ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പൂരം അവസാനിച്ചപ്പോള്‍ അടുത്തതായി വരാനിരിക്കുന്നത് സൗത്താഫ്രിക്കന്‍ – ഇന്ത്യ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് മുന്നോടിയായി ഇരു ടീമും പരിശീലനങ്ങള്‍ ആരംഭിച്ചു. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങിയ പലതാരങ്ങള്‍ക്കും ഇന്ത്യന്‍ സ്ക്വാഡില്‍ ഇടം ലഭിച്ചു. കെല്‍ രാഹുലാണ് ടീമിനെ നയിക്കുക. 9ാം തീയ്യതി ആരംഭിക്കുന്ന പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ഫിനിഷര്‍മാരുടെ റോളുകളില്‍ കാർത്തിക്, ഹാര്‍ദ്ദിക്ക് പാണ്ട്യ എന്നിവര്‍ എത്തിയതില്‍ സന്തോഷം രേഖപ്പെടുത്തിയ രാഹുല്‍ ദ്രാവിഡ്, പക്ഷേ ആരാകും ഫൈനല്‍ ഇലവനില്‍ ഇടം പിടിക്കുക എന്നത് വെളിപ്പെടുത്തിയില്ലാ. ” ദിനേശ് കാര്‍ത്തികിന്‍റെ റോള്‍ എന്താണ് എന്ന് വ്യക്തമാണ്. മത്സരത്തിന്‍റെ അവസാന നിമിഷം അദ്ദേഹത്തിനു വിത്യാസം വരുത്താന്‍ കഴിയും. അതുകൊണ്ടാണ് കാര്‍ത്തികിനെ തിരഞ്ഞെടുത്തത്. ” ദ്രാവിഡ് പറഞ്ഞു. ഹാര്‍ദ്ദിക്കില്‍ നിന്നും ബാറ്റിംഗ്, ബോളിംഗ്, ഫീല്‍ഡിങ്ങ് എന്നിവ പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.
ഇംഗ്ലണ്ട് പരമ്പര മുന്നില്‍ കണ്ട് സ്ഥിരം ക്യാപ്റ്റനായ രോഹിത് ശര്‍മ്മക്ക് വിശ്രമം നല്‍കിയിരുന്നു. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കേ പരമ്പരയില്‍ നിന്നും വിട്ടു നിന്നത് വിമര്‍ശനമായിരുന്നു. അതിനെ ന്യായീകരിച്ചും ഇന്ത്യന്‍ ഹെഡ് കോച്ച് എത്തി. ” രോഹിത് ഓൾ ഫോർമാറ്റ് കളിക്കാരനാണ്. എല്ലാവരും എല്ലായ്‌പ്പോഴും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത് ബുദ്ധിശൂന്യമാണ്. അവർ ഫിറ്റും ഫ്രഷും ആയിരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനാല്‍ നമ്മുടെ വമ്പൻ കളിക്കാർക്ക് വിശ്രമം നൽകേണ്ട സമയങ്ങളുണ്ടാകും ” ദ്രാവിഡ് പറഞ്ഞു.
കെല്‍ രാഹുലിന്‍റെ സ്ലോ ബാറ്റിംഗും പത്ര സമ്മേളനത്തില്‍ ചര്‍ച്ചയായി. ” ഞങ്ങൾ നല്ല തുടക്കങ്ങൾക്കായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ ടോപ്പ് 3 ഞങ്ങൾക്കറിയാം. ഉയർന്ന സ്‌കോറിംഗ് ഗെയിമുകളാണെങ്കിൽ, അവർ ആ സ്‌ട്രൈക്ക് റേറ്റ് ഉടനീളം നിലനിർത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ മറ്റ് ട്രിക്കി മത്സരങ്ങളും ഉണ്ടാകും. ഞങ്ങൾക്ക് മികച്ച നിലവാരമുള്ള ടോപ്പ് 3 ഉണ്ട്, ആർക്കൊക്കെ എന്തൊക്കെ നൽകാൻ കഴിയും എന്ന് ഹെഡ്കോച്ച് പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ (13 വിജയം) എന്ന റെക്കോഡ് ഇന്ത്യക്ക് സ്വന്തമാക്കാനുള്ള അവസരമുണ്ട്. ”ലോക റെക്കോർഡിനെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. അത്തരം സ്ഥിതിവിവരക്കണക്കുകൾ ഞങ്ങൾ ശ്രദ്ധിക്കുന്നില്ല. നന്നായി കളിച്ചാൽ ജയിക്കും, ഇല്ലെങ്കിൽ ജയിക്കില്ല. ” രാഹുല്‍ ദ്രാവിഡ് പറഞ്ഞു നിര്‍ത്തി.