ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് യുവതാരങ്ങളായ ശുഭമാൻ ഗില്ലും റിഷഭ് പന്തും കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ നിർണായകമായ സമയത്തായിരുന്നു ഇരുവരും ക്രീസിലെത്തിയത്.
167 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയ ശേഷമാണ് പന്ത് മടങ്ങിയത്. തന്റെ തിരിച്ചുവരവിൽ 128 പന്തുകൾ നേരിട്ട പന്ത് 109 റൺസാണ് നേടിയത്. ഇന്ത്യയ്ക്ക് മികച്ച ഒരു ലീഡ് സമ്മാനിക്കാൻ പന്തിന്റെയും ഗില്ലിന്റെയും മികച്ച ബാറ്റിംഗ് പ്രകടനത്തിന് സാധിച്ചു. എന്നാൽ ഇതിനിടെ മൈതാനത്ത് പന്ത് നടത്തിയ ഒരു സംഭാഷണമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്.
മത്സരത്തിന്റെ മൂന്നാം ദിവസം പതിയെയാണ് പന്തും ഗില്ലും ആരംഭിച്ചത്. എന്നാൽ ഇതിന് ശേഷം തങ്ങളുടെ റേഞ്ചിലേക്ക് എത്താൻ ഇരുവർക്കും സാധിച്ചു. ശേഷം ബംഗ്ലാദേശിനായി ഫീൽഡിംഗ് തന്ത്രങ്ങൾ നിർദ്ദേശിക്കുന്ന പന്തിന്റെ വീഡിയോയാണ് വലിയ ശ്രദ്ധ നേടിയത്. ഇന്ത്യൻ ബാറ്റിംഗിനിടെ ബംഗ്ലാദേശ് നായകൻ ഷാന്റോയോട് മിഡ്വിക്കറ്റിൽ ഒരു ഫീൽഡറെ നിർത്താൻ പന്ത് ആവശ്യപ്പെടുകയായിരുന്നു.
Always in the captain’s ear, even when it’s the opposition’s! 😂👂
— JioCinema (@JioCinema) September 21, 2024
Never change, Rishabh Pant! 🫶🏻#INDvBAN #IDFCFirstBankTestSeries #JioCinemaSports pic.twitter.com/PgEr1DyhmE
“ഹേയ്, ഇവിടെ ഒരു ഫീൽഡറെ നിർത്തൂ. ഈ ഭാഗത്ത് ഒരുപാട് ഫീൽഡർമാരില്ല.”- പന്ത് ഷാന്റോയോട് പറഞ്ഞു. ഇത് കേട്ട ഷാന്റോ ഉടൻതന്നെ മിഡ്വിക്കറ്റിലേക്ക് ഒരു ഫീൽഡറെ നിർത്തുകയും ചെയ്തു. മുൻപ് മഹേന്ദ്ര സിംഗ് ധോണിയും ഇത്തരത്തിൽ ബംഗ്ലാദേശ് ടീമിന് ഫീൽഡിംഗ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
2019 ഏകദിന ലോകകപ്പിനിടെയായിരുന്നു ധോണി ഇത്തരത്തിൽ ബംഗ്ലാദേശിന് ഫീൽഡിങ് നിർദേശങ്ങൾ നൽകിയത്. അന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഫീൽഡർ സബീർ റഹ്മാനെ അല്പം മാറ്റി നിർത്താൻ ധോണി ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് ബംഗ്ലാദേശ് ടീം അത് അനുസരിക്കുകയും ചെയ്തു.
വളരെ വിചിത്രമായാണ് പന്തും ഇത്തരത്തിൽ ഫീൽഡിങ് നിർദേശങ്ങൾ നൽകിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ലീഡ് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടമായി.
67 റൺസ് സ്വന്തമാക്കുന്നതിനിടെ ഇന്ത്യയുടെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. ഈ സമയത്താണ് പന്തും ഗില്ലും ക്രീസിലെത്തിയത്. ഇരുവരും ഇന്ത്യയുടെ രക്ഷകരായി മാറുകയായിരുന്നു. മൂന്നാം ദിവസം ശക്തമായ ബാറ്റിംഗ് തന്നെയാണ് ഇരുവരും കാഴ്ചവെച്ചത്. ഒരു ഏകദിന മത്സരത്തിന്റെ രീതിയിലാണ് പന്ത് ബംഗ്ലാദേശിനെ അടിച്ചൊതുക്കിയത്. 13 ബൗണ്ടറികളും 4 സിക്സറുകളുമാണ് പന്തിന്റെ ഈ തട്ടുപൊളിപ്പൻ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഗില്ലും പന്തിന് വേണ്ട പിന്തുണ നൽകി. മത്സരത്തിൽ ബംഗ്ലാദേശിന് എത്തിപ്പിടിക്കാനാവാത്ത ഒരു സ്കോർ ഇതിനോടകം തന്നെ ഇന്ത്യൻ ടീം സ്വന്തമാക്കിയിട്ടുണ്ട്.