ചരിതം. ദക്ഷിണാഫ്രിക്കയെ വീണ്ടും തകർത്ത് അഫ്ഗാൻ. ഏകദിന പരമ്പര സ്വന്തമാക്കി

ദക്ഷിണാഫ്രിക്കെതിരെ ചരിത്രം രചിച്ച് അഫ്ഗാനിസ്ഥാൻ. പരമ്പരയിലെ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോക ക്രിക്കറ്റിനെ ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. 177 റൺസിന്റെ വിജയമാണ് മത്സരത്തിൽ അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് മത്സരത്തിൽ പിറന്നത്. ആദ്യ മത്സരത്തിലും ശക്തമായ പ്രകടനം കാഴ്ചവച്ച് ദക്ഷിണാഫ്രിക്കയെ തുരത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാനിസ്ഥാൻ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

ഷാർജയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് അഫ്ഗാനിസ്ഥാനായി തങ്ങളുടെ ബാറ്റർമാർ കാഴ്ചവച്ചത്. ഓപ്പണർ ഗുർബാസ്, നേരിട്ട ആദ്യ ബോൾ മുതൽ കൃത്യമായ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കൻ ബോളർമാരെ തലങ്ങും വിലങ്ങും പായിക്കാൻ ഗുർബാസിനെ സാധിച്ചു. മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. 110 പന്തുകളിൽ 10 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 105 റൺസാണ് ഗുർബാസ് നേടിയത്.

ശേഷം മൂന്നാമനായി ക്രീസിലെത്തിയ റഹ്മത്തും അർദ്ധസെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. മത്സരത്തിന്റെ അവസാന സമയത്ത് അസ്മത്തുള്ളയുടെ വെടിക്കെട്ടും അഫ്ഗാനിസ്ഥാന് വലിയ സഹായമായി മാറി. 50 പന്തുകളിൽ 5 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 86 റൺസായിരുന്നു അസ്മത്തുള്ള നേടിയത്. ഇതോടെ മത്സരത്തിൽ ഒരു വമ്പൻ സ്കോറിലെത്താൻ അഫ്ഗാനിസ്ഥാന് സാധിച്ചു. നിശ്ചിത 50 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി നായകൻ ബവൂമയും ടോണി ഡി സോഴ്സയും കുറച്ചുസമയം ക്രീസിൽ പിടിച്ചുനിന്നു. ആദ്യ വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു.

എന്നാൽ പിന്നീടങ്ങോട്ട് വലിയ ബാറ്റിംഗ് ദുരന്തം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് സംഭവിച്ചത്. വമ്പൻ താരങ്ങളാരും മത്സരത്തിൽ മികവ് പുലർത്താതെ വന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു. കേവലം 134 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിൽ നേടാൻ സാധിച്ചത്. മറുവശത്ത് അഫ്ഗാനിസ്ഥാനായി റാഷിദ് ഖാൻ 5 വിക്കറ്റുകൾ സ്വന്തമാക്കി വമ്പൻ പ്രകടനം കാഴ്ചവച്ചു. 4 വിക്കറ്റുകൾ സ്വന്തമാക്കിയ ഖരോട്ടെ മികച്ച പിന്തുണയാണ് റാഷിദിന് നൽകിയത്. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഇതൊരു ചരിത്രവിജയമാണ്.

Previous articleരണ്ടാം ദിവസം ഇന്ത്യൻ ആധിപത്യം. കൂറ്റന്‍ ലീഡ് സ്വന്തമാക്കി ഇന്ത്യൻ കുതിപ്പ്.
Next article“റിഷഭ് പന്ത് എന്നേക്കാൾ നന്നായി ആക്രമിച്ച് കളിക്കുന്നു”, പ്രശംസകളുമായി ആദം ഗിൽക്രിസ്റ്റ്.