ഹർദിക് പാണ്ഡ്യ ഗോൾഡൻ ഡക്ക്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്റെ അവസ്ഥ. വിമർശനവുമായി ആരാധകർ.

6352043129112 1714488781

2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ഉപ നായകനായ ഹർദിക് പാണ്ഡ്യ, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി മോശം പ്രകടനം തുടരുകയാണ്. ഇതുവരെ മുംബൈയ്ക്കായി ഓർത്തു വയ്ക്കാവുന്ന ഒരു പ്രകടനം പോലും പാണ്ഡ്യ പുറത്തെടുത്തിരുന്നില്ല.

ലക്നൗവിനെതിരായ മുംബൈയുടെ മത്സരത്തിലും പൂജ്യനായാണ് പാണ്ഡ്യ മടങ്ങിയത്. ഐപിഎല്ലിൽ ഉടനീളം വളരെ മോശം പ്രകടനങ്ങൾ പുറത്തെടുത്തിട്ടും പാണ്ഡ്യയെ ടീമിന്റെ ഉപനായകനായി നിശ്ചയിച്ചതിനെതിരെ ആരാധകർ വലിയ രീതിയിലുള്ള രോക്ഷം പ്രകടിപ്പിക്കുകയുണ്ടായി. ഇതിന് ശേഷമാണ് നിർണായ ഘട്ടത്തിൽ പൂജ്യനായി മടങ്ങി പാണ്ഡ്യ വീണ്ടും ചർച്ചാവിഷയം ആയിരിക്കുന്നത്.

ലക്നൗവിനെതിരായ മുംബൈയുടെ മത്സരത്തിൽ വളരെ നിർണായകമായ സമയത്തായിരുന്നു നായകൻ പാണ്ഡ്യ ക്രീസിലെത്തിയത്. മത്സരത്തിന്റെ ആറാം ഓവറിൽ 27 റൺസ് സ്വന്തമാക്കുന്നതിനിടെ മുംബൈയ്ക്ക് 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീട് ഹർദിക് പാണ്ഡ്യ ക്രീസിലുറച്ച് മുംബൈയെ ഉയർത്തിക്കൊണ്ടു വരുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഹർദിക് കൂടാരം കയറുകയുണ്ടായി. ഈ ഐപിഎല്ലിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഹർദിക്കിന് സാധിച്ചിട്ടില്ല. ഇപ്പോഴും ഹർദിക്ക് മോശം ഫോം തുടരുകയാണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനം.

മത്സരത്തിൽ നവീൻ ഉൾ ഹക്കിന്റെ പന്തിലായിരുന്നു ഹർദിക് പാണ്ഡ്യ കൂടാരം കയറിയത്. നവീന്റെ ഗുഡ് ലെങ്തിൽ വന്ന പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു പാണ്ഡ്യ. എന്നാൽ പാണ്ഡ്യയുടെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.

Read Also -  എന്തുകൊണ്ട് സഞ്ജു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് കീപ്പറാവണം? സ്പിന്നിനെതിരെയുള്ള റെക്കോർഡ് ഇങ്ങനെ..

മത്സരത്തിൽ ഒരു പന്ത് നേരിട്ട പാണ്ഡ്യയ്ക്ക് ഒരു റൺ പോലും നേടാൻ സാധിച്ചില്ല. ഇതോടെ മുംബൈക്ക് നിർണായകമായ നാലാം വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. മുംബൈ ക്യാമ്പിനെ മാത്രമല്ല ഇന്ത്യൻ ക്യാമ്പിനെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാണ്ഡ്യയിൽ നിന്ന് ഉണ്ടായിട്ടുള്ളത്.

ഇതുവരെ ഈ ഐപിഎല്ലിൽ 10 മത്സരങ്ങൾ പാണ്ഡ്യ കളിച്ചു കഴിഞ്ഞു. ഇതിൽ നിന്ന് കേവലം 197 റൺസ് മാത്രമാണ് പാണ്ഡ്യയ്ക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്. മാത്രമല്ല 4 വിക്കറ്റുകൾ മാത്രമാണ് ബോളിംഗിൽ പാണ്ഡ്യയുടെ സമ്പാദ്യം. ടീമിന്റെ നായകൻ എന്ന നിലയിലും ഇതുവരെ മോശം പ്രകടനം തന്നെയാണ് പാണ്ഡ്യ കാഴ്ച വെച്ചിട്ടുള്ളത്. ഇതിനോടകം തന്നെ 6 മത്സരങ്ങളിൽ മുംബൈ പരാജയമറിഞ്ഞു.

ഇത്തരമൊരു താരത്തെ ഇന്ത്യയുടെ ഉപനായകനായി ഉയർത്തിക്കൊണ്ട് വരുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇപ്പോൾ തന്നെ എത്തിക്കഴിഞ്ഞു. എന്തായാലും വരും മത്സരങ്ങളിൽ മികച്ച പ്രകടനത്തോടെ പാണ്ഡ്യ തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്.

Scroll to Top