“ഹർദിക്, ഇതൊക്കെ എന്ത് തരം തന്ത്രമാണ്? “. പാണ്ഡ്യയോട് ഗവാസ്കർ തുറന്ന് ചോദിക്കുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയത്തോടെയാണ് മുംബൈ ഇന്ത്യൻസ് ആരംഭിച്ചത്. വിജയിക്കാൻ വലിയ അവസരം ഉണ്ടായിരുന്ന മത്സരത്തിൽ മുംബൈയുടെ മധ്യനിര അവസരത്തിനൊത്ത് ഉയരാതെ വന്നതോടെയാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.

ഹർദിക് പാണ്ഡ്യ അടക്കമുള്ളവർ തങ്ങൾക്കാവും വിധം ശ്രമിച്ചെങ്കിലും മത്സരത്തിൽ 6 റൺസിന്റെ പരാജയം മുംബൈയ്ക്ക് നേരിടേണ്ടി വന്നു. എന്നാൽ മുംബൈയുടെ പരാജയത്തിന് ശേഷം ഒരുപാട് ചോദ്യങ്ങൾ നിഴലിക്കുകയുണ്ടായി. ഇതിൽ പ്രധാനപ്പെട്ട ഒരു ചോദ്യം റാഷിദ് ഖാന്റെ അവസാന ഓവറിൽ എന്തുകൊണ്ടാണ് തിലക് വർമ സിംഗിൾ നേടാൻ തയ്യാറാവാതെ ഇരുന്നത് എന്നാണ്.

നോൺ സ്ട്രൈക്കർ എൻഡിൽ അപകടകാരിയായ ടീം ഡേവിഡ് ബാറ്റ് ചെയ്യുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. റാഷിദിന്റെ പന്തിൽ സിംഗിൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും തിലക് വർമ അതിന് തയ്യാറായില്ല. റാഷിദിനെ ടിം ഡേവിഡിന് പേടിയായതിനാലാണോ തിലക് വർമ്മ സിംഗിൾ നേടി ഡേവിഡിന് സ്ട്രൈക്ക് നൽകാതിരുന്നത് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ അടക്കം ചോദിക്കുകയും ചെയ്തു.

തിലക് വർമയുടെ ഈ പ്രവർത്തിയും മുംബൈയുടെ പരാജയത്തിൽ വലിയൊരു പങ്കുവഹിച്ചു. ഇക്കാര്യത്തെപ്പറ്റി ഇന്ത്യൻ താരം സുനിൽ ഗവാസ്കർ നേരിട്ട് ഹർദിക് പാണ്ഡ്യയോട് ചോദിക്കുകയുണ്ടായി. അതിന് ഹർദിക് നൽകിയ ഉത്തരമാണ് വിചിത്രമായി മാറിയത്.

“ഹർദിക്, മത്സരത്തിൽ റാഷിദ് ഖാൻ ഒരു ഓവർ എറിഞ്ഞിരുന്നു. അവന്റെ അവസാന ഓവർ. ആ ഓവറിൽ കൃത്യമായി സിംഗിളുകൾ നേടാൻ തിലക് വർമ തയ്യാറായില്ല. ഇത്തരമൊരു പ്രവർത്തിക്ക് പിന്നിൽ മറ്റന്തെങ്കിലും തീരുമാനം ഉണ്ടായിരുന്നോ?”- ഗവാസ്കർ പാണ്ഡ്യയോട് ചോദിച്ചു. “പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെയില്ല. ആ സമയത്ത് അതാണ് മികച്ച ആശയം എന്ന് തിലകിന് തോന്നിയിട്ടുണ്ടാവും എന്നാണ് ഞാൻ കരുതുന്നത്. എന്തായാലും ഞാൻ അവനെ പൂർണ്ണമായും പിന്തുണക്കുന്നു. അതൊരു വലിയ പ്രശ്നമല്ല. ഇനിയും 13 മത്സരങ്ങൾ കൂടി വരാനിരിക്കുന്നു.”- പാണ്ഡ്യ പറഞ്ഞു.

മത്സരത്തിലെ പരാജയത്തിൽ ഹർദിക് പാണ്ഡ്യയുടെ പ്രതികരണം വളരെ നിർണായകമായിരുന്നു. അവസാന 5 ഓവറുകളിൽ മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 42 റൺസ് ആണ്. എന്നാൽ ഈ സമയത്ത് തങ്ങൾക്ക് ആവശ്യമായ മോമെന്റ്റം ലഭിച്ചില്ലെന്നും, അത് മത്സരത്തെ ബാധിച്ചു എന്നുമാണ് പാണ്ഡ്യ പറഞ്ഞത്.

വരും മത്സരത്തിൽ ഈ അവസ്ഥയിൽ നിന്ന് ശക്തമായി തിരിച്ചു വരാൻ സാധിക്കുമെന്ന പ്രതീക്ഷയും ഹർദിക് പാണ്ഡ്യ മുൻപോട്ട് വയ്ക്കുകയുണ്ടായി. ഇതിനിടെ മുംബൈ ടീമിലെ ആഭ്യന്തര പ്രശ്നങ്ങൾ എടുത്തുകാട്ടി ആരാധകരും രോക്ഷം പ്രകടിപ്പിക്കുന്നത് മുംബൈയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

Previous articleഅവസാന 5 ഓവറുകളിൽ പണികിട്ടി. അല്ലെങ്കിൽ ജയിച്ചേനെ എന്ന് പാണ്ഡ്യ.
Next articleമുംബൈ തോൽക്കാൻ കാരണം പാണ്ഡ്യയുടെ ആ മണ്ടൻ തീരുമാനം. ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ.