“റിഷഭ് പന്ത് എന്നേക്കാൾ നന്നായി ആക്രമിച്ച് കളിക്കുന്നു”, പ്രശംസകളുമായി ആദം ഗിൽക്രിസ്റ്റ്.

20240921 121301

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച വച്ചിട്ടുള്ളത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ പന്തിന് സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ പൂർണമായും തകര്‍ക്കാന്‍ പന്തിന് സാധിച്ചു.

ആക്രമണ മനോഭാവത്തോടെ ബംഗ്ലാദേശ് ബോളിങ്ങിനെ നേരിടുന്നതിൽ റിഷഭ് പന്ത് വിജയം കാണുകയായിരുന്നു. പന്തിന്റെ ഈ ആക്രമണ മനോഭാവത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്. തന്നെക്കാൾ ഒരു പടി ആക്രമണം അഴിച്ചുവിടുന്ന താരമാണ് പന്ത് എന്ന് ഗിൽക്രിസ്റ്റ് പറയുകയുണ്ടായി.

“എന്നെക്കാൾ ഒരുപടി മുന്നിൽ ആക്രമണം അഴിച്ചു വിടുന്ന താരമാണ് റിഷഭ് പന്ത് എന്ന് ഞാൻ കരുതുന്നു. എന്റെ സമയത്ത് ഞാനും ഇത്തരത്തിൽ ആക്രമിച്ചാണ് കളിച്ചിരുന്നത്. പക്ഷേ പന്ത് എന്നെക്കാൾ വ്യത്യസ്തനാണ്. യാതൊരു ഭയപ്പാടും ഇല്ലാതെയാണ് അവൻ മൈതാനത്ത് കളിക്കാറുള്ളത്. ചില സമയങ്ങളിൽ അവൻ ആക്രമണം അവസാനിപ്പിച്ച് കുറച്ച് സമ്മർദ്ദങ്ങൾ ഉൾക്കൊള്ളാറുണ്ട്. അതുകൊണ്ട് തന്നെ അവൻ ഒരു ക്ലാസ് താരമാണ് എന്ന് അനായാസം പറയാൻ സാധിക്കും.”- ഗില്‍ക്രിസ്റ്റ് പറയുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിൽ ആരാധകരെ വിനോദത്തിലാക്കാൻ പന്തിന് സാധിക്കാറുണ്ട് എന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

ആരാധകർ നൽകുന്ന പണത്തിന് പൂർണ്ണമായ മൂല്യം നൽകാൻ പന്തിന്റെ ബാറ്റിംഗ് ശൈലിയ്ക്ക് സാധിക്കുന്നുണ്ട് എന്നാണ് ഗില്ലി കരുതുന്നത്. “പണം നൽകി ഗ്യാലറികളിലെത്തുന്ന ആളുകൾക്ക് വലിയൊരു വിനോദം തന്നെയാണ് പന്തിന്റെ ഇന്നിംഗ്സ്. അവൻ മൈതാനത്ത് കളിക്കുന്നത് കാണാനായി പണം മുടക്കാൻ ഞാൻ തയ്യാറാണ്. അതൊരു ചെറിയ കഴിവായി ഞാൻ കാണുന്നില്ല. എല്ലായിപ്പോഴും നല്ല ഫലമുണ്ടാക്കി മാറ്റാൻ പന്തിന്റെ ബാറ്റിംഗ് ശൈലിയ്ക്ക് സാധിക്കുന്നു. അവനൊരു വിജയിയും പോരാളിയുമാണ്. അക്കാര്യം നമുക്കറിയാം. എന്ത് കാര്യത്തിലും കൃത്യമായി ക്ലാസ് കണ്ടെത്താൻ അവന് സാധിക്കാറുണ്ട്. മാത്രമല്ല മൈതാനത്ത് ഒരുപാട് തമാശകളുമായി കളം നിറയാനും പന്തിന് സാധിക്കുന്നു. തമാശ രീതിയിൽ സീരിയസായ കാര്യങ്ങളെ കൈകാര്യം ചെയ്യാനും അവൻ മിടുക്കനാണ്.”- ഗില്ലി കൂട്ടിച്ചേർത്തു.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങൾ തന്നെയാണ് പന്ത് കാഴ്ച വെച്ചിട്ടുള്ളത്. 34 ടെസ്റ്റ് മത്സരങ്ങളാണ് പന്ത് തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 2322 റൺസ് സ്വന്തമാക്കാൻ പന്തിന് സാധിച്ചിട്ടുണ്ട്.

43.81 എന്ന വമ്പൻ ശരാശരിയാണ് പന്തിനുള്ളത്. ഇന്ത്യക്കായി 5 സെഞ്ച്വറികളും 11 അർദ്ധസെഞ്ച്വറികളും പന്ത് സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ മാച്ച് വിന്നിങ് പ്രകടനങ്ങൾ കാഴ്ചവെച്ചായിരുന്നു പന്ത് വലിയ ശ്രദ്ധ നേടിയത്.

Scroll to Top