പ്രോട്ടീസിനെ ഞെട്ടിച്ച് അർഷദീപ്. ആദ്യ ഓവറിൽ 2 വിക്കറ്റുകളുമായി സൂപ്പർ തുടക്കം.

arshdeep 1

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു തട്ടുപൊളിപ്പൻ തുടക്കം നൽകി അർഷാദീപ് സിംഗ്. ദക്ഷിണാഫ്രിക്കയുടെ പ്രധാനപ്പെട്ട രണ്ട് ബാറ്റർമാരായ ഹെൻറിക്സിനെയും വാൻ ഡർ ഡസനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കുകയാണ് അർഷാദീപ് ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം നൽകിയത്.

ഈ വിക്കറ്റുകളോടെ മത്സരത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിച്ചെടുക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശേഷം ഇന്നിംഗ്സിന്റെ രണ്ടാം ഓവറിലാണ് അർഷാദീപ് ബോളിംഗ് ക്രീസിലെത്തിയത്.

ഓവറിലെ നാലാം പന്തിലാണ് ഹെൻറിക്സിനെ പുറത്താക്കി അർഷാദീപ് ആദ്യ വിപ്ലവം സൃഷ്ടിച്ചത്. ഓഫ് സ്റ്റമ്പിന് പുറത്ത് സ്ലോ ആയി വന്ന പന്ത് ഡ്രൈവ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഹെൻറിക്സ്. എന്നാൽ ഹെൻറിക്‌സിന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് കൃത്യമായി സ്റ്റമ്പിൽ പതിച്ചു.

8 പന്തുകൾ മത്സരത്തിൽ നേരിട്ടെങ്കിലും ഒരു പന്തിൽ പോലും ഹെൻറിക്സ് തന്റെ ഫ്ലോ പുലർത്തിയിരുന്നില്ല. മത്സരത്തിൽ പൂജ്യനായാണ് ഹെൻറിക്സ് കൂടാരം കയറിയത്. ഇതോടെ ഇന്ത്യക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് ലഭിച്ചു. തൊട്ടടുത്ത പന്തിൽ തന്നെയാണ് അർഷാദീപ് അടുത്ത വിക്കറ്റ് നേടി അത്ഭുതം തീർത്തത്.

See also  കൂകിവിളിച്ച ആരാധകരെ കൊണ്ട് കയ്യടിപ്പിക്കാൻ ഹർദിക്കിനറിയാം. പിന്തുണയുമായി ഇഷാൻ കിഷൻ.

ഓവറിലെ അഞ്ചാം പന്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രധാന ബാറ്ററായ വാൻ ഡർ ഡസനെ പുറത്താക്കാനും അർഷാദീപിന് സാധിച്ചു. ഒരു പ്രതിരോധ ഷോട്ടിന് ശ്രമിച്ച വാൻ ഡർ ഡസനെ സ്റ്റമ്പിന് മുൻപിൽ കുടുക്കുകയായിരുന്നു അർഷാദീപ്. ഫുള്ളായി വന്ന അർഷാദീപിന്റെ പന്ത് കൃത്യമായി സിംഗ് ചെയ്ത് വാൻ ഡർ ഡസന്റെ പാഡിൽ തട്ടുകയുണ്ടായി.

ഇന്ത്യയുടെ അപ്പീലിന് തൊട്ടുപിന്നാലെ അമ്പയർ അത് ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ ദക്ഷിണാഫ്രിക്ക ഇത് റിവ്യൂവിന് നൽകാൻ തീരുമാനിച്ചു. റിപ്ലൈകളിൽ കൃത്യമായി പന്ത് സ്റ്റമ്പിൽ പതിക്കുന്നത് ദൃശ്യമായിരുന്നു. ഇതോടെ വാൻ ഡർ ഡസൻ പൂജ്യനായി മടങ്ങുകയുണ്ടായി.

ഈ രണ്ടു വിക്കറ്റുകളോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ 3ന് 2 എന്ന നിലയിൽ തകരുകയും ചെയ്തിട്ടുണ്ട്. പൂർണ്ണമായും യുവ താരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിന് ഇറങ്ങിയിരിക്കുന്നത്. സായി സുദർശൻ മത്സരത്തിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നുണ്ട്.

കൂടാതെ ഋതുരാജ്, തിലക് വർമ, സഞ്ജു സാംസൺ തുടങ്ങിയ യുവ താരങ്ങളും ഇന്ത്യക്കായി മത്സരത്തിൽ അണിനിരക്കുന്നു. എന്തായാലും മത്സരത്തിൽ ഭേദപ്പെട്ട തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

Scroll to Top