2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം പ്രശ്നങ്ങൾ നേരിടുന്ന താരം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയാണ്. തന്റെ ടീമിനെ മികച്ച രീതിയിൽ നയിക്കാൻ പാണ്ഡ്യയ്ക്ക് കഴിഞ്ഞ മത്സരങ്ങളിൽ സാധിച്ചിരുന്നില്ല. മാത്രമല്ല വ്യക്തിപരമായ പ്രകടനങ്ങളിലും പാണ്ഡ്യ ഒരുപാട് പിന്നിലേക്ക് പോകുന്നതാണ് 2024 ഐപിഎല്ലിൽ കാണാൻ സാധിച്ചത്.
ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് കേവലം 26 റൺസ് ശരാശരിയിൽ 131 റൺസ് മാത്രമാണ് ഹർദിക് പാണ്ഡ്യയ്ക്ക് ഈ ഐപിഎല്ലിൽ നേടാൻ സാധിച്ചത്. ബോളിങ്ങിലും വളരെ അസ്ഥിരതയാർന്ന പ്രകടനമാണ് പാണ്ഡ്യ കാഴ്ച വെച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലേക്കുള്ള ഹർദിക് പാണ്ഡ്യയുടെ സെലക്ഷനെ സംബന്ധിച്ച് വലിയ രീതിയിലുള്ള അവ്യക്തതകളാണ് നിലനിൽക്കുന്നത്. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഇതുവരെ ബോളിങ്ങൽ മികവ് പുലർത്താൻ പാണ്ഡ്യയ്ക്ക് സാധിക്കാത്ത സാഹചര്യത്തിൽ ബിസിസിഐ വലിയ ആശയ കുഴപ്പത്തിലാണ്.
ഇന്ത്യൻ എക്സ്പ്രസ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ഹെഡ്കോച്ച് രാഹുൽ ദ്രാവിഡും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കറും നായകൻ രോഹിത് ശർമയും കഴിഞ്ഞ ആഴ്ച ബിസിസിഐ ഹെഡ് ക്വാർട്ടേഴ്സിൽ കണ്ടുമുട്ടിയിരുന്നു. ഹർദിക്കിന്റെ സെലക്ഷനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് മീറ്റിങ്ങിൽ കൂടുതലായി ചർച്ച ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്ഥിരമായി ഹർദിക് ബോൾ ചെയ്താൽ മാത്രമേ ഇന്ത്യയ്ക്ക് ഒരു ഓൾറൗണ്ടറായി ലോക ടീമിൽ ഉൾപ്പെടുത്താൻ സാധിക്കു എന്നാണ് മീറ്റിങ്ങിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതുവരെ ഈ ഐപിഎല്ലിൽ വ്യത്യസ്ത ഭാഗങ്ങളിലായി ഹർദിക് പന്തറിഞ്ഞിട്ടുണ്ട്. എന്നാൽ കൃത്യമായി ഒരു പൊസിഷൻ ഉണ്ടാക്കിയെടുക്കാൻ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടില്ല.
പവർപ്ലേ ഓവറുകളിൽ വളരെ മോശം പ്രകടനമാണ് ഹർദിക്കിൽ നിന്നുണ്ടായിട്ടുള്ളത്. ഇതുവരെ പവർപ്ലേയിൽ 4 ഓവറുകൾ പന്തറിഞ്ഞ ഹർദിക് 44 റൺസ് വിട്ടു നൽകി. മധ്യ ഭാഗത്ത് 6 ഓവറുകൾ പന്തറിഞ്ഞ ഹർദിക് 62 റൺസാണ് വിട്ടു നൽകിയത്. ഡെത്ത് ബോളർ എന്ന നിലയ്ക്ക് ഒരു ഓവറാണ് ഹർദിക് പന്തറിഞ്ഞത്. 26 റൺസും വിട്ടു നൽകുകയുണ്ടായി.
ഈ സാഹചര്യത്തിൽ ഒരു കാരണവശാലും ഹർദിക്കിനെ ഒരു ബോളർ എന്ന നിലയ്ക്ക് ടീമിൽ പരിഗണിക്കാനാവില്ല എന്നാണ് സെലക്ഷൻ കമ്മിറ്റി കരുതുന്നത്. അതിനാൽ തന്നെ ഹർദിക്കിന് പകരം ശിവം ദുബയുടെ പേരും സെലക്ഷനിൽ ഉയർന്നു കേൾക്കുന്നു. എന്നാൽ ദുബെയും ഇതുവരെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനായി ഈ സീസണിൽ ബോൾ ചെയ്തിട്ടില്ല.
ചെന്നൈക്കായി ഇത്തവണ വമ്പനടികൾ കൊണ്ട് കൂടാരം തീർത്ത ബാറ്ററാണ് ശിവം ദുബെ. സ്പിന്നർമാർക്കെതിരെ കൃത്യമായി ആധിപത്യം സ്ഥാപിക്കാനും ദുബെയ്ക്ക് സാധിക്കുന്നുണ്ട്. ഇത്തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ദുബെയെ ഇന്ത്യ തങ്ങളുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഉൾപ്പെടുത്തുകയാണെങ്കിൽ ഒരു പാർട്ട് ടൈം ബോളർ എന്ന നിലയ്ക്ക് കൂടിയാവും ദുബെ കളിക്കുക. ടീമിന് 4 ഓവറുകൾ പന്ത് നൽകാൻ സാധിക്കുന്ന ഓൾ റൗണ്ടറായി ദുബെയെ ഇന്ത്യ പരിഗണിക്കില്ല. എന്തായാലും ഹർദിക്കിന്റെ കാര്യവും വലിയ അനിശ്ചിതാവസ്ഥയിലാണ്.