കേരളത്തിന് പണികൊടുത്ത് റിങ്കു സിംഗ്. രഞ്ജി ട്രോഫിയിൽ ആദ്യ ദിനം ഉത്തർപ്രദേശിന്റെ ആധിപത്യം.

ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനം ആധിപത്യം നേടാനാവാതെ കേരളം. ആലപ്പുഴയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തർപ്രദേശ് ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 244 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. കേവലം 5 വിക്കറ്റുകൾ മാത്രമാണ് ആദ്യ ദിനം ഉത്തർപ്രദേശിന് നഷ്ടമായത്.

ഉത്തർപ്രദേശിനായി ആദ്യ ദിവസം റിങ്കൂ സിങ്ങും ധ്രുവ് ജൂറലുമാണ് മികവ് പുലർത്തിയത്. മത്സരത്തിന്റെ ആദ്യ ദിവസം മികച്ച തുടക്കമായിരുന്നു കേരളത്തിന് ലഭിച്ചിരുന്നത്. എന്നാൽ റിങ്കുവും ജൂറലും അവസാന സെഷനുകളിൽ തങ്ങളുടെ പ്രതിഭക്കൊത്ത് ഉയർന്നപ്പോൾ കേരളം പിന്നിലേക്ക് പോവുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഉത്തർപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് കേരള ബോളർമാർക്ക് ലഭിച്ചത്. തുടക്കത്തിൽ തന്നെ ഉത്തർപ്രദേശ് ഓപ്പണർ സമർത് സിംഗിനെ(10) പുറത്താക്കാൻ നിതീഷിന് സാധിച്ചു. പിന്നാലെ ഉത്തർപ്രദേശ് നായകൻ ആര്യൻ ജുയലിനെ(28) പുറത്താക്കി വൈശാഖ് ചന്ദ്രനും മികവ് പുലർത്തിയതോടെ കേരളം മത്സരത്തിലേക്ക് എത്തുകയായിരുന്നു. ഇങ്ങനെ മത്സരത്തിന്റെ ആദ്യ സമയങ്ങളിൽ കൃത്യമായി ആധിപത്യം കേരളം സ്ഥാപിച്ചു. 124ന് 5 എന്ന നിലയിൽ ഉത്തർപ്രദേശ് തകരുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷമാണ് വലിയൊരു തിരിച്ചുവരവ് നടത്തി ഉത്തർപ്രദേശ് കേരളത്തിനെ സമ്മർദ്ദത്തിലാക്കിയത്.

ഉത്തർപ്രദേശിനായി ആറാമതായി ക്രീസിലെത്തിയ റിങ്കൂ സിംഗ് ഒരു തകർപ്പൻ ഇന്നിങ്സ് കാഴ്ച വയ്ക്കുകയായിരുന്നു. കേരളത്തിന്റെ എല്ലാ ബോളർമാർക്കും എതിരെയും വളരെ സൂക്ഷ്മതയോടെ കളിക്കാൻ റിങ്കൂ സിംഗിന് സാധിച്ചു. ഒന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ റിങ്കു സിംഗ് നേടിയിരിക്കുന്നത് 103 പന്തുകളിൽ 71 റൺസ് ആണ്. 7 ബൗണ്ടറികളും 2 സിക്സറുകളും റിങ്കുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഒപ്പം ഏഴാമനായി ക്രീസിലെത്തിയ ധ്രുവ് ജൂറലും റിങ്കുവിന് മികച്ച പിന്തുണ നൽകി. 100 പന്തുകൾ നേരിട്ട ജൂറൽ 54 റൺസാണ് മത്സരത്തിൽ നേടിയത്.

ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 120 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തിട്ടുണ്ട്. ഇരുവരും ആദ്യ ദിവസം പുറത്താവാതെ നിൽക്കുന്നു എന്നതും ഉത്തർപ്രദേശിന് ആശ്വാസമാണ്. മറുവശത്ത് കേരളത്തിനായി എല്ലാ ബോളർമാരും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. പക്ഷേ റിങ്കുവും ജൂറലും ക്രീസിലുറച്ചതോടെ കേരളത്തിന്റെ ബോളിങ്‌ നിര പതറുന്നതാണ് കണ്ടത്. എന്നിരുന്നാലും രണ്ടാം ദിവസം ശക്തമായ ഒരു പ്രകടനത്തിലൂടെ തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കേരള ബോളർമാർ.

Previous articleഇത് ഞങ്ങളുടെ ടെസ്റ്റ്‌ ചരിത്രത്തിലെ “ഗോൾഡൻ വിജയം”. കേപ്ടൗൺ വിജയത്തെ പറ്റി രോഹിത് ശർമ.
Next articleഇന്ത്യ – പാക് മത്സരം ജൂൺ 9ന്. 2024 ലോകകപ്പ് ഷെഡ്യുൾ പ്രഖ്യാപിച്ച് ഐസിസി.