2 പന്തുകളിൽ 2 കുറ്റികൾ പിഴുതെറിഞ്ഞ് ആകാശ് ദീപ്. കടുവകളൃ ഞെട്ടിച്ച് ഇന്ത്യൻ വീര്യം.

ഇന്ത്യ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെ വിറപ്പിച്ച് ഇന്ത്യയുടെ പേസർ ആകാശ് ദീപ്. വമ്പൻ ബാറ്റിംഗ് പ്രകടനത്തിനായി മൈതാനത്തെത്തിയ ബംഗ്ലാദേശിനെ തുടർച്ചയായ പന്തുകളിൽ ഞെട്ടിച്ചാണ് ആകാശ് ദീപ് കളം നിറഞ്ഞത്. മത്സരത്തിൽ തുടരെ 2 പന്തുകളിൽ സക്കീർ ഹസന്റെയും മോമിനുള്ളിന്റെയും കുറ്റികൾ പിഴുതെറിഞ്ഞാണ് ആകാശ് ദീപ് ഇന്ത്യയ്ക്ക് മേല്‍കൈ നേടിക്കൊടുത്തത്.

മത്സരത്തിൽ ഇതുവരെ അത്യുഗ്രൻ ബോളിംഗ് പ്രകടനം തന്നെയാണ് ആകാശ് കാഴ്ച വെച്ചിട്ടുള്ളത്. ബൂമ്രയായിരുന്നു ബംഗ്ലാദേശ് നിരയിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. ശേഷം ആകാശ് ദീപ് തന്റെ ആധിപത്യം പുലർത്തുകയായിരുന്നു.

മത്സരത്തിൽ ഉച്ചഭക്ഷണത്തിന് തൊട്ടു മുൻപാണ് ആകാശ് തുടർച്ചയായ പന്തുകളിൽ അത്ഭുതം കാട്ടിയത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സിലെ ഒമ്പതാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ ആദ്യ പന്തൽ സക്കീർ ഹസനെ പൂർണ്ണമായും ഞെട്ടിക്കാൻ ആകാശ് ദീപിന് സാധിച്ചു.

കൃത്യമായി ആംഗിൾ ചെയ്തുവന്ന, മനോഹരമായ പന്തിന്റെ ദിശ നിർണയിക്കുന്നതിൽ സക്കീർ ഹസൻ പരാജയപ്പെടുകയായിരുന്നു. ഒരു ഡ്രൈവ് ഷോട്ടിന് സക്കീർ ശ്രമിച്ചെങ്കിലും പന്ത് കൃത്യമായ ഗ്യാപ്പിലൂടെ സക്കീറിന്റെ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചു. മത്സരത്തിൽ 22 പന്തുകൾ നേരിട്ട സക്കീർ 3 റൺസ് മാത്രമാണ് നേടിയത്.

തൊട്ടടുത്ത പന്തിൽ പുതിയ ബാറ്ററായ മോമിനുള്ളിനെ പുറത്താക്കാനും ആകാശിന് സാധിച്ചു. കൃത്യമായി ലെങ്തിൽ വന്ന പന്ത് പ്രതിരോധിക്കാനാണ് മോമീനൂൾ ശ്രമിച്ചത്. എന്നാൽ അവസാന നിമിഷം പന്ത് നന്നായി ആംഗിൾ ചെയ്യുകയും, മോമിനുള്ളിന്റെ ഓഫ്‌ സ്റ്റമ്പ് പിഴുതെറിയുകയും ചെയ്തു. ഇത് ഇന്ത്യൻ ക്യാമ്പിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഇതോടുകൂടി ആദ്യ സെഷനിൽ തന്നെ ബംഗ്ലാദേശിന്റെ 3 നിർണായക വിക്കറ്റുകൾ പിഴുതെറിയാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അടുത്ത സെഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യൻ ബോളർമാർ എത്തുക.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ കൈപിടിച്ചു കയറ്റിയത് രവിചന്ദ്രൻ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ഉഗ്രൻ ബാറ്റിംഗ് പ്രകടനങ്ങൾ ആയിരുന്നു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് അശ്വിൻ സ്വന്തമാക്കിയത്. 133 പന്തുകൾ ഇന്നിങ്സിൽ നേരിട്ട അശ്വിൻ 11 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 113 റൺസ് സ്വന്തമാക്കുകയാണ് ഉണ്ടായത്. രവീന്ദ്ര ജഡേജ 124 പന്തുകളിൽ 10 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 86 റൺസാണ് നേടിയത്. ഇങ്ങനെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 376 എന്ന സ്കോറിൽ എത്തുകയായിരുന്നു.