എന്തുകൊണ്ട് സഞ്ജു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് കീപ്പറാവണം? സ്പിന്നിനെതിരെയുള്ള റെക്കോർഡ് ഇങ്ങനെ..

sanju and pant

2024 ട്വന്റി20 ലോകകപ്പിന് കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മെഗാ ടൂര്‍ണമെന്റ് ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും വലിയ പ്രശ്നങ്ങൾ തന്നെയാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിലനിൽക്കുന്നത്. ലോകകപ്പിനായി ഇന്ത്യ തെരഞ്ഞെടുത്ത സ്ക്വാഡിൽ ഉൾപ്പെടുന്നത് 2 വിക്കറ്റ് കീപ്പർമാരാണ്.

റിഷഭ് പന്തും സഞ്ജു സാംസണും. ഇതിൽ റിഷഭ് പന്തിന്റെ സ്പിന്നർമാർക്കെതിരെയുള്ള ഫോമാണ് വലിയ ചർച്ചാവിഷയം. ഇന്ത്യൻ പ്രീമിയർ ലീഗിലുടനീളം സ്പിന്നിനെതിരെ പതറുന്ന പന്തിനെയാണ് കാണാൻ സാധിക്കുന്നത്. മറുവശത്ത് സഞ്ജു സാംസൺ സ്പിന്നർമാർക്കെതിരെ അനായാസം ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജുവിനെ ഇന്ത്യ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറാക്കേണ്ടത് അത്യാവശ്യമാണ്.

ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചത് മുതൽ പന്തിനെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി കണ്ടു കൊണ്ടാണ് കാര്യങ്ങൾ മുൻപോട്ടു പോകുന്നത്. പക്ഷേ 2024 ഐപിഎൽ അതിന്റെ അവസാനത്തേക്ക് അടുക്കുമ്പോൾ സഞ്ജു സാംസൺ പന്തിന് മുകളിൽ വെടിക്കെട്ട് തീർക്കുകയാണ്. ഡൽഹിയ്ക്കെതിരായ മത്സരത്തിലും സഞ്ജുവിന്റെ വെടിക്കെട്ട് തന്നെയാണ് കാണാൻ സാധിച്ചത്.

46 പന്തുകൾ നേരിട്ട സഞ്ജു 86 റൺസ് മത്സരത്തിൽ നേടി. ഇതിനുശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററെ സംബന്ധിച്ചുള്ള കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. ലോകകപ്പിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സഞ്ജു സാംസനെ ഇന്ത്യ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്ന് പല മുൻ താരങ്ങളും പറയുന്നു.

Read Also -  46 പന്തില്‍ 86. റിഷഭ് പന്തിനെ കാഴ്ചക്കാരനാക്കി സഞ്ജു ഷോ.

ഇതിൽ പ്രധാനപ്പെട്ട കാര്യമായി എല്ലാവരും ഉയർത്തിക്കാട്ടുന്നത് പന്തിന്റെ സ്പിന്നർമാർക്ക് എതിരായ പ്രശ്നങ്ങളാണ്. പേസ് ബോളർമാർക്കെതിരെ പൂർണ്ണമായ ആക്രമണം അഴിച്ചുവിടാൻ പന്തിന് സാധിക്കുന്നുണ്ട്. പക്ഷേ സ്പിന്നിന് മുമ്പിൽ പന്ത് മുട്ടു വിറക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഈ ഐപിഎല്ലിൽ ഇതുവരെ 5 തവണയാണ് പന്ത് സ്പിന്നർമാർക്കെതിരെ പുറത്തായത്.

രാജസ്ഥാനെതിരായ മത്സരത്തിൽ ചാഹലിന്റെ പന്തിലായിരുന്നു പന്ത് പുറത്തായത്. ഇതുവരെ 11 ഇന്നിംഗ്സുകളിൽ നിന്ന് സ്പിന്നർമാർക്കെതിരെ 131 റൺസാണ് പന്ത് നേടിയിട്ടുള്ളത്. 5 തവണ സ്പിന്നർമാരുടെ ബോളിൽ ഋഷഭ് പന്ത് പുറത്താവുകയും ചെയ്തു. കേവലം 114 മാത്രമാണ് സ്പിന്നർമാർക്കെതിരെയുള്ള പന്തിന്റെ സ്ട്രൈക്ക് റേറ്റ്.

മറുവശത്ത് സഞ്ജു സാംസൺ എല്ലാ മത്സരങ്ങളിൽ സ്പിന്നർമാർക്കെതിരെ കൃത്യമായ പോരാട്ടം നയിക്കുന്നുണ്ട്. ഇതുവരെ ഈ ഐപിഎല്ലിൽ 142 റൺസാണ് സ്പിന്നർമാർക്കെതിരെ സഞ്ജു നേടിയിട്ടുള്ളത്. സഞ്ജുവിനെ ഒരുതവണ പോലും പുറത്താക്കാൻ സ്പിന്നർമാർക്ക് സാധിച്ചിട്ടുമില്ല. 149.5 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട് എന്നതുകൊണ്ട് തന്നെ സഞ്ജു സാംസണാണ് ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് കീപ്പറാവാൻ ഏറ്റവും യോഗ്യൻ.

Scroll to Top