“ധോണി മികച്ച നായകൻ, ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇഷ്ടമായത് ആ കാര്യം”, യുവരാജ് സിംഗ്

dhoni and yuvi

ഇന്ത്യക്കായി വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ഒരു ഇതിഹാസ താരമാണ് യുവരാജ് സിംഗ്. ഇപ്പോൾ ഇന്ത്യയുടെ മുൻനായകന്മാരായ മഹേന്ദ്ര സിങ്‌ ധോണിയെയും സൗരവ് ഗാംഗുലിയെയും പറ്റിയാണ് യുവരാജ് സിംഗ് സംസാരിച്ചിരിക്കുന്നത്. ഇരുവരുടെയും ക്യാപ്റ്റൻസിയിലുള്ള സ്റ്റൈലിനെ സംബന്ധിച്ചാണ് യുവരാജ് വാചാലനായത്.

സൗരവ് ഗാംഗുലി നായകനായിരുന്ന സമയത്തായിരുന്നു യുവരാജ് ഇന്ത്യൻ ടീമിലേക്ക് എത്തിയത്. തനിക്കും ടീമിലുള്ള അന്നത്തെ യുവതാരങ്ങളായ ഹർഭജൻ സിംഗ്, സഹീർ ഖാൻ തുടങ്ങിയവർക്കും ഒരുപാട് ആത്മവിശ്വാസം നൽകിയ നായകനാണ് ഗാംഗുലി എന്ന് യുവരാജ് പറയുകയുണ്ടായി. മാത്രമല്ല മത്സരങ്ങളിൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും യുവതാരങ്ങൾക്ക് കൂടുതൽ അവസരം ഗാംഗുലി നൽകിയിരുന്നു എന്നാണ് യുവരാജ് പറഞ്ഞത്.

മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റൻസിയും വളരെ വ്യത്യസ്തമായിരുന്നു എന്ന് യുവരാജ് പറയുകയുണ്ടായി. “ഇന്ത്യൻ ടീമിന് കുറച്ചധികം നായകന്മാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാൻ വലിയ രീതിയിൽ പരിഗണിക്കുന്നത് സൗരവ് ഗാംഗുലിയെയും മഹേന്ദ്രസിംഗ് ധോണിയെയുമാണ്. ഇരുവരുടെയും കീഴിൽ കളിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലി നായകനായിരുന്ന സമയത്ത് ആയിരുന്നു ഞാൻ ടീമിലേക്ക് എത്തിയത്. യുവതാരങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസവും അവസരങ്ങളും നൽകുന്ന നായകനായിരുന്നു സൗരവ് ഗാംഗുലി. ആ സമയത്ത് ഞങ്ങൾ യുവതാരങ്ങളായിരുന്നു മാത്രമല്ല സ്ഥിരതയോടെ പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നുമില്ല.”- യുവരാജ് പറഞ്ഞു.

Read Also -  "ഈ സാഹചര്യമായിരുന്നു എനിക്കാവശ്യം, റിങ്കുവും നിതീഷും കസറി", പ്രശംസകളുമായി സൂര്യകുമാർ യാദവ്.

“അന്ന് എന്നെപ്പോലെ തന്നെ യുവതാരങ്ങളായിരുന്നു സേവാഗും ഭാജിയും സഹീർ ഖാനും. പല മത്സരങ്ങളിലും ഞങ്ങൾ പരാജയപ്പെട്ടു. പക്ഷേ ഗാംഗുലി ഞങ്ങൾക്ക് ഒരുപാട് അവസരങ്ങൾ നൽകി. ഭാവിയിൽ ഞങ്ങൾ നന്നാവുമെന്ന് ഗാംഗുലിയ്ക്ക് അന്ന് ഉറപ്പുണ്ടായിരുന്നു. ഗാംഗുലിയ്ക്ക് ശേഷം ടീം രാഹുൽ ദ്രാവിഡിന്റെ കൈകളിൽ എത്തുകയായിരുന്നു. അതിന് ശേഷമാണ് ധോണി ടീമിന്റെ നായകനായി എത്തിയത്.”- യുവരാജ് സിംഗ് പറയുകയുണ്ടായി.

“മഹേന്ദ്രസിംഗ് ധോണിയിലേക്ക് ഇന്ത്യൻ ടീം എത്തുമ്പോൾ ഇന്ത്യയ്ക്ക് വളരെ മികച്ച ഒരു പരിശീലകൻ ഉണ്ടായിരുന്നു. ഗ്യാരി ക്രിസ്റ്റൻ ഞങ്ങൾക്ക് ലോകകപ്പ് വിജയിക്കാൻ സാധിക്കുമെന്നും ഒന്നാം നമ്പർ ടെസ്റ്റ് ടീമായി മാറാൻ സാധിക്കുമെന്നും ആത്മവിശ്വാസം നൽകിയത് ഗ്യാരി ക്രിസ്റ്റനാണ്. മാത്രമല്ല മഹേന്ദ്രസിംഗ് ധോണി വളരെ മികച്ച ഒരു നായകനായിരുന്നു. സൗരവ് ഗാംഗുലി കൂടുതലായി ആക്രമണ മനോഭാവം പുലർത്തിയിരുന്ന നായകനായിരുന്നു. അതേസമയം ധോണി വളരെ വ്യത്യസ്തനായിരുന്നു. എനിക്ക് ധോണിയിൽ ഇഷ്ടപ്പെട്ട ഒരു കാര്യം ധോണിയ്ക്ക് എല്ലായിപ്പോഴും ഒരു പ്ലാൻ ബി ഉണ്ടാവും എന്നതാണ്. പ്ലാൻ എ കൃത്യമായി പ്രാവർത്തികമായില്ലെങ്കിൽ ധോണി നേരെ പ്ലാൻ ബിയിലേക്ക് പോകും.”- യുവരാജ് കൂട്ടിച്ചേർത്തു.

Scroll to Top