എന്തുകൊണ്ടാണ് പരീക്ഷണങ്ങള്‍ ?, മത്സരത്തിലെ ബാറ്റിംഗ് ഓർഡർ മാറ്റത്തെപ്പറ്റി രോഹിത്.

വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ 5 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ഇന്ത്യൻ സ്പിന്നർമാർക്കു മുൻപിൽ തകർന്നു വീഴുകുകയായിരുന്നു. കുൽദീപും ജഡേജയും ഏഴ് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ വിൻഡീസ് നിര കേവലം 114 റൺസിന് ഓൾഔട്ട് ആവുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഒരുപാട് സർപ്രൈസുകളുമായാണ് ഇന്ത്യ ഇറങ്ങിയത്.

ബാറ്റിംഗ് ഓർഡറിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇന്ത്യ ആദ്യ ഏകദിനത്തിൽ നടത്തിയത്. ഇന്ത്യയ്ക്കായി മത്സരത്തിൽ ഓപ്പൺ ചെയ്തത് ശുഭമാൻ ഗില്ലും ഇഷാൻ കിഷനുമായിരുന്നു. ശേഷം മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവും, നാലാം നമ്പരിൽ ഹർദിക് പാണ്ട്യയും അഞ്ചാം നമ്പരിൽ രവീന്ദ്ര ജഡേജയുമാണ് ക്രീസിലെത്തിയത്. രോഹിത് ശർമയും കോഹ്ലിയും മധ്യനിരയിലേക്ക് മാറുകയും ചെയ്തു. ബാറ്റിംഗ് ഓർഡറിൽ ഇത്തരത്തിൽ മാറ്റം വരുത്താനുള്ള കാരണത്തെപ്പറ്റി മത്സരശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ പറയുകയുണ്ടായി.

ടീമിലെ എല്ലാ താരങ്ങൾക്കും അവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ബാറ്റിംഗ് പൊസിഷൻ ക്രമീകരിച്ചത് എന്നാണ് രോഹിത് ശർമ പറഞ്ഞത്. “ഞങ്ങൾ എല്ലാ താരങ്ങൾക്കും കൃത്യമായി അവസരം കൊടുക്കണം എന്ന് ഉദ്ദേശിച്ചിരുന്നു. എന്നിരുന്നാലും മത്സരത്തിൽ 5 വിക്കറ്റുകൾ നഷ്ടപ്പെടുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. എന്നിരുന്നാലും എല്ലാവർക്കും ക്രീസിൽ അല്പസമയം ലഭിക്കുകയുണ്ടായി. ഈ യുവതാരങ്ങളൊക്കെയും ക്രീസിൽ അധികം സമയം ചിലവഴിക്കാൻ സാധിക്കാത്തവരായിരുന്നു.

വരും മത്സരങ്ങളിലും ഞങ്ങൾ ഇത്തരം കാര്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ഇതും തയ്യാറെടുപ്പുകളുടെ ഭാഗമാണ്.”- രോഹിത് ശർമ്മ പറഞ്ഞു.

“മത്സരത്തിൽ പിച്ച് ഇത്തരത്തിൽ ടേണ്‍ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല. മത്സരത്തിൽ ആദ്യം ബോൾ ചെയ്യണം എന്നത് ടീമിന്റെ ആവശ്യമായിരുന്നു. അത് നമുക്കു മുൻപിലേക്ക് ഒരു സ്കോർ വയ്ക്കും. എന്നാൽ തുടക്കത്തിൽ തന്നെ പിച്ച് ഇത്തരത്തിൽ പെരുമാറുമെന്ന് കരുതിയില്ല. സീമർമാർക്ക് ആവശ്യമായതൊക്കെയും പിച്ചിൽ നിന്ന് ലഭിക്കുന്നുണ്ടായിരുന്നു.

സ്പിന്നർമാർക്കും അനുകൂലമായി പിച്ച് മാറുകയുണ്ടായി. റൺസ് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും 114 റൺസിൽ വിൻഡീസിനെ ഒതുക്കാൻ സാധിച്ചത് വലിയ രീതിയിൽ പ്രശംസനീയമാണ്.”- രോഹിത് ശർമ്മ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് മുകേഷ് കുമാറിനെ പറ്റിയും രോഹിത് സംസാരിച്ചു. “മുകേഷ് വളരെ മികച്ച രീതിയിൽ തന്നെ പന്തെറിയുകയുണ്ടായി. അയാൾക്ക് ന്യൂ ബോളിൽ നല്ല രീതിയിൽ സിംഗ് കണ്ടെത്താൻ സാധിക്കും എന്ന് ടെസ്റ്റ് പരമ്പരയിൽ നിന്ന് തന്നെ വ്യക്തമായതാണ്. കൃത്യമായ പേസിൽ പന്തറിയാനും മുകേഷ് കുമാറിന് സാധിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ അയാൾക്ക് എന്താണ് സാധിക്കുന്നത് എന്ന് ഞങ്ങൾ കണ്ടെത്തേണ്ടിയിരുന്നു. മുൻപ് ഒരുപാട് മത്സരങ്ങളിൽ മുകേഷ് കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അയാളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.”- രോഹിത് പറഞ്ഞുവെക്കുന്നു.