വിൻഡിസിനെതിരായ ആദ്യ ഏകദിനത്തിൽ ആധികാരിക വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 5 വിക്കറ്റുകളുടെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരുടെ മികച്ച ബോളിംഗ് പ്രകടനവും ഇഷാൻ കിഷന്റെ ബാറ്റിംഗ് മികവുമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഇത്ര വലിയ വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 1-0നു മുൻപിലെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇത് വളരെ മികച്ച തീരുമാനമാണ് എന്ന് തോന്നിക്കുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് സീമർമാർ നൽകിയത്. ആദ്യ വിക്കറ്റ് വീഴ്ത്തി ഹർദിക് പാണ്ഡ്യ കളം നിറഞ്ഞപ്പോൾ ബാക്കിയെല്ലാം ചടങ്ങുകളായി മാറുകയായിരുന്നു. വിൻഡീസ് നിരയിൽ 43 റൺസ് എടുത്ത ക്യാപ്റ്റൻ ഹോപ്പ് മാത്രമാണ് അല്പംമെങ്കിലും പിടിച്ചുനിന്നത്. ബാക്കിയെല്ലാവരും ഇന്ത്യൻ ബോളിംഗ് നിരയ്ക്ക് മുൻപിൽ മുട്ടുമടക്കുന്നതാണ് കാണാൻ സാധിച്ചത്. ഇന്ത്യയ്ക്കായി സ്പിന്നർമാർ കളം നിറഞ്ഞപ്പോൾ വിൻഡിസ് വിറച്ചു വീഴുകയായിരുന്നു.
അങ്ങനെ വെസ്റ്റിൻഡീസിന്റെ ഇന്നിംഗ്സ് 23 ഓവറുകളിൽ കേവലം 114 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 3 ഓവറുകളിൽ 2 മെയ്ഡനുകൾ അടക്കം 6 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. രവീന്ദ്ര ജഡേജ 6 ഓവറുകളിൽ 37 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളും സ്വന്തമാക്കി. ഇതോടെ മത്സരത്തിൽ ഇന്ത്യ പൂർണമായും ആധിപത്യം സ്ഥാപിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പരീക്ഷണങ്ങളോടെയാണ് തുടങ്ങിയത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇഷാൻ കിഷനും ശുഭമാൻ ഗില്ലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.
ശുഭമാൻ ഗിൽ(7) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും ഇഷാൻ കിഷൻ ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മത്സരത്തിൽ 46 പന്തുകൾ നേരിട്ട കിഷൻ 52 റൺസാണ് നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 25 പന്തുകളിൽ 19 റൺസ് നേടി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെയധികം ആധികാരികമായ വിജയമാണ് മത്സരത്തിൽ നേടിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ കൂടെ വിജയം നേടി പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ഇപ്പോൾ. എന്നിരുന്നാലും മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിക്കാതിരുന്നത് ആരാധകർക്ക് നിരാശ സമ്മാനിക്കുന്നുണ്ട്.