ഇന്ത്യ – പാക് മത്സരം ജൂൺ 9ന്. 2024 ലോകകപ്പ് ഷെഡ്യുൾ പ്രഖ്യാപിച്ച് ഐസിസി.

india vs pakistan

2024 ട്വന്റി20 ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ഐസിസി. 2024 ജൂൺ ഒന്നിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ പൂർണ്ണമായ വിവരങ്ങളാണ് ഐസിസി പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് 2024ലെ കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പ് നടക്കുന്നത്. ഇതുവരെയുള്ള ഫോർമാറ്റിൽ നിന്ന് വ്യത്യസ്തമായി 20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ അണിനിരക്കുന്നത്.

20 ടീമുകൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുന്നു എന്നത് ലോകകപ്പിന്റെ വീര്യം വർദ്ധിപ്പിക്കും. വമ്പന്മാർക്കൊപ്പം കുഞ്ഞൻ ടീമുകളും ഇത്തവണ ഗ്രൂപ്പുകളിൽ അണിനിരക്കുന്നുണ്ട്.

5 ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ നിൽക്കുന്നത്. അതേ ഗ്രൂപ്പിൽ തന്നെ പാകിസ്ഥാനും സ്ഥാനം പിടിച്ചിരിക്കുന്നു. ഇരു ടീമുകൾക്കും പുറമേ അമേരിക്ക, അയർലൻഡ്, കാനഡ എന്നിവരും ഗ്രൂപ്പ് എയിൽ ഉൾപ്പെടും. അതിനാൽ തന്നെ ഇന്ത്യ- പാകിസ്ഥാൻ മത്സരം തന്നെയാവും ഗ്രൂപ്പ് നിന്ന് എല്ലാവരും ഉറ്റുനോക്കുന്നത്.

ഗ്രൂപ്പ് ബിയിൽ ശക്തരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും അണിനിരക്കുന്നു. ഒപ്പം കുഞ്ഞൻ ടീമുകളായ നമിബിയ, സ്കോട്ടലൻഡ്, ഒമാൻ എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസിലാൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ എന്നീ വമ്പൻ ടീമുകളാണ് ഗ്രൂപ്പ് സിയിലുള്ളത്. ഇവർക്കൊപ്പം ഉഗാണ്ടയും പാപ്പുവ ന്യൂ ഗനിയയും മൂന്നാം ഗ്രൂപ്പിൽ ഉൾപ്പെടുന്നുണ്ട്.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ വമ്പൻ ടീമുകളാണ് ഗ്രൂപ്പ് ഡിയിലെ പ്രധാന ആകർഷണം. ഒപ്പം നെതർലൻഡ്സും നേപ്പാളും ഈ ഗ്രൂപ്പിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ജൂൺ അഞ്ചിന് അയർലണ്ടിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ശേഷം ജൂൺ 9ന് ബദ്ധവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ ന്യൂയോർക്കിൽ നേരിടും.

പിന്നീട് ജൂൺ 12ന് അമേരിക്കയ്ക്കെതിരെയും ജൂൺ 15ന് കാനഡയ്ക്കെതിരെയും ഇന്ത്യ കളിക്കും. ജൂൺ 1 മുതൽ 18 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്. ശേഷം ജൂൺ 19 മുതൽ 24 വരെ സൂപ്പർ 8 മത്സരങ്ങളും, ജൂൺ 26നും 27ഉം സെമിഫൈനൽ മത്സരവും നടക്കും. ജൂൺ 29നാണ് ലോകകപ്പിന്റെ ഫൈനൽ നടക്കുക.

വമ്പൻ ടീമുകൾക്കൊപ്പം ചെറിയ ടീമുകളും ഇത്തവണത്തെ ലോകകപ്പിൽ അണിനിരക്കുന്നത് വലിയൊരു പരീക്ഷണത്തിലേക്കാണ് വഴി വച്ചിരിക്കുന്നത്. ചെറിയ ടീമുകളെ സംബന്ധിച്ച് തങ്ങളുടെ മികവ് തെളിയിക്കാൻ ലഭിച്ചിരിക്കുന്ന വലിയ അവസരം തന്നെയാണ് ഇത്തവണത്തെ ലോകകപ്പ്. മറുവശത്ത്, വമ്പൻ ടീമുകളും കുഞ്ഞൻ ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരത്തിന്റെ ആവേശം നഷ്ടമാകുമോ എന്ന് ആശങ്കയും സംഘാടകർക്കുണ്ട്. എന്നിരുന്നാലും വലിയ മാറ്റങ്ങളോടെയുള്ള ഒരു ലോകകപ്പാണ് കടന്നു വരുന്നത്.

Scroll to Top