ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം രസം കൊല്ലിയായി മഴ. മത്സരത്തിൽ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്. മത്സരത്തിന്റെ രസം പൂർണമായും ഇല്ലാതാക്കാൻ മഴയ്ക്ക് സാധിച്ചു. പിന്നീട് മഴ കനത്തതോടെ ആദ്യ ദിവസത്തെ കളി തുടരാൻ സാധിക്കാതെ വരികയായിരുന്നു. മത്സരത്തിൽ മികച്ച തുടക്കമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. എന്നാൽ തുടർച്ചയായി പെയ്യുന്ന മഴ ഇന്ത്യയെ മത്സരത്തിൽ ബാധിക്കുകയുണ്ടായി.
മത്സരത്തിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ മൈതാനത്തേക്ക് എത്തിയത്. ടോസ് നേടിയ രോഹിത് ശർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കമാണ് ബംഗ്ലാദേശിന് ഓപ്പണർമാർ നൽകിയത്. എന്നാൽ ഇന്നിംഗ്സിലെ ഒമ്പതാം ഓവറിൽ സക്കീർ ഹസനെ പുറത്താക്കി ആകാശ് ദീപ് ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏൽപ്പിക്കുകയായിരുന്നു.
24 പന്തുകൾ ക്രീസിൽ തുടർന്നെങ്കിലും ഹസന് റൺസ് ഒന്നുംതന്നെ നേടാൻ സാധിച്ചിരുന്നില്ല. താരത്തിനെ ജയസ്വാളിന്റെ കൈകളിൽ എത്തിച്ചാണ് ആകാശ് ദീപ് തുടക്കമിട്ടത്. ശേഷം ആദ്യ സെഷനിൽ തന്നെ ശദ്മാൻ ഇസ്ലാമിനെയും മടക്കാൻ ആകാശ് ദീപിന് സാധിച്ചു.
36 പന്തുകളിൽ 4 ബൗണ്ടറികളടക്കം 24 റൺസ് ആയിരുന്നു ഇസ്ലാം നേടിയത്? ഇസ്ലാമിനെ ആകാശ് ദീപ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെ തരക്കേടില്ലാത്ത ഒരു ആദ്യ സെക്ഷൻ തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് വളരെ കരുതലോടെയാണ് കളിച്ചത്. നായകൻ ഷാന്റോ തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ബൗണ്ടറികളും മറ്റും കണ്ടെത്തുകയുണ്ടായി. എന്നാൽ അശ്വിൻ ഷാന്റോയെ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു. 57 പന്തുകളിൽ 31 റൺസാണ് ഷാന്റോ നേടിയത്.
മറുവശത്ത് ബംഗ്ലാദേശിനായി ആദ്യ ദിവസം മികച്ച ബാറ്റിംഗ് പ്രകടനമാണ് മോമിനുൽ പുറത്തെടുത്തത്. മത്സരത്തിൽ 81 പന്തുകൾ നേരിട്ട മോമിനുൽ 40 റൺസ് നേടി പുറത്താവാതെ ക്രീസിലുണ്ട്. മോമിനുല്ലും മുഷ്പിഖുർ റഹീമും ബംഗ്ലാദേശിനെ പതിയെ മുൻപിലേക്ക് നയിക്കുകയായിരുന്നു. ഈ സമയത്താണ് മഴ എത്തിയത്. ഇത് മത്സരത്തിന്റെ രസം പൂർണ്ണമായും നശിപ്പിച്ചു. 35 ഓവറുകൾ മാത്രമാണ് ആദ്യദി വസം പന്തറിയാൻ സാധിച്ചത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും രവിചന്ദ്രൻ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ടാം ദിവസം മികച്ച പ്രകടനം പുറത്തെടുത്ത് ബംഗ്ലാദേശിനെ ഏറ്റവും വേഗത്തിൽ പുറത്താക്കാനാണ് ഇന്ത്യൻ ബോളർമാരുടെ ശ്രമം.