ചെന്നൈയെ പൂട്ടിക്കെട്ടി ലക്നൗ. രാഹുൽ – ഡികോക്ക് പവറിൽ 8 വിക്കറ്റുകളുടെ വിജയം.

f517f847 a0b8 49a6 8949 bfff1987e814

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അനായാസ വിജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. മത്സരത്തിൽ 8 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്.

ഓപ്പണറായ ക്വിന്റൻ ഡികോക്കിന്റെയും നായകൻ രാഹുലിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ലക്നൗവിനെ വിജയത്തിൽ എത്തിച്ചത്. പൂർണ്ണമായും ചെന്നൈ ബോളിങ്‌ നിരയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടാണ് ലക്നൗ മത്സരത്തിൽ വിജയം നേടിയത്. ഈ സീസണിലെ ലക്നൗവിന്റെ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന് തരക്കേടില്ലാത്ത തുടക്കമാണ് രഹാനെ നൽകിയത്. എന്നാൽ ഓപ്പൺ രചിൻ രവീന്ദ്രയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ ചെന്നൈയ്ക്ക് നഷ്ടമായി. ശേഷം നായകൻ ഋതുരാജ് ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും 17 റൺസിൽ പുറത്താവുകയായിരുന്നു.

രഹാനെ മത്സരത്തിൽ 24 പന്തുകളിൽ 36 റൺസാണ് നേടിയത്. പിന്നീട് നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈ ഇന്നിംഗ്സിന്റെ നെടുംതൂണായത്. 40 പന്തുകൾ നേരിട്ട ജഡേജ 57 റൺസ് മത്സരത്തിൽ നേടുകയുണ്ടായി.

ശേഷം അവസാന ഓവറുകളിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ഒരു ബാറ്റിംഗ് വെടിക്കെട്ടാണ് കാണാൻ സാധിച്ചത്. തന്റെ പ്രതാപകാല ഫോമിനെ ഓർമിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ധോണി മത്സരത്തിൽ കാഴ്ചവച്ചത്. 9 പന്തുകൾ നേരിട്ട ധോണി 3 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 28 റൺസാണ് മത്സരത്തിൽ നേടിയത്.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

ഇങ്ങനെ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 176 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ലക്നൗവിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഡികോക്കും രാഹുലും പവർപ്ലെ ഓവറുകളിൽ തന്നെ ചെന്നൈക്ക് മേൽ കൃത്യമായ സമ്മർദ്ദം ചെലുത്തി.

ശേഷവും ഇരുവരും അടിച്ചുതകർത്തപ്പോൾ ലക്നൗ അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഓപ്പണർ ഡികോക്ക് 43 പന്തുകളിൽ 54 റൺസാണ് ടീമിനായി നേടിയത്. ആദ്യ വിക്കറ്റിൽ 134 റൺസിന്റെ കൂട്ടുകെട്ടാണ് ഡികോക്കും രാഹുലും ചേർന്ന് കെട്ടിപ്പടുത്തത്.

ഇതോടെ ലക്നൗ മത്സരത്തിൽ പൂർണ്ണമായ വിജയത്തിലേക്ക് നീങ്ങി. മത്സരത്തിൽ നായകൻ രാഹുൽ 53 പന്തുകളിൽ 82 റൺസാണ് ലക്നൗവിനായി സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ 9 ബൗണ്ടറികളും 3 സിക്സറുകളുമാണ് ഉൾപ്പെട്ടത്. ഇതോടെ ലക്നൗ മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയം നേടുകയായിരുന്നു.

Scroll to Top