അവസാന 5 ഓവറുകളിൽ പണികിട്ടി. അല്ലെങ്കിൽ ജയിച്ചേനെ എന്ന് പാണ്ഡ്യ.

HARDIK 2024

ഗുജറാത്തിനെതിരായ തങ്ങളുടെ ഐപിഎൽ മത്സരത്തിൽ 6 റൺസിന്റെ പരാജയമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. കൊട്ടിഘോഷിച്ച് ഹർദിക് പാണ്ഡ്യയെ നായകനായി നിയമിച്ചങ്കിലും യാതൊരു തരത്തിലും മത്സരത്തിൽ ആധിപത്യം പുലർത്താൻ മുംബൈയ്ക്ക് സാധിച്ചിരുന്നില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറുകളിൽ 168 റൺസാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല മുംബൈയ്ക്ക് ലഭിച്ചത്. ഇഷാൻ കിഷന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായതോടെ മുംബൈയുടെ സ്കോറിങ് റേറ്റും കുറഞ്ഞു. എന്നാൽ അവസാന 5 ഓവറുകളിൽ കൃത്യമായി മൊമന്റം നേടിയെടുക്കാൻ സാധിക്കാതെ വന്നതാണ് പരാജയത്തിന് കാരണമായത് എന്ന് ഹർദിക് കൂട്ടിച്ചേർത്തു.

തങ്ങൾ വിചാരിച്ചതുപോലെ അവസാന 5 ഓവറുകളിൽ റൺസ് കണ്ടെത്താൻ സാധിച്ചില്ല എന്നാണ് ഹർദിക് പറഞ്ഞത്. മത്സരത്തിന്റെ അവസാന 5 ഓവറുകളിൽ ഒരുപാട് സമ്മർദ്ദം മുംബൈക്ക് മേൽ ഉണ്ടായിരുന്നു. തിലക് വർമ, ടീം ഡേവിഡ്, ഹർദിക് പാണ്ഡ്യ എന്നിവർ തങ്ങൾക്കാവുന്ന വിധം ശ്രമിച്ചെങ്കിലും മത്സരത്തിൽ 6 റൺസിന്റെ പരാജയം മുംബൈ ഏറ്റുവാങ്ങുകയായിരുന്നു.

“ആ 42 റൺ സ്വന്തമാക്കുക എന്നത് തന്നെയായിരുന്നു ഞങ്ങൾക്ക് മുൻപിലുള്ള ലക്ഷ്യം. എന്നാൽ സാധാരണ ദിവസങ്ങളിൽ റൺസ് കണ്ടെത്തുന്ന രീതിയിൽ ഞങ്ങൾക്ക് റൺസ് കണ്ടെത്താൻ സാധിച്ചില്ല. അവസാന 5 ഓവറുകളിൽ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നതുമില്ല. അവിടെ ഞങ്ങൾക്ക് മൊമെന്റം നഷ്ടമായതായി എനിക്ക് തോന്നി.”- ഹർദിക് പറഞ്ഞു.

Read Also -  രക്ഷയില്ല ഹാർദിക്കേ.. മുംബൈയ്ക്ക് സീസണിലെ ആറാം തോൽവി.. ഡൽഹിയുടെ വിജയം 10 റൺസിന്..

“ഇവിടേക്ക് തിരികെയെത്താൻ സാധിച്ചത് എനിക്ക് വലിയ സന്തോഷം നൽകുന്നു. കാരണം സാഹചര്യങ്ങൾ ആസ്വദിക്കാനും സന്തോഷിക്കാനും ഒരുപാട് അവസരം നൽകിയ സ്റ്റേഡിയമാണ് അഹമ്മദാബാദിലേത്. എല്ലായിപ്പോഴും ഇവിടെ കളിക്കുമ്പോൾ ഗ്യാലറി പൂർണമാണ്. മാത്രമല്ല നല്ല മത്സരങ്ങളാണ് ഇവിടെ ഉണ്ടാകാറുള്ളത്.”- ഹർദിക് കൂട്ടിച്ചേർത്തു.

ഒപ്പം അവസാന ഓവറുകളിൽ തിലക് വർമ ടീം ഡേവിഡിന് സ്ട്രൈക്ക് നൽകാത്തതിനെ പറ്റിയും പാണ്ഡ്യ വാചാലനായി. അവസാന ഓവറുകളിൽ റാഷിദിനെ ഭയന്ന് തിലക് വർമ ഡേവിഡിന് സ്ട്രൈക്ക് നൽകാതെ ഇരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ താൻ തിലകിനെയാണ് പിന്തുണയ്ക്കുന്നത് എന്ന് ഹർദിക് പറയുകയുണ്ടായി.

“ആ സമയത്ത് അതാണ് മികച്ച ആശയം എന്ന് തിലക് വർമ ചിന്തിച്ചിട്ടുണ്ടാവും എന്നാണ് ഞാൻ കരുതുന്നത്. എന്തായാലും അക്കാര്യത്തിൽ അവനെ ഞാൻ പൂർണമായും പിന്തുണയ്ക്കുകയാണ്. ഇതൊരു വലിയ പ്രശ്നമല്ല. 13 മത്സരങ്ങൾ ഇനിയും വരാനുണ്ട്.”- ഹർദിക് പാണ്ഡ്യ പറഞ്ഞു വയ്ക്കുന്നു. ബുധനാഴ്ച ഹൈദരാബാദ് ടീമിനെതിരെയാണ് മുംബൈയുടെ ഈ എഡിഷനലിലെ രണ്ടാം മത്സരം നടക്കുന്നത്. മത്സരത്തിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തി ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ ടീം.

Scroll to Top