് വിമർശനവുമായി മുന്നോട്ടു വരില്ല എന്നാണ് രോഹിത് ശർമ പറഞ്ഞത്. “ഇന്ത്യൻ പിച്ചുകളെ സംബന്ധിച്ച് ആരും സംസാരിക്കാത്ത സാഹചര്യത്തിൽ ഇത്തരം പിച്ചുകളെയും ഞങ്ങൾ കാര്യമാക്കുന്നില്ല. തീർച്ചയായും ഇതൊരു അപകടകരമായ പിച്ച് തന്നെയായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയിലേക്ക് എത്തുമ്പോൾ ഞങ്ങൾ ഇത്തരം വെല്ലുവിളികൾ സ്വീകരിക്കാൻ തയ്യാറായാണ് എത്തുന്നത്. ഇതൊക്കെയും നേരിടേണ്ടത് തന്നെയാണ്.”- രോഹിത് ശർമ പറയുന്നു.
ഇതോടൊപ്പം വ്യത്യസ്ത രാജ്യങ്ങളിൽ മാച്ച് റഫറികൾ പിച്ചിനെ റേറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അസ്ഥിരതയെ പറ്റിയും രോഹിത് സംസാരിക്കുകയുണ്ടായി. “ഇന്ത്യൻ സാഹചര്യത്തിൽ പിച്ചിൽ നിന്ന് ആദ്യദി വസം തന്നെ ടേൺ ലഭിച്ചാൽ അതൊരു മോശം പിച്ചാണ് എന്ന് ആളുകൾ പറയും. ഇവിടെ പക്ഷേ അത് കാണുന്നില്ല. നമ്മൾ ഇത്തരം കാര്യങ്ങളിൽ യുക്തിപരമായി ചിന്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മാച്ച് റഫറിമാർ.”
“ഏതു തരത്തിലാണ് പിച്ചുകൾ റേറ്റ് ചെയ്യുന്നത് എന്നറിയാൻ എനിക്ക് വലിയ താല്പര്യമുണ്ട്. ലോകകപ്പ് ഫൈനൽ നടന്ന അഹമ്മദാബാദിലെ പിച്ച് മോശമായി റേറ്റ് ചെയ്തത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. കാരണം ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ് സെഞ്ചുറി സ്വന്തമാക്കിയിരുന്നു. പിച്ച് റേറ്റ് ചെയ്യുമ്പോൾ അത്തരം കാര്യങ്ങൾ കൂടി കണക്കിലെടുക്കണം.”- രോഹിത് കൂട്ടിച്ചേർത്തു.
“ഇന്ത്യയിലെ പിച്ച് ആദ്യ ദിവസം മുതൽ സ്പെന്നിനെ വളരെയധികം അനുകൂലിക്കും എന്നത് നമുക്ക് അറിയാം. ആദ്യ ബോൾ മുതൽ അവിടെ ടേൺ ലഭിക്കും. എന്നാൽ ഇവിടെ ആദ്യ ബോൾ മുതൽ പന്തിന് സീം ലഭിക്കുകയാണെങ്കിൽ അത് എല്ലാവർക്കും ഒക്കെയാണ്. ഇത്തരം കാര്യങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല.”
“കേപ്പ്ടൗണിലെ മത്സരത്തിലേക്ക് വന്നാൽ ആദ്യ സെഷനിൽ തന്നെ പിച്ചന്റെ സ്വഭാവം ഞങ്ങൾ മനസ്സിലാക്കിയിരുന്നു. ഒരു വലിയ സ്കോർ മത്സരം ഇവിടെ നടക്കില്ല എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ കൃത്യത പുലർത്തുക എന്നതിലാണ് ഞങ്ങൾ പ്രാധാന്യം നൽകിയത്. ബാറ്റർമാരോടും മത്സരത്തിൽ ചെറിയ സംഭാവനകൾ നൽകണമെന്നാണ് ആവശ്യപ്പെട്ടത്.”- രോഹിത് പറഞ്ഞു വെക്കുന്നു.