ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേരിട്ടത്. എന്നാൽ മത്സരത്തിൽ ആരാധകരെ പൂർണമായും ആവേശത്തിലാക്കിയ ഇന്നിങ്സാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കാഴ്ചവെച്ചത്.
മത്സരത്തിൽ ചെന്നൈ വളരെ ദാരുണമായ സാഹചര്യത്തിൽ നിൽക്കുമ്പോൾ ക്രീസിലെത്തിയ ധോണി 9 പന്തുകളിൽ 28 റൺസാണ് നേടിയത്. ഇതോടെ ചെന്നൈയ്ക്ക് ഭേദപ്പെട്ട ഒരു സ്കോറിലെത്താൻ സാധിച്ചു. മഹേന്ദ്ര സിംഗ് ധോണിയുടെ ഈ ബാറ്റിംഗ് വെടിക്കെട്ട് തങ്ങളുടെ ടീമിലെ യുവ ബോളർമാർക്ക് വലിയ സമ്മർദ്ദമുണ്ടാക്കി എന്ന് മത്സരശേഷം ലക്നൗ നായകൻ രാഹുൽ പറയുകയുണ്ടായി.
ലക്നൗവിലെ ഏകനാ സ്റ്റേഡിയം ചില സാഹചര്യത്തിൽ മിനി ചെന്നൈ ആയി മാറുകയായിരുന്നു എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. മത്സരത്തിൽ 9 പന്തുകൾ നേരിട്ട ധോണി 3 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ ആയിരുന്നു 28 റൺസ് സ്വന്തമാക്കിയത്.
അവസാന ഓവറിൽ യാഷ് താക്കൂറിനെതിരെ ധോണി നേടിയ സിക്സർ 101 മീറ്റർ പിന്നിടുകയും ചെയ്തു. ശേഷമാണ് മത്സരത്തിൽ ധോണി ഉണ്ടാക്കിയ ഇമ്പാക്ടിനെ പറ്റി രാഹുൽ സംസാരിച്ചത്. ചെന്നൈയെ ഏതെങ്കിലും തരത്തിൽ 160 എന്ന ചെറിയ സ്കോറിൽ ഒതുക്കാമെന്നാണ് താങ്കൾ കരുതിയതെന്നും, എന്നാൽ ധോണിയുടെ ആക്രമണം തങ്ങളെ സമ്മർദ്ദത്തിലാക്കിയെന്നും രാഹുൽ പറയുന്നു.
“മത്സരത്തിന്റെ പാതിവഴിയിൽ 160 എന്ന സ്കോറിൽ ചെന്നൈയെ ഒതുക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതിയത്. അങ്ങനെയെങ്കിൽ ഞാൻ വലിയ സന്തോഷവാനാകുമായിരുന്നു. വിക്കറ്റ് ചില സമയങ്ങളിൽ സ്ലോയും ഗ്രിപ്പുള്ളതും ആയിരുന്നു.”
“എന്നാൽ മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തിയതോടെ സമ്മർദ്ദം പൂർണമായും ബോളർമാരിലേക്ക് എത്തി. എതിർ ടീമിലെ ബോളർമാരെ അടിച്ചൊതുക്കാനുള്ള കഴിവ് ഇപ്പോഴും ധോണിയ്ക്കുണ്ട്. മാത്രമല്ല ഗ്യാലറിയിൽ ഒത്തുകൂടിയ ആരാധകരും ധോണി വന്നതോടുകൂടി ആവേശത്തിലായി. ഇത് ഞങ്ങളുടെ യുവ ബോളർമാർക്ക് ഒരുപാട് സമ്മർദ്ദമുണ്ടാക്കി. മത്സരത്തിൽ ചെന്നൈയ്ക്ക് 15-20 റൺസ് അധികമായി സ്വന്തമാക്കാനും സാധിച്ചു.”- രാഹുൽ പറയുന്നു.
മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയെങ്കിലും ലക്നൗവിന്റെ അടുത്ത മത്സരവും ചെന്നൈയ്ക്കെതിരെയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. എന്നാൽ ചെന്നൈയിൽ നടക്കുന്ന മത്സരം ഇതിൽ നിന്ന് ഒരുപാട് വ്യത്യസ്തമായിരിക്കുമെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടുന്നത്.
“ചെന്നൈയിൽ കളിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു മത്സരം തന്നെയായിരിക്കും. ഇവിടെ ഞങ്ങൾ കളിച്ചത് ഒരു മിനി ചെന്നൈ സാഹചര്യത്തിൽ തന്നെയാണ്. ഞങ്ങൾ ഇപ്പോഴും യുവ നിരയാണ്. അതിനാൽ തന്നെ അത്ര വലിയ ജനപ്രളയത്തിന്റെ മുൻപിൽ കളിക്കാൻ സാധിക്കുന്നത് ഭാഗ്യമായി കണക്കാക്കുന്നു.”- രാഹുൽ കൂട്ടിച്ചേർത്തു.