ധോണിയുടെ റെക്കോർഡിനൊപ്പമെത്തി റിഷഭ് പന്ത്. എലൈറ്റ് ക്ലബ്ബിലേക്ക് രാജകീയ  എൻട്രി.

20240921 134205

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചത്. 637 ദിവസങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പന്തിന്, തന്റെ ടെസ്റ്റ്‌ ക്രിക്കറ്റിലെ ആറാം സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ഇരുപതാം ഓവറിലായിരുന്നു പന്ത് ക്രീസിലേക്ക് എത്തിയത്.

ഇതിന് ശേഷം പന്തിന്റെ ഒരു ഷോ തന്നെയാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ഗില്ലിനൊപ്പം മൈതാനത്ത് തുടർന്ന് ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ പന്തിന് സാധിച്ചു. മോശം പന്തുകളെ ബൗണ്ടറി കടത്തിയാണ് മൂന്നാം ദിവസം പന്ത് ആരംഭിച്ചത്. 88 ബോളുകളിൽ നിന്നായിരുന്നു പന്ത് തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്. പിന്നാലെ 124 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറി നേടാനും പന്തിന് സാധിച്ചു. ഇതോടെ ഒരു കിടിലൻ റെക്കോർഡിൽ മഹേന്ദ്ര സിംഗ് ധോണിയ്ക്കൊപ്പം എത്താനും പന്തിന് കഴിഞ്ഞിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ ലിസ്റ്റിലാണ് പന്ത് മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം സ്ഥാനം കണ്ടെത്തിയത്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 90 ടെസ്റ്റ് മത്സരങ്ങളാണ് മഹേന്ദ്ര സിംഗ് ധോണി കളിച്ചത്. ഇതിൽ നിന്നാണ് 6 ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കിയത്.

അതേസമയം കേവലം 34 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 6 സെഞ്ച്വറികൾ സ്വന്തമാക്കി ഈ റെക്കോർഡിനൊപ്പം എത്താൻ പന്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനായി 3 സെഞ്ചുറികൾ സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.

മത്സരത്തിൽ ഇന്ത്യയ്ക്കായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു ഗില്ലും പന്തും കാഴ്ചവച്ചത്. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന മോശം അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഇരുവരും ക്രീസിലെത്തിയത്. ശേഷം അങ്ങേയറ്റം ക്ഷമയോടെയാണ് ഇരുവരും ആരംഭിച്ചത്.

 പിന്നീട് പന്തും ഗില്ലും തങ്ങളുടെ സംഹാരത്തിലേക്ക് കടക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശ് ബൊളർമാരെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചു. പന്തായിരുന്നു മത്സരത്തിൽ ഏറ്റവും അപകടകാരിയായ ബാറ്റർ.

128 പന്തുകളിൽ 109 റൺസാണ് പന്ത് മത്സരത്തിൽ സ്വന്തമാക്കിയത്. 13 ബൗണ്ടറികളും 4 സിക്സറുകളും പന്തിന്റെ ഈ കിടിലൻ ഇന്നിങ്സിൽ ഉൾപ്പെട്ടു. അതേസമയം ഗില്ലിനും മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ഒരു വമ്പൻ ലീഡ് ഇവരുടെയും മികവിൽ ഇന്ത്യ നേടി കഴിഞ്ഞു.

മത്സരത്തിൽ ഇന്ത്യയുടെ ബോളർമാർ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ അനായാസ വിജയം ടീമിന് സ്വന്തമാക്കാൻ സാധിക്കും. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യയിലേക്ക് എത്തിയ ബംഗ്ലാദേശിന് വലിയ തിരിച്ചടി തന്നെയാണ് മത്സരത്തിന്റെ ആദ്യ 3 ദിവസങ്ങളിൽ ലഭിച്ചിരിക്കുന്നത്.

Scroll to Top