നെറ്റ്സിലും കോഹ്ലി ദുരന്തം. 15 പന്തുകൾക്കിടെ കോഹ്ലിയുടെ വിക്കറ്റ് 4 തവണ നേടി ബുംറ

GYZh9cAXUAAlRss

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 6 റൺസും രണ്ടാം ഇന്നിങ്സിൽ 17 റൺസുമാണ് കോഹ്ലി നേടിയത്. മാത്രമല്ല വളരെ മോശം ഷോട്ടുകൾ കളിച്ചായിരുന്നു മത്സരത്തിൽ കോഹ്ലി പുറത്തായത്.

കോഹ്ലിയുടെ ഈ മോശം പ്രകടനത്തിന് ശേഷം വലിയ ആശങ്കയാണ് ഇന്ത്യൻ ആരാധകർക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്ക് ഇനി ഒരുപാട് ടെസ്റ്റ് പരമ്പരകൾ വരാനിരിക്കുന്നതിനാൽ, വിരാട് കോഹ്ലി ഫോമിലേക്ക് തിരികെ വരേണ്ടത് ഒരു വലിയ ആവശ്യമായി മാറിയിട്ടുണ്ട്. രണ്ടാം ടെസ്റ്റ് മത്സരത്തിലെങ്കിലും കോഹ്ലി മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ നട്ടെല്ലായി മാറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിലും കോഹ്ലി പരാജയമായി മാറി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

പ്രമുഖ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെറ്റ്സിൽ ബുംറയുടെ 15 പന്തുകൾ കോഹ്ലി നേരിട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ കോഹ്ലി 4 തവണ പുറത്തായി എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ബുംറ എറിഞ്ഞ നാലാം പന്ത് കൃത്യമായി കോഹ്ലിയുടെ പാഡിൽ കൊള്ളുകയും, അത് ഔട്ടാണ് എന്ന് ബുംറ പറയുകയും ചെയ്തതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിന് ശേഷം 2 ബോളുകൾക്കിപ്പുറം ഒരു ഔട്ട്സൈഡ് എഡ്ജ് കോഹ്ലിയുടെ ബാറ്റിൽ നിന്നുണ്ടായി എന്നും റിപ്പോർട്ടിൽ പറയുകയുണ്ടായി. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിക്കുകയായിരുന്നു കോഹ്ലി.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

ഇതിന് ശേഷം കോഹ്ലി പേസിൽ നിന്നും മാറി സ്പിന്നർമാർക്കെതിരെ പരിശീലനം തുടർന്നു. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരുടെ പന്തുകളിലാണ് കോഹ്ലി പരിശീലനം തുടർന്നത്. ജഡേജയ്ക്കെതിരെ ആക്രമണം അഴിച്ചുവിടാൻ കോഹ്ലി ശ്രമിച്ചെങ്കിലും, പൂർണമായും പരാജയപ്പെടുകയായിരുന്നു. ഒരു ഇൻസൈഡ് ഷോട്ടിന് കോഹ്ലി ശ്രമിച്ചങ്കിലും 3 തവണ നിരന്തരം കോഹ്ലിയ്ക്ക് ജഡേജയുടെ പന്തുകൾ മിസ്സായി. ഇതിന് പിന്നാലെ അക്ഷർ പട്ടേലിന്റെ പന്തിൽ കോഹ്ലി ക്ലീൻ ബൗൾഡ് ആവുകയും ചെയ്തു. കോഹ്ലിയുടെ പ്രതിരോധത്തെ മറികടന്ന് അക്ഷറിന്റെ പന്ത് സ്റ്റമ്പിൽ പതിക്കുകയായിരുന്നു.

ഇതിന് ശേഷം കോഹ്ലി നെറ്റ്സിൽ പന്തുകളെ നേരിട്ടില്ല. പിന്നീട് ശുഭമാൻ ഗില്ലാണ് പരിശീലനത്തിനായി എത്തിയത്. കോഹ്ലിയുടെ മോശം ഫോം ഇതിനോടകം തന്നെ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. കോഹ്ലിയെയും രോഹിത് ശർമയേയും ബിസിസിഐ ദുലീപ് ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂർണമെന്റുകളിൽ കളിപ്പിക്കാതിരുന്നതിനെതിരെയാണ് വലിയ വിമർശനം ഉയർന്നിരിക്കുന്നത്. ഇരുവരെയും ദുലീപ് ട്രോഫിയിൽ കളിപ്പിക്കാൻ ബിസിസിഐ തയ്യാറായിരുന്നെങ്കിൽ, മികച്ച പ്രകടനങ്ങൾ ഇരുവരും ബംഗ്ലാദേശിനെതിരെ കാഴ്ചവച്ചേനെ എന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുകയുണ്ടായി.

Scroll to Top