ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഒരു അത്ഭുത ഷോട്ടിലൂടെ സിക്സർ സ്വന്തമാക്കി ഇന്ത്യൻ താരം ഋഷഭ് പന്ത്. ഓസ്ട്രേലിയയുടെ അപകടകാരിയായ പേസർ കമ്മിൻസിനെതിരെയാണ് ഒരു അത്യപൂർവ്വ സിക്സർ സ്വന്തമാക്കി പന്ത് എല്ലാവരെയും ഞെട്ടിച്ചത്.
മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ 42ആം ഓവറിലാണ് ഈ സ്വീപ്പ് സിക്സർ പിറന്നത്. ഓവറിലെ അവസാന ബോൾ ഒരു ഫുൾ ബോളായാണ് പന്തിന്റെ അടുത്തേക്ക് വന്നത്. എന്നാൽ ഈ ബോളിൽ വീണു കിടന്ന് സ്വീപ്പ് കളിച്ചാണ് പന്ത് എല്ലാവരെയും ഞെട്ടിച്ചത്.
ഫുൾ ലെങ്ത്തിൽ ബോൾ വരുന്നു എന്ന് മനസ്സിലാക്കിയ റിഷഭ് പന്ത് തന്റെ പിൻവശത്തെ കാൽമുട്ട് പൂർണമായും മാറ്റിവെച്ച് ക്രീസിലേക്ക് വീഴുകയായിരുന്നു. ശേഷം കൃത്യമായി ബോളിന്റെ താഴെ നിന്ന് ബാറ്റ് ഉപയോഗിച്ച് സ്കൂപ്പ് ചെയ്യാൻ പന്തിന് സാധിച്ചു. ഫൈൻ ലെഗിന് മുകളിലൂടെ ബോൾ സിക്സർ ലൈൻ താണ്ടുകയായിരുന്നു. കമന്റ്റ്റർമാർ അടക്കം ഈ ഷോട്ടിൽ അത്ഭുതപ്പെട്ട് പന്തിനെ പ്രശംസിക്കുകയുണ്ടായി. 2021 ബോർഡർ- ഗവാസ്കർ ട്രോഫിയിലും പന്ത് ഇത്തരത്തിൽ അത്ഭുതകരമായ ഷോട്ടുകൾ കളിച്ച് എല്ലാവരെയും ഞെട്ടിച്ചിരുന്നു.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യ ബാറ്റിംഗിൽ തകർന്നു വീഴുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ജയസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ജയസ്വാൾ പൂജ്യനായി മടങ്ങുകയായിരുന്നു. ശേഷമെത്തിയ ദേവദത് പടിക്കൽ 23 പന്തുകൾ നേരിട്ടെങ്കിലും ഒരു റൺ പോലും സ്വന്തമാക്കാൻ സാധിച്ചില്ല. വിരാട് കോഹ്ലിയ്ക്ക് 12 പന്തുകളിൽ 5 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മത്സരത്തിന്റെ ആദ്യ സമയത്ത് 26 റൺസ് നേടിയ രാഹുൽ മാത്രമാണ് ക്രീസിൽ അല്പസമയമെങ്കിലും പിടിച്ചുനിന്നത്.
ശേഷം ഇന്ത്യ തകർന്നടിഞ്ഞ സാഹചര്യത്തിൽ പന്തും നിതീഷ് റെഡ്ഡിയും ചേർന്ന് തരക്കേടില്ലാത്ത കൂട്ടുകെട്ട് ടീമിനായി കെട്ടിപ്പടുക്കുകയായിരുന്നു. മത്സരത്തിൽ 78 ബോളുകൾ നേരിട്ട പന്ത് 38 റൺസ് സ്വന്തമാക്കി. നിതീഷ് റെഡ്ഡിയും തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്.
എന്നിരുന്നാലും ന്യൂസിലാൻഡിനെതിരായ പരമ്പരയ്ക്ക് ശേഷവും ഇന്ത്യ ബാറ്റിംഗ് ദുരന്തം തുടരുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. പേസർമാർക്ക് പിച്ചിൽ നിന്ന് ലഭിക്കുന്ന പിന്തുണയും ഓസ്ട്രേലിയൻ ബോളർമാർ നന്നായി ഉപയോഗിക്കുന്നുണ്ട്