ഇത് ഞങ്ങളുടെ ടെസ്റ്റ്‌ ചരിത്രത്തിലെ “ഗോൾഡൻ വിജയം”. കേപ്ടൗൺ വിജയത്തെ പറ്റി രോഹിത് ശർമ.

GC Yf4TWsAAEJrL e1704365991816

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ടെസ്റ്റ്‌ മത്സരത്തിൽ ഒരു ചരിത്ര വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ചരിത്രം തന്നെ മാറ്റിയ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയത്. ഇതാദ്യമായാണ് കേപ്ടൗണിൽ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

മാത്രമല്ല ഈ വിജയത്തോടെ പരമ്പര സമനിലയിലാക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇതൊക്കെയും വലിയ നേട്ടങ്ങൾ തന്നെയാണ്. കേപ്പ്ടൗണിലെ ടെസ്റ്റ് വിജയം ഏറ്റവും മികച്ച ടെസ്റ്റ് വിജയങ്ങളിൽ ഒന്നായാണ് തങ്ങൾ കാണുന്നത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. ഗാബേയിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയ വിജയത്തോട് താരതമ്യം ചെയ്താണ് രോഹിത് ശർമ സംസാരിച്ചത്.

“ഞങ്ങളെ സംബന്ധിച്ച് ഏറ്റവും മികച്ച ടെസ്റ്റ് വിജയങ്ങളിൽ ഒന്നാണ് ഇത്. ഇതിനു മുൻപ് ഞങ്ങൾ കേപ്പ്ടൗണിൽ വിജയിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ വിജയം ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ്. ടെസ്റ്റ് മത്സരങ്ങളെ തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ല. കാരണം എല്ലാ ടെസ്റ്റ് മത്സരങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്.”

“ഗാബയിലും ഞങ്ങൾ സമീപ സമയത്ത് ടെസ്റ്റ് മത്സരം വിജയിക്കുകയുണ്ടായി. അതിന് മുമ്പ് ഓസ്ട്രേലിയ ബ്രിസ്ബെയ്നിൽ പരാജയപ്പെട്ടത് 1988ലോ മറ്റോ ആയിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ശേഷം 32 വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് അവിടെ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ സാധിച്ചത്. അവരുടെ കോട്ട പോലെയായിരുന്നു അത്. അവിടെ അവർ ടെസ്റ്റ് മത്സരങ്ങൾ പരാജയപ്പെട്ടിട്ടില്ലായിരുന്നു.”- രോഹിത് പറയുന്നു.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

“ആ മത്സരത്തിലെ ഞങ്ങളുടെ വിജയം വളരെ നിർണായകമായ ഒന്നായിരുന്നു. ആ പരമ്പരയിൽ 1-0 എന്ന നിലയിൽ പിന്നിലായിരുന്നു ഞങ്ങൾ. ശേഷം ഞങ്ങൾ മെൽബണിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ വിജയിച്ചു. സിഡ്‌നിയിൽ മത്സരം സമനിലയിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ശേഷമാണ് ബ്രിസ്ബേയ്നിലും വിജയം സ്വന്തമാക്കിയത്.”

“അതുകൊണ്ടു തന്നെ ടെസ്റ്റ് മത്സരങ്ങളെ നമുക്ക് റാങ്ക് ചെയ്യാൻ സാധിക്കില്ല. കേപ്പ്ടൗണിൽ ഞങ്ങൾ ആദ്യമായി വിജയിക്കുന്നത് കൊണ്ട് തന്നെ ഈ വിജയം എല്ലാത്തിനും മുകളിൽ തന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കേപ്പ്ടൗൺ ഞങ്ങളെ സംബന്ധിച്ച് എത്രമാത്രം നിർണായകമാണ് എന്ന് ഈ ചരിത്രം പറയുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.

മത്സരത്തിലെ വിജയത്തിന്റെ പൂർണമായ ക്രെഡിറ്റും താൻ ടീമിലെ താരങ്ങൾക്കാണ് നൽകുന്നത് എന്നും രോഹിത് ശർമ കൂട്ടിച്ചേർക്കുകയുണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ചരിത്രം മാറ്റി കുറിച്ച ഒരു പരമ്പരയാണ് അവസാനിച്ചിരിക്കുന്നത്. ഇനി അഫ്ഗാനിസ്ഥാൻ ടീമിനെതിരെ 3 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യയ്ക്ക് അടുത്ത വെല്ലുവിളി. ശേഷം 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കും.

Scroll to Top