അർഷദീപ്- ആവേഷ് പൂരം. ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഉജ്ജ്വല ബോളിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ പേസർമാർ. മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പൂർണ്ണമായും ചുരുട്ടി കെട്ടിയാണ് ഇന്ത്യൻ ബോളർമാർ മികവ് പുലർത്തിയത്. വളരെ പ്രതീക്ഷയോടെ ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക കേവലം 116 റൺസിന് ഓൾ ഔട്ടാവുന്നതാണ് മത്സരത്തിൽ കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഒരു ബാറ്റർമാർക്ക് പോലും ഇന്ത്യൻ പേസ് ബോളർമാരുടെ മുൻപിൽ പിടിച്ചുനിൽക്കാനായില്ല. ഇന്ത്യയ്ക്കായി അർഷദീപ് സിംഗും ആവേഷ് ഖാനും വെടിക്കെട്ട് പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ചവെച്ചത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പൂർണ്ണമായും ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് എന്ന ധാരണയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ ആദ്യ ഓവറുകളിൽ തന്നെ പിച്ച് ബോളിങ്ങിനെ അനുകൂലിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയുടെ മുൻനിര തകർന്നു വീണു.

റീസ ഹെൻട്രിക്സ്(0) വാൻ ഡർ ഡസൻ എന്നിവർ തുടക്കത്തിൽ തന്നെ മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. മറ്റൊരു ഓപ്പണറായ ടോണി ഡി സോഴ്സി മാത്രമാണ് അല്പസമയമേങ്കിലും ക്രീസിൽ പിടിച്ചു നിന്നത്. സോഴ്സി മത്സരത്തിൽ 22 പന്തുകളിൽ 28 റൺസ് നേടുകയുണ്ടായി

എന്നാൽ പിന്നാലെയെത്തിയ ബാറ്റർമാരൊക്കെയും ഇന്ത്യൻ പേസ് നിരയ്ക്ക് മുൻപിൽ മുട്ടു വിറക്കുന്നതാണ് കണ്ടത്. ഡേവിഡ് മില്ലർ അടക്കമുള്ളവർ ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും ആവേഷ് ഖാന്റെയും അർഷദീപിന്റെയും തീയുണ്ടകൾക്ക് മുൻപിൽ അടിപതറി വീഴുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക പൂർണമായും ബാറ്റിംഗിൽ പരാജയപ്പെട്ടു. മറുവശത്ത് ഇന്ത്യൻ പേസർമാർ തങ്ങൾക്കു ലഭിച്ച അവസരങ്ങളിലൊക്കെയും മികവ് പുലർത്തി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയും ഈ ദുരന്തത്തിന്റെ ഭാഗമായി മാറി.

മത്സരത്തിൽ കേവലം 116 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയിട്ടുള്ളത്. കേവലം 27.3 ഓവറുകൾ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റ് ചെയ്യാൻ സാധിച്ചുള്ളൂ. ഇന്ത്യയെ സംബന്ധിച്ച് വളരെ അഭിമാനം നൽകുന്ന പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. ഇന്ത്യക്കായി അർഷദീപ് സിംഗ് മത്സരത്തിൽ 5 വിക്കറ്റുകൾ നേടി.

ആവേഷ് ഖാനും മത്സരത്തിൽ 4 വിക്കറ്റുകൾ വീതം വീഴ്ത്തി മികവ് പുലർത്തുകയുണ്ടായി. യുവതാരങ്ങളുമായി മത്സരത്തിനിറങ്ങിയ ഇന്ത്യയെ സംബന്ധിച്ച് വളരെ ആശ്വാസകരമായ പ്രകടനമാണിത്. ബാറ്റിംഗിൽ കൂടി മികച്ച പ്രകടനം പുറത്തെടുത്ത് മത്സരത്തിൽ ശക്തമായ വിജയം നേടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്.

Previous articleപ്രോട്ടീസിനെ ഞെട്ടിച്ച് അർഷദീപ്. ആദ്യ ഓവറിൽ 2 വിക്കറ്റുകളുമായി സൂപ്പർ തുടക്കം.
Next articleദക്ഷിണാഫ്രിക്കയെ തൂക്കിയടിച്ച് ഇന്ത്യ. ആധിപത്യത്തോടെ 8 വിക്കറ്റ് വിജയം.