രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ മണ്ടത്തരങ്ങൾ കൊണ്ട് ആറാടി മുംബൈ നായകൻ ഹർദിക് പാണ്ഡ്യ. മത്സരത്തിൽ തുടർച്ചയായ 2 പന്തുകളിൽ റിവ്യൂ എടുത്ത് പരാജയപ്പെട്ടാണ് പാണ്ഡ്യ ചർച്ചാവിഷയം ആയിരിക്കുന്നത്. മത്സരത്തിലെ മുംബൈ ഇന്നിംഗ്സിന്റെ പത്തൊമ്പതാം ഓവറിലാണ് മണ്ടൻ തീരുമാനങ്ങളുമായി പാണ്ഡ്യ കളം നിറഞ്ഞത്.
ഓവറിലെ ആദ്യ പന്ത് ആവേഷ് ഒരു വൈഡ് യൊർക്കറാണ് എറിഞ്ഞത്. എന്നാൽ പന്ത് വരുന്ന സമയത്ത് പാണ്ഡ്യ ഓഫ് സ്റ്റമ്പിന് പുറത്താണ് നിന്നിരുന്നത്. അതിനാൽ തന്നെ ഓൺഫീൽഡ് അമ്പയർ ഇത് വൈഡ് കൊടുക്കാൻ തയ്യാറായില്ല. പക്ഷേ കൃത്യസമയത്ത് പാണ്ഡ്യ അത് റിവ്യൂവിന് വിടുകയുണ്ടായി.
എന്നാൽ റിപ്ലെ പരിശോധിച്ചപ്പോൾ ബോളർ പന്തെറിയുന്നതിന് മുൻപ് തന്നെ പാണ്ഡ്യ സ്റ്റമ്പിന് കുറുകെ നിന്നതായി കണ്ടു. ഇതോടെ മുംബൈക്ക് നിർണായകമായ ഒരു റിവ്യൂ നഷ്ടമായി. തൊട്ടടുത്ത പന്തിലാണ് ഇതിലും വലിയൊരു അബദ്ധം പാണ്ഡ്യ കാട്ടിയത്. ആവേഷ് എറിഞ്ഞ ഫുൾ ടോസ് കൃത്യമായി പാണ്ഡ്യയുടെ പാഡിൽ കൊള്ളുകയും അമ്പയർ അത് ഔട്ട് വിധിക്കുകയും ചെയ്തിരുന്നു. അത് ഔട്ടാണ് എന്ന് പൂർണബോധ്യം ഉണ്ടായിട്ടും പാണ്ഡ്യ വീണ്ടും റിവ്യൂ എടുക്കാൻ തീരുമാനിച്ചു. ഇതാണ് എല്ലാവരിലും വലിയ അൽഭുതമുണ്ടാക്കിയത്.
ശേഷം കൃത്യമായി അമ്പയർ റിപ്ലൈ പരിശോധിക്കുകയും ചെയ്തു. പന്ത് കൃത്യമായി പാണ്ഡ്യയുടെ സ്റ്റമ്പ് പിഴുതെറിയുന്നതാണ് കാണാൻ സാധിച്ചത്. ഇതോടെ ഹർദിക്ക് പുറത്താവുകയും ചെയ്തു. മത്സരത്തിൽ 10 പന്തുകൾ നേരിട്ട പാണ്ഡ്യ 10 റൺസാണ് നേടിയത്. മാത്രമല്ല നിർണായകമായ 2 റിവ്യൂകളും നശിപ്പിച്ച ശേഷമാണ് മുംബൈ നായകൻ കൂടാരം കയറിയത്.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കം തന്നെയായിരുന്നു മുംബൈയ്ക്ക് മത്സരത്തിൽ ലഭിച്ചത്. ഓപ്പണർമാരായ രോഹിത് ശർമ(6) ഇഷാൻ കിഷൻ(0) എന്നിവരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ മുംബൈയ്ക്ക് നഷ്ടമായി. ശേഷം സൂര്യകുമാർ യാദവും(10) കൂടാരം കയറിയതോടെ മുംബൈ വിയർത്തു.
എന്നാൽ നാലാമനായി ക്രീസിലെത്തിയ തിലക് വർമ മുഹമ്മദ് നബിക്കൊപ്പം സ്കോറിംഗ് റേറ്റ് ഉയർത്തുകയായിരുന്നു. തിലക് വർമ മത്സരത്തിൽ 45 പന്തുകളിൽ 65 റൺസാണ് നേടിയത്. ഒപ്പം യുവതാരം നേഹൽ വധേര മധ്യ ഓറുകളിൽ അടിച്ചുതകർത്തതോടെ മുംബൈ വമ്പൻ സ്കോറിലേക്ക് നീങ്ങി. 24 പന്തുകൾ നേരിട്ട വധേര 3 ബൗണ്ടറികളും 4 സിക്സറുകൾ അടക്കം 49 റൺസാണ് നേടിയത്. പക്ഷേ കൃത്യമായ രീതിയിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യുന്നതിൽ മുംബൈ പരാജയപ്പെടുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 179 റൺസ് ആണ് മുംബൈ സ്വന്തമാക്കിയത്.