ബുംറ റിട്ടേൺസ്. തിരിച്ചുവരവിൽ ബംഗ്ലകളെ എറിഞ്ഞിട്ടു. ബംഗ്ലാദേശ് 149ന് പുറത്ത്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ബോളർമാർ. അശ്വിന്റെയും ജഡേജയുടെയും മികച്ച ബാറ്റിംഗിന്റെ ബലത്തിൽ 376 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് കേവലം 149 റൺസിൽ അവസാനിപ്പിക്കാൻ ഇന്ത്യയുടെ ബോളർമാർക്ക് സാധിച്ചു.

4 വിക്കറ്റുകൾ സ്വന്തമാക്കിയ ബുംറയാണ് ഇന്ത്യൻ നിരയിൽ തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ചവച്ചത്. മറ്റുള്ളവരും നിർണ്ണായകസമയത്ത് വിക്കറ്റുകൾ സ്വന്തമാക്കിയതോടെ ബംഗ്ലാദേശിന്റെ ബാറ്റിംഗ് നിര തകർന്നു വീഴുകുകയായിരുന്നു.

ഇന്ത്യ ഉയർത്തിയ ആദ്യ ഇന്നിങ്സിലെ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ ബംഗ്ലാദേശ് പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു. തുടക്കത്തിൽ തന്നെ ബംഗ്ലാദേശിന് തങ്ങളുടെ ഓപ്പണർ ഇസ്ലമിന്റെ(2) വിക്കറ്റ് നഷ്ടമായി. തിരിച്ചുവരവിൽ ബുംറ ഇസ്ലമിന്റെ കുറ്റി പിഴുതെറിയുകയായിരുന്നു. ശേഷം മറ്റൊരു ഓപ്പണറായ സക്കീർ ഹസനും(3) മോമീനുള്ളും(0) തുടർച്ചയായ പന്തുകളിൽ പുറത്തായതോടെ ബംഗ്ലാദേശ് പതറി. പിന്നീടെത്തിയ മുഷ്ഫീഖുർ റഹീമിനും(8) മറ്റൊന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. ഇങ്ങനെ ബംഗ്ലാദേശ് തകർന്നു വീഴുകയാണ് ഉണ്ടായത്. എന്നാൽ മധ്യനിരയിൽ ഷക്കീബ് അൽ ഹസനും വിക്കറ്റ് കീപ്പർ ലിറ്റൻ ദാസും അല്പസമയം ക്രീസിലുറച്ചത് ബംഗ്ലാദേശിന് പ്രതീക്ഷകൾ നൽകി.

ഷക്കീബ് 32 റൺസും ലിറ്റൻ 22 റൺസുമാണ് നേടിയത്. എന്നാൽ ഇരുവരെയും കൃത്യസമയത്ത് പുറത്താക്കി ജഡേജ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനിടെ ചെറിയ സ്പെല്ലുകൾ ബുംറയ്ക്ക് നൽകി രോഹിത് ഉജ്ജ്വല ക്യാപ്റ്റൻസി പുറത്തെടുത്തു. ബംഗ്ലാദേശ് നിരയിലെ അവസാന വിക്കറ്റുകൾ എറിഞ്ഞിടാൻ ബുമ്രയാണ് മികച്ച ഓപ്ഷൻ എന്ന് ബോധ്യമുള്ള രോഹിത്, തന്റെ വജ്രയുധം കൃത്യമായി സമയത്ത ഉപയോഗിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിന്റെ വാലറ്റവും ഇന്ത്യൻ ബോളിംഗ് നിരയ്ക്ക് മുൻപിൽ പരാജയം സമ്മതിച്ചു.

മത്സരത്തിൽ കേവലം 149 റൺസിനാണ് ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചിരിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ 227 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സിൽ ബുംറ ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ തട്ടുപൊളിപ്പൻ ബോളിങ് പ്രകടനം തന്നെ കാഴ്ചവയ്ക്കുകയുണ്ടായി. മത്സരത്തിൽ 50 റൺസ് മാത്രം വിട്ടുനൽകിയാണ് ബുമ്ര 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ മത്സരത്തിൽ 2 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. എന്തായാലും തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനം തന്നെയാണ് ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ കാഴ്ചവച്ചത്.

Previous article2 പന്തുകളിൽ 2 കുറ്റികൾ പിഴുതെറിഞ്ഞ് ആകാശ് ദീപ്. കടുവകളൃ ഞെട്ടിച്ച് ഇന്ത്യൻ വീര്യം.
Next articleരണ്ടാം ദിവസം ഇന്ത്യൻ ആധിപത്യം. കൂറ്റന്‍ ലീഡ് സ്വന്തമാക്കി ഇന്ത്യൻ കുതിപ്പ്.